പീഡനങ്ങൾ എന്നും തുടർക്കഥയാകുമ്പോൾ പ്രതിഷേധങ്ങൾ ഹാഷ്‌ടാഗിൽ മാത്രം ഒതുങ്ങിപോകാറാണ് പതിവ്. പക്ഷേ അപ്പോഴും ജോലി സ്ഥലത്തും പൊതുവഴിയിലും സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും പീഡനങ്ങളും തുടർന്നുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ജോലി സ്ഥലത്ത് വച്ച് തൊഴിലുടമ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി പ്രമുഖ വെബ് എന്റർടെയ്‌ൻമെന്റ് ചാനലിന്റെ മുൻ ജീവനക്കാരി രംഗത്തെത്തിയത്.

ടിവിഎഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദി വൈറൽ ഫീവർ വെബ് ചാനലിന്റെ സിഇഒ അരുണാബ് കുമാറിന് എതിരെ വന്ന ലൈംഗിക പീഡന ആരോപണത്തിന് പിറകേ ടിവിഎഫിൽ ജോലി ചെയ്‌തിരുന്ന മറ്റ് ചില വനിതകളും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ജോലി സ്ഥലത്തു പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന ഞെട്ടിപ്പിക്കുന്ന യാഥർഥ്യത്തിലേക്കാണോ ഇത് വിരൽ ചൂണ്ടുന്നത്?

അരുണാബ് കുമാറിനെതിരെ എതിരെ ഞായറാഴ്‌ച വൈകിട്ട് ‘ദി ഇന്ത്യൻ യൂബർ-ദാറ്റ് ഈസ് ടിവിഎഫ് ‘ എന്ന ബ്ലോഗിലൂടെയാണ് യുവതി പീഡനവിവരം തുറന്നു പറഞ്ഞത്. ഇത് ബ്ലോഗ് ഉൾപ്പെടെയുളള സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു. ഹിന്ദിയിലും ഇംഗ്ലീഷിലും പ്രമുഖ വിനോദ ചാനലായ ടിവിഎഫിനെതിരെ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി.

2014ൽ ടിവിഎഫിൽ ജോലിക്ക് കയറിയ യുവതിയെ അരുണാബ് മൂന്ന് വർഷത്തോളം നിരന്തരം പീഡിപ്പിച്ചെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതേത്തുടർന്ന് ടിവിഎഫിലെ അരുണാബിന്റെ പീഡനത്തിനിരയായെന്നും സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയുന്ന സ്ഥലമല്ലെന്നുളള​ തരത്തിൽ മറ്റൊരു യുവതി കൂടി ആരോപണമുന്നയിച്ചു. ഒരു സ്ത്രീയും ടിവിഎഫിൽ ജോലി ചെയ്യരുതെന്നാണ് തന്റെ നിർദേശമെന്നും യുവതി കുറിച്ചു.

ജോലി സ്ഥലത്തെ പീഡനം, അത് ശാരീരികമായാലും മാനസികമായാലും ഒരു വ്യക്തിയുടെ മാനഹാനിക്ക് ഇടയാക്കുന്ന തരത്തിൽ നടക്കുന്നതെന്തും അപലപിക്കേണ്ടതാണെന്ന് പ്രമുഖർ പ്രതികരിച്ചു. ജോലി ചെയ്യാനും ജീവിതത്തിൽ തമാശയും സന്തോഷവും ആസ്വദിക്കാനും ആഗ്രഹിച്ച പെൺകുട്ടികൾ മിണ്ടാതെ എല്ലാം സഹിക്കുകയും തുറന്നു സംസാരിച്ചതിന്റെ പേരിൽ കുറ്റക്കാരാകുന്നതും എങ്ങനെയാണെന്നും സംവിധായകൻ ഹൻസൽ മേത്ത, സ്റ്റാൻഡറ്റ് കൊമേഡിയൻ അതിഥി മിത്തൽ തുടങ്ങിയവർ ഉന്നയിച്ച ചോദ്യങ്ങളും പ്രസക്തമാണ്.

എന്നാൽ ബ്ലോഗിൽ പറഞ്ഞതെല്ലാം അരുണാബ് നിഷേധിച്ചു. ബ്ലോഗിൽ പറഞ്ഞതെല്ലാം തെറ്റാണെന്നും അത്തരത്തിൽ ഒരു പ്രശ്‌നവും ടിവിഎഫിൽ ഇല്ലെന്നും എല്ലാം അടിസ്ഥാനമില്ലാത്തതാണെന്നും അരുണാബിന്റെ കീഴിലുളള പ്രൊഡക്ഷൻ ഹൗസും വാദിക്കുന്നു. പക്ഷേ അപ്പോഴും ഒരേ സമയം, ഒരാൾക്കെതിരെ പലർ ഒരേ കുറ്റമാരോപിക്കുമ്പോൾ അത് നിരാകരിക്കാനാവുന്നത് എങ്ങനെയാണ്? അത് തെറ്റാവുന്നത് എങ്ങനെയാണ് എന്ന ചോദ്യങ്ങൾ ബാക്കിയാവുന്നു.

ആരോപണങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ടിവിഎഫ് പ്രൊഡക്ഷൻ ഹൗസ് ഒരു കാര്യം കൂട്ടിച്ചേർത്തു. ആരോപണമുന്നയിച്ച യുവതിയെ കണ്ടെത്തി നീതി ഉറപ്പാക്കുമെന്നും അതിനുവേണ്ടി അവർ കൂടെ നിൽക്കുമെന്നുമാണ് അവർ പറഞ്ഞത്. പക്ഷേ ഇന്ത്യൻ ഫൗളർ എന്ന ബ്ലോഗോ ടിവിഎഫ് കമ്പനിയോ ഇതുവരെ നിയമനടപടികളുമായി മുന്നോട്ട് പോയതായി അറിവില്ല.

നിരവധി രസകരമായ യുട്യൂബ് വിഡിയോകളിലൂടെ ശ്രദ്ധേയമായ ടിവിഎഫ് വളരെ പെട്ടെന്നാണ് ഇന്റർനെറ്റിലൂടെ പ്രക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. ഷാരൂഖ് ഖാന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് നിർമിച്ച ഓം ശാന്തി ഓം എന്ന ചിത്രത്തിൽ സംവിധായിക ഫാറാ ഖാന്റെ അസിസ്റ്റന്റായി അരുണാബ് ജോലി ചെയ്‌തിരുന്നു. അതിനു ശേഷമാണ് അരുണാബ് കുമാർ ടിവിഎഫ് തുടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ