ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ അവതാരകനായി എത്തിയ ടെലിവിഷൻ ക്വിസ് പരിപാടിയായിരുന്നു കോൻ ബനേഗാ ക്രോർപതി. 2001ലാണ് പരിപാടിയിൽ പങ്കെടുത്ത രവി മോഹൻ സൈനി എന്ന 14 കാരൻ ബച്ചന്റെ ചോദ്യങ്ങൾക്ക് ശരിയുത്തരം പറഞ്ഞ്, കോടിപതിയായത്. അന്നത്ത് ആ പതിനാലുകാരൻ ഇന്ന് ഗുജറാത്തിലെ പോർബന്തറിലെ എസ്.പിയായി ചുമതലയേറ്റിരിക്കുകയാണ്.

ഗുജറാത്ത് കേഡറിലെ 2014 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രവി മോഹൻ (33) ബുധനാഴ്ചയാണ് ചുമതലയേറ്റത്. ഇതിനുമുമ്പ് അദ്ദേഹം രാജ്കോട്ട് സിറ്റി പൊലീസ് സോൺ 1 ഡെപ്യൂട്ടി കമ്മീഷണറായിരുന്നു.

നടൻ അമിതാഭ് ബച്ചൻ ആതിഥേയത്വം വഹിച്ച പരിപാടിയിൽ പങ്കെടുക്കുമ്പോൾ പത്താം ക്ലാസിലായിരുന്നു രാജസ്ഥാനിലെ അൾവാർ സ്വദേശിയായ രവി മോഹൻ, തുടർച്ചയായി 15 ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം നൽകി ഒരു കോടി രൂപ നേടുന്ന ആദ്യ വിജയിയായി ഇദ്ദേഹം.

വിശാഖപട്ടണം, മുംബൈ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ജയ്പൂരിലെ മഹാത്മാഗാന്ധി മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് നേടി. പിതാവ് നാവിക സേന ഉദ്യോഗസ്ഥനായിരുന്നതിനാല്‍ വിശാഖപട്ടണത്തെ നേവൽ പബ്ലിക് സ്കൂളിൽ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് കോന്‍ ബനേഗാ ക്രോര്‍പതി ജൂനിയറില്‍ സൈയ്നി പങ്കെടുത്തത്. പിതാവിന്റെ പ്രചോദനമാണ് താൻ പോലീസ് സേനയിൽ ചേരാൻ കാരണമെന്ന് അദ്ദേഹം പറയുന്നു.

2013 ലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ 461ാം റാങ്ക് നേടിയാണ് ഇദ്ദേഹം ഗുജറാത്ത് കേഡറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook