അർധരാത്രി കഷ്ടപ്പെട്ട് വാതിലും തകർത്ത് മോഷ്ടിക്കാൻ കേറിയിട്ട് ഒന്നും കിട്ടിയില്ലെങ്കിൽ ഏതൊരു കള്ളനും ദേഷ്യം വരും. എന്നാലും അവിടെ നിന്ന് വേഗം തടി തപ്പാനാകും ശ്രമം. പക്ഷെ തൃശൂർ കുന്നംകുളത്തെ ഒരു കള്ളൻ തന്റെ നിരാശ പ്രകടിപ്പിച്ചു കൊണ്ടാണ് സ്ഥലം വിട്ടത്.
കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലാണ് കള്ളൻ കഴിഞ്ഞ ദിവസം രാത്രി ‘ഡ്യൂട്ടി’ എടുത്തത്. ആദ്യം രണ്ടു കടകളിൽ കയറി കുറച്ചു പണമൊക്കെ കയ്യിലാക്കി മൂന്നാമത്തെ കടയിൽ കേറിയപ്പോഴാണ് നിരാശനായത്. ചില്ലു കൊണ്ടുള്ള ഗ്ലാസ് ഡോറും തകർത്ത് കടയ്ക്കുളിൽ കയറി മേശവലിപ്പ് തുറന്ന് അതിനുള്ളിൽ പണം തപ്പിയെങ്കിലും ഒരു നയാപൈസ പോലും ലഭിച്ചില്ല.
അവിടെ ഉണ്ടായിരുന്ന പുസ്തകങ്ങൾക്ക് ഉള്ളിൽ വരെ പരതി നോക്കിയിട്ടും ഒന്നും കിട്ടാതെ വന്നപ്പോൾ നിരാശനായ കള്ളൻ അവിടെ നിന്നും ഒരു ജോഡി ഡ്രസും എടുത്ത് പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി, എന്നാൽ ഡ്രസ് കൊണ്ടും വിഷമം മാറാതെ ആയ കള്ളൻ അവിടെ പൊട്ടി വീണ ചില്ലു കഷണത്തിൽ എഴുതി, ”പൈസയില്ലെങ്കിൽ എന്തിനാടാ…… .ഗ്ലാസ് ഡോർ പൂട്ടിയിട്ടത് വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു”
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആളുടെ മുഖം വീഡിയോയിൽ വ്യക്തമാണ്. അതുകൊണ്ട് തന്നെ ഉടൻ കള്ളനെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പിടിച്ചാൽ കൈയെഴുത്ത് പരിശോധന കൂടിയുണ്ടാകുമെന്ന് പൊലീസ് വ്യകത്മാക്കിയിട്ടുണ്ട്. അതിനായി കള്ളന്റെ നിരാശ കുറിപ്പിന്റെ ചിത്രം പൊലീസ് എടുത്തിട്ടുണ്ട്.
Also Read: ബസ് സ്റ്റാൻഡ് ഡാൻസിന് പിന്നാലെ ലുലുവിൽ ചെട്ടികുളങ്ങരയുമായി അമൽ; വീഡിയോ