scorecardresearch
Latest News

‘മോനായി എങ്ങനെ ബത്‌ലഹേമിലെത്തി?’; യുവാവിന്റെ കഥ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സമ്മര്‍ ഇന്‍ ബത്‌ലഹേം എന്നു കേള്‍ക്കുമ്പോള്‍ സിനിമ കണ്ട ഏതൊരു പ്രേക്ഷകന്റേയും മനസിലേക്ക് ആദ്യമെത്തുന്ന പേര് മോനായിയുടേതാകും. കലാഭവന്‍ മണിയെന്ന അനശ്വര നടന്‍ അവതരിപ്പിച്ച മോനായി ഇന്നും പ്രേക്ഷകനെ ചിരിപ്പിക്കുന്നു.

സമ്മര്‍ ഇന്‍ ബത്‌ലഹേം, മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത ചിത്രം. രവിയായി ജയറാമും ഡെന്നീസായി സുരേഷ് ഗോപിയും ആമിയായി മഞ്ജു വാര്യരും തകര്‍ത്തഭിനയിച്ച ചിത്രം. മൂവരുടേയും കരിയറിലേയും അവിസ്മരണീയ കഥാപാത്രങ്ങള്‍ സമ്മാനിച്ച ചിത്രം. എന്നാല്‍ സമ്മര്‍ ഇന്‍ ബത്‌ലഹേം എന്നു കേള്‍ക്കുമ്പോള്‍ സിനിമ കണ്ട ഏതൊരു പ്രേക്ഷകന്റേയും മനസിലേക്ക് ആദ്യമെത്തുന്ന പേര് മോനായിയുടേതാകും. കലാഭവന്‍ മണിയെന്ന അനശ്വര നടന്‍ അവതരിപ്പിച്ച മോനായി ഇന്നും പ്രേക്ഷകനെ ചിരിപ്പിക്കുന്നു.

എങ്ങനെയായിരിക്കും മോനായി ബത്‌ലഹേമിലെത്തിയിരിക്കുക? ചിന്തിച്ചിട്ടുണ്ടോ. ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് സേതു രാജന്‍ എന്ന യുവാവ്. മോനായി രവിയുടേയും ഡെന്നീസിന്റേയും ബത്‌ലഹേമിലെത്തിയ കഥ തന്റെ ഭാവനയില്‍ കാണുകയാണ് സേതു. മോനായി തന്നെ തന്റെ ജീവിത കഥ പറയുന്ന തരത്തില്‍ സേതു എഴുതിയ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ആ കഥയിലേക്ക്..,

ബെത്ലഹേമിലെ മോനായി

Bethlehem estates

മനോഹരമായ അക്ഷരങ്ങളില്‍ എഴുതി വച്ചിരിക്കുന്ന ബോര്‍ഡ്
ഗേറ്റ് കടന്നു ഞാന്‍ ഉള്ളിലേക്ക് നടന്നു.. ബെത്‌‌ലഹേം സുന്ദരിയാണ്.. ഇവിടെ വന്നാല്‍ ആര്‍ക്കും ഒന്ന് പ്രണയിക്കാന്‍ തോന്നും…
‘നമോവാകം ‘
ശബ്ദം കേട്ട ദിശയിലേക്കു ഞാന്‍ തിരിഞ്ഞു നോക്കി… മോനായി ആണ്.. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും വലിയ മാറ്റങ്ങള്‍ ഒന്നുമില്ല മോനായിക്ക്… എന്നെ പറയാന്‍ അനുവദിക്കാതെ ആരാ എന്താന്ന് പോലും ചോദിക്കാതെ ഒരു പരിചയക്കാരനോട് സംസാരിക്കുന്നത് പോലെ മോനായി സംസാരിച്ചു തുടങ്ങി..
‘എന്റെ സര്‍ എപ്പോഴും പറയും ചോദിക്കാതെ നമസ്‌കാരം പറയരുതെന്ന്… പക്ഷെ ഇതൊരു ശീലമായി പോയി.. ഇതിനു തന്നെ ഞാന്‍ രവി സാറിന്റെ കയ്യില്‍ നിന്നും ഒരുപാട് അടി കൊണ്ടിട്ടുണ്ട്… അല്ല നിങ്ങളാരാ എനിക്ക് മനസിലായില്ല… സാധാരണ ഇവിടെ പശുക്കളെ കാണാന്‍ ടൂറിസ്റ്റുകള്‍ മാത്രമേ എനിക്ക് പരിചയമില്ലാത്തവരായി വരാറുള്ളൂ ‘

‘ഞാന്‍ മോനായിയുടെയും ബെത്‌ലഹേമിന്റെയും ഒരു ആരാധകന്‍ ആണ്.. ബെത്‌ലഹേമും ബെത്‌ലഹേമിലെ മോനായിനേം വീണ്ടുമൊരിക്കല്‍ കൂടെ കാണാന്‍ വന്നതാ… ‘
എന്റെ മറുപടി കേട്ടു മോനായി ചിരിച്ചു.. എഴുതിയോ പറഞ്ഞോ വര്‍ണിക്കാന്‍ കഴിയാത്ത മോനായിയുടെ സ്വതസിദ്ധമായ ആ ചിരി…
‘മോനായി എങ്ങനാ ബെത്‌ലഹേമില്‍ വന്നത് ‘
‘അതൊരു കഥയാണ് സാറേ… ഞാന്‍ പറയാം.. അതിനു മുന്‍പേ കുടിക്കാന്‍ ഒരു കപ്പ് കാപ്പിയെടുക്കട്ടെ.. ഇവിടെ വെള്ളത്തേക്കാള്‍ കൂടുതല്‍ ഉള്ളത് പാലാണ് ‘….
മോനായി കാപ്പിയുമായി വന്നു
”ഇവിടെ ഇപ്പോള്‍ ആരാ മോനായി താമസം’
ആരുമില്ല സാറേ .. ഞാനും പശുക്കളും കുതിരകളും മാത്രം… എല്ലാവരും വരും. വെക്കേഷന് മാത്രം.. ഒരു കൊല്ലം മുഴുവന്‍ ഞാന്‍ അവരുടെ വരവിനായി ബെത്‌‌ലഹേമിനെ ഒരുക്കി വക്കും… ബെത്‌ലഹേമില്‍ മോനായി ഇല്ലെങ്കിലും എല്ലാം നടക്കും.. പക്ഷെ ബെത്‌ലഹേം ഇല്ലെങ്കില്‍ പിന്നെ മോനായിക്ക് വേറൊരു ലോകം ഇല്ല.. ഓര്‍മ വച്ച കാലം മുതലേ മോനായി ഒറ്റക്കാ..

പഞ്ചാബിലായിരുന്നു കുറെ കാലം.. അവിടെ ഒരു ധാബയില്‍ ആയിരുന്നു ജോലി.. അങ്ങനെ ആണ് പാചകം പഠിക്കുന്നത്… പകലു മുഴുവന്‍ പണിയെടുക്കണം… വിശപ്പ് മാറാനുള്ളത് കിട്ടും.. കൂടെ അടിയും ശകാരവും.. അപ്പനെയും അമ്മയെയും കണ്ട ഓര്‍മയില്ല.. വിദ്യാഭയസത്തിന്റെ കാര്യമാണേല്‍ ജലന്ധറിന്റെയും തിരുവനന്തപുരത്തിന്റെയും സ്‌പെല്ലിങ് അറിയാനൊള്ള അക്ഷരാഭ്യാസം പോലുമില്ല..
കൊറേ കഴിഞ്ഞപ്പോള്‍ അടിയും വഴക്കും സഹിക്കാന്‍ പറ്റാതായി.. പഞ്ചാബിയില്‍ ആണെങ്കിലും കേള്‍ക്കുന്നത് ചീത്തയാണെന്നു എനിക്ക് മനസിലാകുന്നുണ്ടായിരുന്നു.. അങ്ങനെ സഹികെട്ടു ഒരു ദിവസം അവിടെ നിന്നും നാട് വിട്ടു… ഇവിടെ ഈ ചന്ദ്രഗിരിയില്‍ വരുമ്പോള്‍ ഒന്നുമില്ലായിരുന്നു.. ഇവിടെ ഇപ്പോള്‍ നിങ്ങള്‍ വന്ന പോലെ ഞാനും ഒരു ദിവസം കയറി വന്നതാ.. വിശക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഭക്ഷണം കിട്ടി… പോകാനിടമില്ല എന്ന് പറഞ്ഞപ്പോള്‍ താമസിക്കാന്‍ മുറി കിട്ടി.. കൂടെ ഒരു ജോലിയും…
ഡെന്നിസ് സാറിനെ പോലെ എനിക്കും ആരുമില്ല… പക്ഷെ ധനികനായ അനാഥനും ദരിദ്രനായ അനാഥനും തമ്മിലുള്ള വ്യത്യാസമുണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍…. സര്‍ എന്നെ അടിക്കും ചീത്ത പറയും കുടിക്കാന്‍ മദ്യം വരെ റേഷനാ… പക്ഷെ എനിക്ക് ഒരു ചേട്ടനെ പോലെയോ ഇതെന്റെ വീട് പോലെയോ ഉള്ള ഒരു സുരക്ഷിതത്വം ഉണ്ടായിരുന്നു…

ആ അവധിക്കാലം കഴിഞ്ഞപ്പോള്‍ ഡെന്നിസ് സാറിനു എല്ലാവരും ഉണ്ടായി.. മുത്തശ്ശനും മുത്തശ്ശിയും ഒരുപാട് സ്‌നേഹിക്കാന്‍ ആമിയും.. പക്ഷെ ഞാന്‍ വീണ്ടും ഒറ്റക്കായി… അവധിക്കാലം കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡെന്നിസ് സാറും ആമിയും ഇവിടെ എന്നെ ഏല്പിച്ചിട്ട് നാട്ടിലേക്കു മടങ്ങി.. ഓരോ അവധിക്കാലത്തും അവരെല്ലാം വരും… അനാഥനായ മോനായിയെയും ബെത്‌ലഹേമിനെയും തേടി… അവരുടെ വരവിനായി ഞാന്‍ ക്രിസ്മസിനു പുല്‍ക്കൂടൊരുക്കുന്ന പോലെ ഇവിടം മുഴുവന്‍ ഒരുക്കും..
നിങ്ങളെ പോലെ അപരിചിതനായ ഒരാള്‍ ആദ്യമായാണ് എന്നെ തേടി വരുന്നത്… ‘
ഞങ്ങള്‍ നടക്കുകയായിരുന്നു… ബെത്‌ലഹേമിലെ കാഴ്ചകള്‍ ഓരോന്നായി മോനായി കാണിച്ചു തന്നു… പശുക്കളെ, റാമ്പോയുടെ മകനെ അങ്ങനെ ഞാന്‍ കണ്ട ബെത്‌ലഹേമിന്റെ കാണാത്ത സൗന്ദര്യങ്ങളെയും അവശേഷിപ്പുകളെയും മോനായി എനിക്ക് കാണിച്ചു തന്നു… കഴുത്തില്‍ കയറു കെട്ടി കയ്യില്‍ തന്നിട്ട് അത് വലിക്കുമ്പോള്‍ സ്ലോ മോഷനില്‍ നടന്നു വരുന്ന മോനായിയുടെ പ്രശസ്തമായ ഐറ്റം.. പിന്നെ എലിയുടെ പ്രാര്‍ത്ഥന.. അങ്ങനെ മോനായി എന്നെ എന്റെ ചെറുപ്പകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി… ആമി പറഞ്ഞതുപോലെ വലുതാകേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി… കുട്ടിക്കാലത്തെ ഒരു ബോണ്‍സായ് പോലെ അങ്ങനെ നിലനിര്‍ത്താന്‍ സാധിച്ചിരുന്നെങ്കില്‍…
അന്ന് ആ പൂച്ചക്കാരിയെ കണ്ടു പിടിക്കാന്‍ നടത്തിയ പരിപാടിയില്‍ മോനായി പാടി തുടങ്ങിയ ആ പാട്ട് ‘ വരുവാനില്ലാരുമീ വിജനമാം ഈ വഴിക്ക് ‘ ഇപ്പോഴാണ് കൂടുതല്‍ യോജിക്കുന്നത് എന്നെനിക്കു തോന്നി…
യാത്ര പറയുകയാണ് ബെത്‌ലഹേമിനോട് മോനായിയോട്… യാത്ര പറയുമ്പോള്‍ മോനായി എന്റെ കൈകള്‍ കൂട്ടിച്ചേര്‍ത്തു പറഞ്ഞു
‘പണ്ട് ഡെന്നിസ് സര്‍ പറഞ്ഞതുപോലെ തന്നെ എന്റെ സര്‍ നെയിം എഴുതേണ്ട സ്ഥലങ്ങളില്‍.. ഞാന്‍ അനാഥന്‍ എന്ന് മനസ്സില്‍ എഴുതുമായിരുന്നു… മോനായി എന്ന അനാഥന്‍.. .. അത് ഞാന്‍ അങ്ങ് മായ്ച്ചു കളയുവാ… എന്നെ കെട്ടി പിടിച്ചുകൊണ്ടു മോനായി തുടര്‍ന്നു.. എനിക്കൊരുപാട് ബന്ധുക്കള്‍ ഉള്ളതുപോലെ തോന്നുന്നു… എല്ലാ അവധിക്കാലത്തും ബെത്‌ലഹേമിലേക്കു വരണം ‘
നിറഞ്ഞു വന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് ഞാന്‍ നടന്നു.. ഗേറ്റില്‍ വന്നു തിരിഞ്ഞു നോക്കി.. മോനായി നടക്കുകയാണ്
വീണ്ടും കാണാമെന്നു മനസ്സില്‍ ബെത്‌ലഹേമിനോടും മോനായിയോടും പറഞ്ഞു ഞാന്‍ യാത്ര തുടര്‍ന്നു

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: The journey of monayi to bathlahem story goes viral in social media