ഹൈദരബാദ്: പ്രായാധിക്യം കൊണ്ട് കോടതിയുടെ പടികൾ കയറാനാകാത്ത വൃദ്ധയുടെ കേസ് നിലത്തിരുന്ന് തീർപ്പാക്കി ജഡ്ജി. തെലങ്കാനയിലെ ഭൂപാല്‍പള്ളി ജില്ലാ കോടതിയിലാണ് സംഭവം. ശാരീരികാവശതകൾ മൂലം കോടതിയുടെ പടികൾ കയറാനാകാതെ അവർ നിലത്തിരിക്കുകയായിരുന്നു. സുപ്രീം കോടതി മുൻ ജഡ്‌ജി മാര്‍ക്കണ്ഡേയ കട്‌ജുവാണ് ഫോട്ടോ സഹിതം സംഭവം വിശദീകരിച്ച് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

Read More: ലളിതം ഈ ക്ഷണക്കത്ത്; പിണറായി-കമല ദമ്പതികൾക്കിന്ന് നാൽപ്പത്തിയൊന്നാം വിവാഹ വാർഷികം

മാര്‍ക്കണ്ഡേയ കട്‌ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

“തെലങ്കാനയിലെ ഭൂപാൽപള്ളി ജില്ലാ കോടതിയിലാണ് ഈ സംഭവം. ബഹുമാനപ്പെട്ട ജഡ്‌ജി അബ്ദുൽ ഹസീം ഒന്നാം നിലയിലെ തന്റെ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് ബന്ധപ്പെട്ട ഫയലുമായി പടിയിറങ്ങി ഈ വൃദ്ധയുടെ അടുത്തേയ്ക്ക് ചെന്നു.

ഈ സ്ത്രീ കോടതിമുറ്റത്തിന്റെ പ്രവേശന കവാടത്തിൽ ഇരിക്കുകയാണെന്നും വാർദ്ധക്യം കാരണം ക്ഷീണിതയാണെന്നും അവരുടെ ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കാൻ പടികൾ കയറാൻ കഴിയുന്നില്ലെന്നും ജഡ്‌ജിയോട് കോടതിയിലെ ക്ലർക്ക് പറഞ്ഞു.

കാര്യമറിഞ്ഞ ജില്ലാ ജഡ്‌ജി പ്രധാനപ്പെട്ട ഫയലുകളുമെടുത്ത് തന്റെ സീറ്റില്‍ നിന്നുമിറങ്ങി കോടതിയ്ക്കു മുന്നിലേക്ക് വരികയായിരുന്നു. സ്ത്രീക്കൊപ്പം കോടതിയ്ക്ക് മുന്‍വശത്തെ പടിയിലിരുന്ന ജഡ്‌ജി അവരുടെ പ്രശ്‌നം കേള്‍ക്കുകയും കേസില്‍ പരിഹാരമുണ്ടാക്കി കൊടുക്കുകയും ചെയ്തു.

ഇന്ത്യയിൽ ഇത്തരം ന്യായാധിപന്മാർ ഉണ്ടെന്നതിൽ എനിക്ക് അഭിമാനമുണ്ട്,” അദ്ദേഹം കുറിച്ചു.

ജില്ലാ ജഡ്‌ജിയുടെ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള നല്ല ന്യായാധിപർ ഉള്ളതുകൊണ്ടാണ് പാവപ്പെട്ടവർ ഇപ്പോഴും നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. ജില്ലാ ജഡ്‌ജിയുടെ പ്രവർത്തനം ജുഡീഷ്യറിയുടെ അന്തസ് വർധിപ്പിച്ചുവെന്ന് മറ്റൊരാൾ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook