പഴഞ്ചൻ കല്യാണ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുന്നതാണ് ന്യൂ ജനറേഷൻ കല്യാണം. അതിഥികളെ ക്ഷണിക്കുന്നത് മുതൽ‌ വരന്റെയും വധുവിന്റെയും വിവാഹവേദിയിലേക്കുള്ള ആഗമനം വരെ വ്യത്യസ്തമായിരിക്കും. വധു വരന്മാരുടെ സുഹൃത്തുക്കളുടെ വക സർപ്രൈസുകൾ വേറെ. അതിഥികളിൽ കൗതുകമുണർത്തുകയും രസിപ്പിക്കുകയുമൊക്കെ ചെയ്യുമെങ്കിലും പലപ്പോഴും ഇത്തരം ആഘോഷങ്ങൾ അതിരു കടന്ന് പോകാറുണ്ട്.

വരനും വധുവിനും ‘പണി’ കൊടുക്കാനായി കൂട്ടുകാർ ഒരുക്കുന്ന വിദ്യകൾ അതിഥികൾക്കും വീട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുകയും സകലസീമകളും ലംഘിക്കുന്ന ആഭാസത്തരങ്ങളായി മാറുകയും ചെയ്യാറുണ്ട്. വരനെ കൂട്ടുകാര്‍ ശവപ്പെട്ടിയില്‍ കൊണ്ടുപോവുന്ന കല്യാണ കാഴ്ച കഴിഞ്ഞയാഴ്ച വൈറലായി മാറിയിരുന്നു. യാത്രയ്ക്കിടയിൽ വരൻ ഇടയ്ക്കിടെ എഴുന്നേറ്റ് ശവപ്പെട്ടിയിൽ ഇരുന്നുകൊണ്ട് നാട്ടുകാരെ കൈവീശി കാണിക്കും. കല്യാണച്ചെക്കന്റെ ശവപ്പെട്ടി യാത്ര കാണാൻ റോഡിനിരുവശവും നാട്ടുകാർ തടിച്ചുകൂടിയിരുന്നു. കണ്ണൂരില്‍ നിന്നുളള ഈ സംഭവം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.

എന്നാല്‍ മറ്റൊരു വിവാഹ കാഴ്ചയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഇതില്‍ വരനും വധുവും ബസിലാണ് യാത്ര ചെയ്യുന്നത്. വരന്റെ വീട്ടുകാര്‍ ഒരുക്കി വച്ച വാഹനങ്ങള്‍ അവഗണിച്ച് ഇരുവരേയും സ്വകാര്യ ബസില്‍ കയറ്റി വിടുകയാണ് സുഹൃത്തുക്കള്‍ ചെയ്യുന്നത്. മണവാളനും മണവാട്ടിയും യാത്ര ചെയ്യുന്നത് കൗതുകത്തോടെയാണ് ബസ് യാത്രക്കാര്‍ നോക്കുന്നത്. വരന്റെ വീടിന്റെ മുമ്പിലാണ് പിന്നീട് ബസ് നിര്‍ത്തുന്നത്. ഇരുവരും കാല്‍നടയായി വീട്ടിലേക്ക് പോവുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ വരന്റെ സുഹൃത്തുക്കള്‍ തന്നെയാണ് സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്. തിരുവനന്തപുരത്ത് നിന്നാണ് ഈ കല്യാണ കാഴ്ചയെന്നാണ് സ്ഥിരീകരിക്കാനാവാത്ത വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook