സംവിധായകന് അല്‍ഫോന്‍സ് പുത്രന്റെ വീട്ടില്‍ മോഷണം. മോഷണം പോയതോ, ആശിച്ചു മോഹിച്ചു വളര്‍ത്തിയ വാഴക്കുലയും. പട്ടാപ്പകലാണ് സംവിധായകന്റെ വീട്ടില്‍ നിന്ന് വാഴക്കുല മോഷണം പോയത്. എന്നാല്‍ പോയത് പോട്ടെ എന്നു വയ്ക്കാന്‍ അല്‍ഫോന്‍സിന്റെ പിതാവ് പുത്രന് പോള്‍ തയ്യാറായിരുന്നില്ല. അദ്ദേഹം നടത്തിയ അന്വേഷണത്തില്‍ വാഴക്കുല മോഷ്ടിച്ചവരെ കൈയോടെ പിടികൂടി. പവര്‍ ഹൗസ് കവലയിലെ പഴക്കടയില്‍ നിന്നു ‘തൊണ്ടി’ കണ്ടെടുക്കുകയും ചെയ്തു.
അല്ഫോന്സും കുടുബാംഗങ്ങളും ചേര്‍ന്ന് വീടിന് ചുറ്റുമുള്ള സ്ഥലത്ത് ജൈവവാഴകൃഷി നടത്തുന്നുണ്ട്. കുറഞ്ഞത് 30 കിലോ തൂക്കമുള്ള പൂവന്കുലയാണ് ഇവിടെ നിന്ന് വെട്ടിക്കൊണ്ടുപോയത്. ഇതോടെയാണ് അല്‍ഫോന്‍സിന്റെ പിതാവ് അന്വേഷണം ആരംഭിച്ചത്. പഴക്കടകളില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടുപേര്‍ കൊണ്ടുവന്ന പൂവന്‍കുല വാങ്ങിയെന്നും പഴുപ്പിക്കാന്‍ വച്ചുവെന്നും ഉടമ പറഞ്ഞു.
പഴുപ്പിക്കാന്‍ വച്ചിടത്ത് പോയി നോക്കിയപ്പോള്‍ തന്റെ വീട്ടിലെ വാഴക്കുലയാണെന്ന് പുത്രന് തിരിച്ചറിഞ്ഞു. 900 രൂപയോളം വിലവരുന്ന പൂവന്‍കുല 450 രൂപയ്ക്കാണ് മോഷ്ടാക്കള്‍ വിറ്റത്. കടയുടമ പണമൊന്നും വാങ്ങാതെ വാഴക്കുല തിരിച്ച് കൊടുത്തു. യുവാക്കളെ കടയുടമ തിരിച്ചറിഞ്ഞെങ്കിലും പരാതിപ്പെടാന്‍ ഉദ്ദേശമില്ലെന്ന് പുത്രന് പോള്‍ പറഞ്ഞു.