scorecardresearch
Latest News

ഏഴ് വര്‍ഷം കൊണ്ട് ആറ് ഭൂഖണ്ഡങ്ങളിലെ 38 രാജ്യങ്ങള്‍; ടോമും ‘സാവന’യും നടന്നത് 48,000 കിലോ മീറ്റര്‍

പരിമിധികള്‍ക്കുള്ളില്‍ നിന്ന് പരമാവധി ഭൂഖണ്ഡങ്ങള്‍ താണ്ടുക എന്നതായിരുന്നു ലക്ഷ്യമെന്നാണ് ടോം പറയുന്നത്. അഞ്ചര വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കാം എന്നായിരുന്നു ടോമിന്റെ പദ്ധതി. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കോവിഡ് മഹാമാരി യാത്രാ ദിവസങ്ങള്‍ നീട്ടി

ഏഴ് വര്‍ഷം കൊണ്ട് ആറ് ഭൂഖണ്ഡങ്ങളിലെ 38 രാജ്യങ്ങള്‍; ടോമും ‘സാവന’യും നടന്നത് 48,000 കിലോ മീറ്റര്‍
Photo: Instagram/ Tom Turcich

നിങ്ങള്‍ ലോകം ചുറ്റാന്‍ ഇഷ്ടപ്പെടുന്നയാളാണോ, ലോകം ചുറ്റാന്‍ ആര്‍ക്കാണല്ലെ ഇഷ്ടമില്ലാത്തത്. പക്ഷെ നടന്ന് അത് സാധ്യമാക്കാന്‍ കഴിയുമോ എന്നാണ് ചോദ്യം. വിചാരിക്കുന്ന പോലെ അത്ര എളുപ്പമല്ലാത്ത ഈ കാര്യം സാധ്യമാക്കിയിരിക്കുകയാണ് ന്യൂ ജേഴ്സിക്കാരനായ ടോം ടര്‍സിച്ച്. ഒറ്റയ്ക്കായിരുന്നില്ല ടോമിന്റെ യാത്ര, ഒപ്പം തന്റെ പ്രിയ നായയായ സാവനയുമുണ്ടായിരുന്നു.

ഏഴ് വര്‍ഷം കൊണ്ട് 48,000 കിലോമീറ്ററാണ് ടോമും സാവനയും താണ്ടിയത്. സന്ദര്‍ശിച്ചത് ഒന്നും രണ്ടുമല്ല 38 രാജ്യങ്ങളും. ഇരുവരും മടങ്ങിയത്തിയത് ടോമിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് വലിയ ആഘോഷമാക്കുകയും ചെയ്തു. ഈ യാത്രയ്ക്കായി 15 വര്‍ഷത്തെ തയാറെടുപ്പാണ് ടോം നടത്തിയത്.

തന്റെ 26-ാം ജന്മദിനത്തിന് മുന്നോടിയായി 2015 ഏപ്രില്‍ രണ്ടാം തിയതിയായിരുന്നു ടോം യാത്ര ആരംഭിച്ചത്. ഹൈക്കിങ്ങിന് ആവശ്യമായ സാധനങ്ങള്‍, ഒരു സ്ലീപ്പിങ് ബാഗ്, ലാപ്ടോപ്, ഡിഎസ്എല്‍ആര്‍ ക്യാമറ, ഭക്ഷണം വയ്ക്കുന്നതിനായി ചെറിയൊരു പെട്ടിയുമായാണ് യാത്രയുടെ തുടക്കം.

പരിമിധികള്‍ക്കുള്ളില്‍ നിന്ന് പരമാവധി ഭൂഖണ്ഡങ്ങള്‍ താണ്ടുക എന്നതായിരുന്നു ലക്ഷ്യമെന്നാണ് ടോം പറയുന്നത്. അഞ്ചര വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കാം എന്നായിരുന്നു ടോമിന്റെ പദ്ധതി. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കോവിഡ് മഹാമാരി യാത്രാ ദിവസങ്ങള്‍ നീട്ടി. ഇതോടെയാണ് ഏഴ് വര്‍ഷം എന്നതിലേക്ക് എത്തിയത്.

ന്യൂ ജേഴ്സിയില്‍ നിന്ന് പനാമയിലേക്കായിരുന്നു ആദ്യ യാത്ര. ടെക്സസിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നായിരുന്നു സാവനയെ സ്വന്തമാക്കിയത്.പിന്നീട് ബൊഗോട്ട, കൊളംബിയ, മോണ്ടെവീഡിയോ, ഉറുഗ്വായ്, അവസാനം അന്റാര്‍ട്ടിക്ക എന്നിങ്ങനെയായിരുന്നു യാത്രാവഴി. യൂറോപ്പിലെത്തിയ ടോമും സാവനയും അയര്‍ലന്‍ഡും സ്കോട്ട്ലന്‍ഡും കടന്നു.

എന്നാല്‍ പിന്നീട് ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട ടോമിന് യാത്രയ്ക്ക് ചെറിയ ഇടവേള നല്‍കേണ്ടി വന്നു. പിന്നീട് 2018 ലാണ് യാത്ര പുനരാരംഭിച്ചത്. ഇറ്റലി, സ്ലോവേനിയ, ക്രൊയേഷ്യ, മോണ്ടിനെഗ്രോ, അല്‍ബേനിയ, ഗ്രീസ് എന്നീ രാജ്യങ്ങളായിരുന്നു രണ്ടാം ഘട്ടത്തില്‍ ആദ്യം താണ്ടിയത്. യാത്ര നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആഗ്രഹച്ചിരുന്ന പല രാജ്യങ്ങളും ടോമിന് ഉപേക്ഷിക്കേണ്ടി വന്നു.

തുടർന്ന് ജോർജിയയിലേക്കും കോക്കസസ് പർവതനിരകളിലേക്കും അസർബൈജാനിലേക്കുമായിരുന്നു യാത്ര. ചൈനയുമായി അതിർത്തി പങ്കിടുന്ന മധ്യ ഏഷ്യയിലെ ചെറിയ രാജ്യമായ കിർഗിസ്ഥാനിലെത്തിയ ടോമും സാവനയും 2021 ഓഗസ്റ്റിൽ സിയാറ്റിലിലേക്ക് പറന്നു. പിന്നീടാണ് ന്യൂ ജേഴ്സിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്.

തന്റെ അടുത്ത സുഹൃത്തായ ആന്‍ മേരിയുടെ മരണമാണ് ടോമിന്റെ ജീവിതത്തില്‍ നിര്‍ണായകമായത്. തന്നേക്കാള്‍ നല്ല വ്യക്തിത്വമുള്ള ആളായിരുന്നു ആന്‍ മേരിയെന്നും മരണം എപ്പോള്‍ വേണമെങ്കില്‍ തന്നേയും തേടിയെത്താമെന്ന ചിന്തയും ടോമിനുണ്ടായി. തുടര്‍ന്നാണ് ലോകം ചുറ്റാനുള്ള തീരുമാനത്തിലാണ് ടോം എത്തിയത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: The world walk this man and his dog spent seven years walking across six continents