ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയ ഒരു പെണ്‍കുട്ടിക്ക് പിന്നാലെയാണ്. പൂരപ്പറമ്പ് ആണുങ്ങള്‍ക്ക് മാത്രമല്ല പെണ്‍കുട്ടികള്‍ക്കും അവകാശപ്പെട്ടതാണെന്ന് പറഞ്ഞു കൊണ്ട് ചെണ്ട മേളത്തിന്റെ താളത്തിനൊത്ത് തുള്ളിച്ചാടുന്ന പെണ്‍കുട്ടിയുടെ പിന്നാലെ. പച്ചയുടുപ്പിട്ട് ചുറ്റുമുള്ളതിനെയൊന്നും കാര്യമാക്കാതെ അവള്‍ തുള്ളിച്ചാടുമ്പോള്‍ അത് സ്വാതന്ത്ര്യത്തിന്റെ ആനന്ദ നൃത്തമായി മാറുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ആരോ അപ്പ്‌ലോഡ് ചെയ്ത വീഡിയോ കേരളക്കരയാകെ നെഞ്ചേറ്റി. വികാരങ്ങളേയും ആഗ്രഹങ്ങളേയും ഉള്ളിലൊതുക്കിയല്ല, ജീവിതം ആസ്വദിച്ചു വേണം പെണ്‍കുട്ടികള്‍ വളരാന്‍ എന്ന് ആഗ്രഹിക്കുന്നവരെല്ലാം ആ വീഡിയോ ഷെയര്‍ ചെയ്തു. വീഡിയോ വൈറലായതോടെ ആരാണ് ഈ പെണ്‍കുട്ടി എന്നായി എല്ലാവരുടേയും അന്വേഷണം. ആ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്.
അവളുടെ പേര് പാര്‍വ്വതി. അടൂർ സ്വദേശി. പഠിക്കുന്നത് 9-ാം ക്ലാസില്‍. ആനയടി നരസിംഹ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന ചെണ്ട മേളത്തിന്റെ ആവേശത്തിലായിരുന്നു പാര്‍വ്വതി സര്‍വ്വം മറന്നാടിയത്. പാര്‍വ്വതിക്ക് നന്ദി പറഞ്ഞു കൊണ്ട് ആനയടി പൂരം ഫെയ്‌സ്ബുക്ക് പേജില്‍ പാര്‍വ്വതിയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.