കോഴിക്കോട്: വർഷങ്ങൾക്ക് മുൻപ് മോഷ്ടിച്ച സ്വർണം തിരികെ നൽകി ഒരു കള്ളൻ. കോഴിക്കോട് പയ്യോളിയിലെ ഇരിങ്ങത്താണ് സംഭവം. ഒമ്പത് വർഷങ്ങൾക്ക് മുൻപ് ഒരു വീട്ടിൽ നിന്നും മോഷ്ടിച്ച സ്വർണമാണ് മാപ്പപേക്ഷയോടൊപ്പം കള്ളൻ തിരികെ വീട്ടിൽ എത്തിച്ചിരിക്കുന്നത്.
വീടിന്റെ അലമാരയിൽ നിന്നും ഒമ്പത് വർഷങ്ങൾക്ക് മുൻപാണ് ഏഴേകാൽ പവന്റെ മാല നഷ്ടപെട്ടത്. മോഷണത്തിന്റെ ലക്ഷണമൊന്നും കാണാതിരുന്നതിനാൽ മാല കളഞ്ഞുപോയതാകാം എന്ന ചിന്തയിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നില്ല. അങ്ങനെ ഇനി തിരിച്ചു കിട്ടില്ല എന്ന ചിന്തയിൽ പതിയെ മറന്ന് തുടങ്ങിയ മാലയാണ് കഴിഞ്ഞ ദിവസം തിരികെ ലഭിച്ചത്.
രാവിലെ വീടിന്റെ ജനലിൽ കടലാസു പൊതി കണ്ട് വീട്ടുകാർ തുറന്നു നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട അതേ രൂപത്തിലുള്ള സ്വർണമാലയും കുറിപ്പും കണ്ടത്. ‘കുറച്ച് വർഷങ്ങൾക്ക് മുൻപ് നിങ്ങളുടെ വീട്ടിൽ നിന്നും ഇങ്ങനെ ഒരു സ്വർണാഭരണം അറിയാതെ ഞാൻ എടുത്തു പോയി. അതിന് പകരമായി ഇത് സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം’, എന്നായിരുന്നു കുറിപ്പിൽ.
നഷ്ടപ്പെട്ടത് ഏഴേകാൽ പാവനാണെങ്കിൽ കളളൻ തിരികെ നൽകിയത് ഏഴ് പവന്റെ മാലയാണ്. എന്നാൽ ഇനി ഒരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയതിന്റെ ആഹ്ളാദത്തിലാണ് കുടുംബം.
Also read: രണ്ടു സെന്റിലൊരു കൊട്ടാരം; സോഷ്യൽ മീഡിയയിൽ ഹിറ്റായി മഞ്ജുക്കുട്ടന്റെ വീട്