അമ്മയും മകനും തമ്മിലുളള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ഒരു പാക് പരസ്യ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തിരക്കിട്ട ജീവിതത്തിൽ മക്കളെ ശ്രദ്ധിക്കാൻ കഴിയാതെ പോകുന്ന അമ്മമാർക്ക് വേണ്ടിയുളളതാണ് ഈ പരസ്യം. അമ്മയുടെ തിരക്ക് മക്കൾക്ക് മനസ്സിലാക്കി കൊടുക്കാനും ആ തിരക്കിട്ട ജീവിതത്തിലും മക്കളോടുളള സ്നേഹം എങ്ങനെ പ്രകടിപ്പിക്കാമെന്നും കാണിച്ചു തരുന്നതു കൂടിയാണീ പരസ്യം.

ഡോക്ടറായ അമ്മയും സ്കൂളിൽ പഠിക്കുന്ന മകനും തമ്മിലുളള സ്നേഹബന്ധമാണ് പരസ്യത്തിൽ കാണിക്കുന്നത്. സ്കൂളിലേക്ക് പോകാൻ റെഡിയായിരിക്കുന്ന മകൻ എന്തോ അമ്മയോട് പറയാൻ ശ്രമിക്കുന്നു. പക്ഷേ ജോലിക്ക് പോകാനുളള ധൃതിയിൽ അമ്മയ്ക്ക് അത് കേൾക്കാൻ സമയം കിട്ടുന്നില്ല. മകന് സ്കൂളിലേക്ക് കൊണ്ടുപോകാനുളള ഭക്ഷണം എടുത്തുനൽകി മകന്റെ തലയിൽ ചുംബിച്ചിട്ട് അവർ ജോലിക്ക് പോകുന്നു. താൻ പറയുന്നത് കേൾക്കാൻ സമയമില്ലാത്ത അമ്മയോടുളള ദേഷ്യവും സങ്കടവും കടിച്ചമർത്തി ആ കുട്ടി സ്കൂളിലേക്ക് പോകുന്നു.

സ്കൂളിൽ ഭക്ഷണം കഴിക്കാൻ നേരത്ത് അവന് വേണ്ടി വീട്ടിൽനിന്നും ഒരു ലഞ്ച് ബോക്സ് എത്തുന്നു. അതിൽ കേക്കിന്റെ ഒരു പാക്കറ്റ് ഉണ്ടായിരുന്നു. കൂടെ ഒരു കുറിപ്പും. അതിൽ അമ്മ ഇങ്ങനെ എഴുതിയിരുന്നു, ”അയാൻ, നിന്റെ വാക്കുകൾ കേൾക്കാൻ എനിക്ക് സമയമില്ലെന്ന് നീ കരുതരുത്, നിനക്ക് എപ്പോൾ എന്താണ് വേണ്ടതെന്ന് അമ്മയ്ക്ക് നന്നായി അറിയാം”. പിന്നെ അമ്മയും മകനും തമ്മിലുളള ആശയവിനിമയം മുഴുവൻ കത്തുകളിലൂടെയാണ്. കളളത്തരം കാട്ടിയാൽ അത് തിരുത്തണമെന്നും, വഴക്കുണ്ടാക്കിയാൽ സോറി പറയണമെന്നും അമ്മ കത്തിലൂടെ മകനെ പഠിപ്പിക്കുന്നു.

ഒരു ദിവസം മകൻ അമ്മയ്ക്ക് ഒരു സർപ്രൈസ് നൽകുന്നു. ലഞ്ച് ബോക്സ് തുറക്കുന്ന അമ്മ കാണുന്നത് പകുതി കഷ്ണം കേക്കും ഒപ്പം ഒരു കുറിപ്പും. ‘അമ്മയല്ലേ പറഞ്ഞിട്ടുളളത്, ഷെയർ ചെയ്യുമ്പോഴാണ് മധുരം ഇരട്ടിക്കുന്നതെന്ന്” കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ