ഈയടുത്താണ് എല്ലാവരേയും ഒന്നടങ്കം അസൂയാലുവാക്കുന്ന മുടിയഴകോടെ 6 മാസം മാത്രം പ്രായമുളള ഒരു കുട്ടി വാര്‍ത്തകളില്‍ നിറഞ്ഞത്. ജപ്പാനില്‍ നിന്നുളള ചാന്‍സോ എന്ന കുട്ടി തന്റെ മുടി കാരണം ലോകപ്രശസ്തയായി മാറി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചാന്‍സോവിന്റെ അഴകാര്‍ന്ന മുടി ലോകം മുഴുവന്‍ കണ്ടത്. നിറയെ മുടികളുമായി തന്നെയാണ് ചാന്‍സോ ജനിച്ചത്. ആറ് മാസത്തിനുളളില്‍ തല നിറയെ ഭംഗിയുളള മുടി വളരുകയും ചെയ്തു.
ചിത്രങ്ങള്‍ വൈറലായി മാറിയതോടെ ചാന്‍സോയെ ആയിരക്കണക്കിന് പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തത്. 2017 ഡിസംബറിലാണ് ചാന്‍സോ ജനിച്ചത്. കുട്ടിയുടെ വിവിധ തരത്തിലുളള ചിത്രങ്ങള്‍ അമ്മയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത്. പതിനായിരക്കണക്കിന് ലൈക്കുകള്‍ ഓരോ ചിത്രങ്ങള്‍ക്കും ലഭിക്കുന്നുമുണ്ട്. ജനിതകമായ കാരണങ്ങളാണ് കുട്ടി ചാന്‍സോയ്ക്ക് ഇത്രയും മുടി സമ്മാനിച്ചതെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. എന്നാല്‍ ചാന്‍സോയ്ക്ക് ശേഷം മുടി അഴക് കൊണ്ട് മറ്റൊരു കുട്ടിയെ ആണ് സോഷ്യൽ മീഡിയ തലോലിക്കുന്നത്.
5 വയസുകാരിയാണ് തന്റെ മുടി അഴക് കൊണ്ട് 55,000ത്തില്‍ അധികം ഫോളോവേഴ്സിനെ ഇന്‍സ്റ്റഗ്രാമില്‍ നേടിയത്. ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്നുളള മിയ അഫാലോ എന്ന കുട്ടിയാണ് ഇന്‍സ്റ്റഗ്രാമില്‍ താരമാവുന്നത്. പ്രായത്തിലും കവിഞ്ഞ മനോഹരമായ നീണ്ട മുടി കാരണം 5 വയസുകാരി ബ്രിട്ടീഷ് മാസികയായ വോഗിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മനോഹരമായ നീണ്ടതും തിങ്ങിയതുമായ കുട്ടിയുടെ മുടി കണ്ടാല്‍ ആരുമൊന്ന് അമ്പരന്ന് നിന്നു പോകും. ഇത്ര ചെറുപ്പത്തിലേ തന്നെ കുട്ടി നിരവധി ആരാധകരെയാണ് മുടിയയഴക് കൊണ്ട് ഉണ്ടാക്കിയെടുത്തത്. എന്നാല്‍ ചിലര്‍ കുട്ടിയുടെ പ്രശസ്തിയെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്. പ്രശസ്തിക്കും പണത്തിനും വേണ്ടി 5 വയസുകാരിയെ മാതാവ് ഉപയോഗിക്കുന്നുവെന്നാണ് ഇത്തരക്കാര്‍ വാദിക്കുന്നത്. കളിക്കേണ്ട പ്രായത്തില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കൊണ്ട് ശ്വാസം മുട്ടുകയാണ് കുട്ടിയെന്നാണ് ഇവരുടെ പക്ഷം. മിയയുടെ മാനസിക വളര്‍ച്ചയേയും ഇത് ബാധിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ മറ്റുളളവര്‍ കുട്ടിയേയും രക്ഷിതാക്കളേയും അഭിനന്ദിച്ചാണ് രംഗത്തെത്തിയത്. വളരുമ്പോള്‍ തന്നെ കുട്ടിയില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ഇത് സഹായിക്കുമെന്നാണ് ഇവരുടെ പക്ഷം. ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടിയിലും മിയയുടെ പ്രശസ്തി സോഷ്യൽ മീഡിയയില്‍ ദിനംപ്രതി ഉയരുകയാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook