രണ്ടുദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വരുന്ന വെള്ളി, ശനി ദിവസങ്ങളിലാണ് രാഹുല്‍ ഗാന്ധി ദുബായിലുണ്ടാകുക. രാഹുല്‍ ഗാന്ധിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്. പ്രവാസികളുടെ പ്രശ്നങ്ങള്‍ അദ്ദേഹം യുഎഇയിലെ ഇന്ത്യക്കാരുമായി ചര്‍ച്ച ചെയ്യും. ശേഷം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, രാഹുലിന്റെ യുഎഇ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വീഡിയോ പ്രചരിച്ചതാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ രാഹുലിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കെട്ടിടത്തിന്റെ മേല്‍ രാഹുലിന്റെ ചിത്രം തെളിയുന്നത് വീഡിയോയില്‍ കാണാം. നിരവധി ട്വിറ്റര്‍-ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടു.
എന്നാല്‍ പ്രചരിച്ച ഈ വീഡിയോ വ്യാജമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാം. വീഡിയോ എഡിറ്റിങ് ആപ്ലിക്കേഷനായ ബിയുഗോ (Biugo) ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. വീഡിയോയ്ക്ക് മേല്‍ ഇതിന്റെ ലോഗോയും കാണാന്‍ കഴിയും. ബുര്‍ജ് ഖലീഫയുടെ ട്വിറ്റര്‍ അക്കൗണ്ടിലും യാതൊന്നും ഇതിനെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടും ഇല്ല. 2018ല്‍ മോദിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ ബുര്‍ജ് ഖലീഫയ്ക്ക് മേല്‍ മൂവര്‍ണ പതാക പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബുര്‍ജ് ഖലീഫ ഇത് വ്യക്തമാക്കുകയും ചെയ്തു. നേരത്തേ മഹാത്മാ ഗാന്ധിയുടെ ചിത്രം മാത്രമായിരുന്നു ഇന്ത്യയില്‍ നിന്നുളള ഒരു വ്യക്തി എന്ന നിലയില്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്. 2018 ഒക്ടോബര്‍ 2ന് ഗാന്ധിജിയുടെ 150-ാം ജന്മവാര്ഷികത്തിനായിരുന്നു ഇത്.
ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 11ന് നടക്കുന്ന ഇന്തോ അറബ് കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ചീഫ് ഗസ്റ്റാണ് രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിന വാര്‍ഷികം പ്രോഗ്രാമില്‍ ആഘോഷിക്കും. പരിപാടിയിലേക്ക് 11000 പേര് ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ കെഎംസിസി വഴിയും രജിസ്ട്രേഷന് നടക്കുന്നുണ്ട്.
1000 ബസുകളാണ് പരിപാടിക്ക് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 70 നാടന്‍ കലാകാരന്മാര് അണിനിരക്കുന്ന പരിപാടിയുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മുമ്പായിരിക്കും ഇവരുടെ പരിപാടികള്‍. 11ന് നാല് മണി മുതല്‍ എട്ട് മണിവരെയാണ് പരിപാടി.