കൂറ്റന്‍ രാജവെമ്പാലകളെ പിടികൂടി കാട്ടില്‍ വിടുന്ന വാവ സുരേഷിന്റെ വിഡിയോകള്‍ മലയാളികള്‍ക്കു സുപരിചിതമാണ്. എന്നാല്‍ തായ്‌ലന്‍ഡില്‍നിന്നുള്ള ഈ പാമ്പുപിടിത്തം സോഷ്യല്‍മീഡിയയുടെ ചങ്കിടിപ്പിക്കുകയാണ്.
പലതവണ കൊത്താനാഞ്ഞ കൂറ്റന്‍ രാജവെമ്പാലയെ വെറും കൈക്കൊണ്ടാണ് മധ്യവയസ്‌കന്‍ പിടിക്കുന്നത്. പ്രകോപിതനായ രാജവെമ്പാല പലതവണ പാമ്പുപിടിത്തക്കാരനുനേരെ ഉയര്‍ന്നു കടിക്കാന്‍ ശ്രമിക്കുന്നത് ആരെയും ഭയപ്പെടുത്തും.
4.5 മീറ്ററോളം നീളവും 10 കിലോഗ്രാം ഭാരവുമുള്ള പാമ്പിനെ സുതീ നയേവാദ് എന്ന സന്നദ്ധപ്രവര്‍ത്തകനാണ് 20 മിനിറ്റോളം നീണ്ട ശ്രമത്തിനൊടുവില്‍ പിടികൂടിയത്. തലഭാഗത്തു പിടികൂടാനുള്ള ശ്രമത്തിനിടെ, ഇയാളെ പലതവണ കടിക്കാന്‍ പാമ്പ് ശ്രമിച്ചു.
എന്നാല്‍ ഏറെ ക്ഷമയോടെയും വൈദഗ്ധ്യത്തോടെയും പ്രവര്‍ത്തിച്ച നേവാദ് റോഡില്‍നിന്ന് പാമ്പിനെ പിടികൂടി വലിയ സഞ്ചിയിലേക്കു മാറ്റുകയായിരുന്നു. പാമ്പിനെ പിടികൂടുന്ന ഉപകരണത്തിന്റെയോ വടിയുടെയോ സഹായമില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തി. ഇതു നിരവധി പേര്‍ അല്‍പ്പമകലെ നിന്നു വീക്ഷിക്കുന്നതും കാണാണം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Also Read: ആദ്യ ഗാനം ദുബായ് വേദിയിൽ; ‘സുരാംഗനി’ പാടി സിൽക്ക് സ്മിത- വീഡിയോ
തായ്‌ലന്‍ഡിലെ തെക്കന്‍ പ്രവിശ്യയായ ക്രാബിയിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈന്തപ്പനത്തോട്ടത്തില്‍ ഇഴഞ്ഞെത്തിയ പാമ്പിനെ പ്രദേശവാസികള്‍ കാണുകയായിരുന്നു. ഈന്തപ്പനത്തോട്ടത്തില്‍നിന്ന് വീടുകള്‍ക്കു സമീപമുള്ള സെപ്റ്റിക് ടാങ്കിലേക്കു മറയാനുള്ള ശ്രമത്തിലായിരുന്നു പാമ്പ്.
കഴിഞ്ഞദിവസം പ്രദേശവാസികള്‍ കഴിഞ്ഞദിവസം അടിച്ചുകൊന്ന ഇണയെ തേടിയാകാം രാജവെമ്പാലയെന്നു നയേവാദിനെ ഉദ്ധരിച്ച് തൈരത്ത് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
പാമ്പുകളെ പിടിക്കാനുള്ള തന്റെ കഴിവ് വര്‍ഷങ്ങള്‍ നീണ്ട പരിചയത്തില്‍നിന്നുള്ളതാണെന്നു പറഞ്ഞ അദ്ദേഹം വിഷപ്പാമ്പുകളെ പിടിക്കാന്‍ ശ്രമിക്കരുതെന്നു ജനങ്ങളോട് അഭ്യര്‍ഥിച്ചു.