ന്യൂഡല്‍ഹി: വാക്കുകളെക്കാള്‍ ഒരായിരം മടങ്ങ് ചിത്രങ്ങള്‍ സംസാരിക്കുമെന്ന് പറയാറുണ്ട്. ഒരാളുടെ കഷ്ടതകള്‍ വാക്കുകള്‍ക്ക് അതീതമാകുന്നിടത്ത് ചിത്രം ശബ്ദമായി മാറാറുണ്ട്. പലപ്പോഴും പറഞ്ഞ് മുഴുമിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒരൊറ്റ ചിത്രത്തിലൂടെ ഉച്ചത്തില്‍ സംസാരിക്കും. അത്തരമൊരു ചിത്രമാണ് ഈ കഴിഞ്ഞ മണിക്കൂറുകളില്‍ വൈറലായി മാറിയത്. പിതാവിന്റെ മൃതദേഹത്തിന് അരികെ നിന്ന് കരയുന്ന കുട്ടിയുടെ ഈ ചിത്രം ഒരൊറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 31,87,000 രൂപയാണ്.

7000ത്തില്‍ അധികം തവണ ഈ ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മരിച്ച 27കാരനായ അനില്‍ എന്ന യുവാവിന്റെ മകനാണ് ചിത്രത്തില്‍ ഓവുചാല്‍ വൃത്തിയാക്കുന്നതിനിടെ കയറ് പൊട്ടി താഴ്ച്ചയിലേക്ക് വീണാണ് അനില്‍ മരിച്ചത്. പ്രതിവര്‍ഷം ഇന്ത്യയില്‍ നൂറോളം തോട്ടിപ്പണിക്കാരാണ് ജോലിക്കിടെ അപകടത്തില്‍ പെട്ട് മരിക്കുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പണിയെടുക്കാന്‍ നിര്‍ബന്ധിതരാവുന്നവരുടെ ജീവിതങ്ങളാണ് ഇത്തരത്തില്‍ അഴുക്കുചാലുകളില്‍ കയറുപൊട്ടി അവസാനിക്കുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടറായ ശിവ് സണ്ണിയാണ് ഈ ചിത്രം പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 11 വയസുകാരനായ കുട്ടി കരയുന്നത് കണ്ട് തന്റെ ഹൃദയം തകര്‍ന്ന് പോയെന്ന് ശിവ് സണ്ണി പറയുന്നു. ‘ഞാനൊരു ക്രൈം റിപ്പോര്‍ട്ടറാണ്. നിരവധി ദുരന്തങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു കാഴ്ച്ചയായിരുന്നു അത്. മൃതദേഹം ദഹിപ്പിക്കാന്‍ പോലും പണമില്ലാത്ത കുടുംബമാണ് അനിലിന്റേതെന്ന് ശിവ് സണ്ണി ട്വീറ്റില്‍ പറഞ്ഞിരുന്നു.

‘തോട്ടിപ്പണിക്കാരുടെ മരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു എന്റെ ഉദ്ദേശം. എന്നാല്‍ ആ ചിത്രം ആ കുടുംബത്തിന്റെ കഷ്ടതകള്‍ പറയുന്നതാണ്’, ശവസംസ്കാരത്തിന് പണമില്ലാത്തതിനാല്‍ അയല്‍ക്കാരാണ് അതിനുളള പണം നല്‍കിയതെന്നും ശിവ് വ്യക്തമാക്കി. ഒരാഴ്ച്ച മുമ്പാണ് അനിലിന്റെ നാല് മാസം പ്രായമായ മകന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചത്. ചികിത്സിക്കാന്‍ പണമില്ലാതെയാണ് ഇവര്‍ കുട്ടിയെ വിധിക്ക് വിട്ടു കൊടുത്തത്. ഏഴും മൂന്നും വയസുളള രണ്ട് കുട്ടികളും അനിലിനുണ്ട്.

Read More:ഓരോ അഞ്ച് ദിവസത്തിലും ഒരാളെങ്കിലും തോട്ടിപ്പണിക്കിടയില്‍ മരിക്കുന്നു: ഔദ്യോഗിക കണക്ക്

സണ്ണിയുടെ ട്വീറ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. സന്നദ്ധ സംഘടനയായ ഉഡായ് സണ്ണിയുടെ ട്വീറ്റില്‍ കണ്ട കുട്ടിയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇവരുടെ നേതൃത്വത്തിലാണ് അനിലിന്റെ കുടുംബത്തിനായി ധനസമാഹരണം നടന്നത്. 24 മണിക്കൂറിനുളളില്‍ 32 ലക്ഷത്തോളം രൂപയാണ് സമാഹരിക്കാനായത്. ബോളിവുഡ് താരങ്ങള്‍ പോലും സഹായം വാഗ്ദാനം ചെയ്ത് തന്നെ ബന്ധപ്പെട്ടതായി സണ്ണി പറഞ്ഞു. കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പലരും ചോദിച്ചതോടെ സണ്ണി വീണ്ടും അവരുടെ വീട്ടിലെത്തി കുട്ടിയോട് സംസാരിച്ചു. ‘അച്ഛന്റെ കൂടെ ഞാനും ചിലപ്പോഴൊക്കെ പോവാറുണ്ട്, അച്ഛന്‍ പണി എടുക്കുമ്പോള്‍ വസ്ത്രവും ചെരുപ്പും ആരും കൊണ്ടുപോവാതിരിക്കാന്‍ ഞാന്‍ കാവല്‍ നില്‍ക്കും’, കുട്ടി പറഞ്ഞതായി സണ്ണി വ്യക്തമാക്കുന്നു. ഈ മാസം മാത്രം ഇത് രണ്ടാമത്തെ തോട്ടിപ്പണിക്കരനാണ് ഡല്‍ഹിയില്‍ മരണപ്പെടുന്നത്.

Read More:കേരളത്തിൽ 916 പേർ ഇന്നും തോട്ടിപ്പണിക്കാർ, ഒന്നാം സ്ഥാനം യുപിക്ക് 28,796 പേർ

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook