മനുഷ്യനോട് സാമ്യമുളള കുഞ്ഞിനെ പന്നി പ്രസവിച്ചെന്ന പ്രചരണത്തോടെ വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നു. ഇന്ത്യയിലും പുറത്തുമായാണ് ഇവ പ്രചരിക്കുന്നത്. ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ കര്‍ഷകന്റെ ഫാമിലെ പന്നിയാണ് മനുഷ്യക്കുഞ്ഞിനെ പ്രസവിച്ചതെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നത്. ട്വിറ്ററില്‍ വന്ന പോസ്റ്റുകള്‍ പിന്നീട് ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും പ്രചരിച്ചു.

എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നാണ് പുതിയ വിവരം. ഇറ്റാലിയന്‍ കലാകാരനായ ലൈറ മഗനാച്ചോയുടെ ഒരു കലാസൃഷ്ടി മാത്രമാണ് ഈ രൂപം. സിലിക്കണ്‍ റബ്ബര്‍ ഉപയോഗിച്ചാണ് മനുഷ്യന്റേയും പന്നിയുടേയും സങ്കരയിനം എന്ന് തോന്നിക്കുന്ന രൂപം ലൈറ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ലൈറ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ചിത്രം തെറ്റായ അടിക്കുറിപ്പോടെ പ്രചരിച്ചത്. കലാസൃഷ്ടി വില്‍ക്കാനുണ്ടെന്ന് അറിയിച്ച് ഫെയ്സ്ബുക്കിലും ലൈറ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലൈറ നേരത്തെ ഉണ്ടാക്കിയ ഒരു വിചിത്രജീവിയുടെ രൂപം കേരളത്തില്‍ കണ്ടെത്തിയ അന്യഗ്രഹജീവി എന്ന അടിക്കുറിപ്പോടെ പ്രചരിച്ചിരുന്നു. അന്നും സിലിക്കണ്‍ റബ്ബറിലുണ്ടാക്കിയ രൂപമാണ് വൈറലായി മാറിയത്. 2016 നവംബറില്‍ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ മനുഷ്യനെ ഭക്ഷിക്കുന്ന ജീവിയെ കണ്ടെത്തിയതായും പ്രചരിച്ചിരുന്നു. നാല് എണ്ണമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു ജീവിയെ മാത്രമാണ് പിടിച്ചതെന്നും അന്ന് ജനങ്ങളെ പരിഭ്രാന്തി പരത്തി സോഷ്യൽ മീഡിയയില്‍ പ്രചരിച്ചു.

കാടുകളിലൂടെയുള്ള യാത്രയില്‍ എല്ലാവരും സുക്ഷിക്കണമെന്നും മുന്നറിയിപ്പ് പ്രചരിച്ചു. എന്നാല്‍ രോഗബാധിതനായ കരിങ്കരടിയാണിതെന്ന് വിശദീകരണം വന്നതോടെയാണ് പ്രചരണത്തിന് അവസാനമായത്. മലേഷ്യയില്‍ കണ്ടെത്തിയത് അസുഖ ബാധിതനായ കരിങ്കരടിയായിരുന്നു. പിന്നീട് നടത്തിയ ശുശ്രൂഷയ്ക്ക് ശേഷം ആരോഗ്യവാനായ കരിങ്കരടിയായി മാറിയിട്ടുണ്ടെന്നും മലേഷ്യന്‍ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ല്‍ മലേഷ്യയില്‍ നിന്നും പിടികൂടിയ കരിങ്കരടിയുടെ ചിത്രങ്ങളാണ് കേരള അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയത് എന്ന് പറഞ്ഞ് പ്രചരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook