പുതിയൊരു ചലഞ്ച് ഭ്രാന്തമായി മാറിയിരിക്കുകയാണ് യുവതി- യുവാക്കള്‍ക്കിടയില്‍. ഓടുന്ന കാറില്‍ നിന്ന് ചാടി നൃത്തം ചെയ്യുന്നതാണ് പുതിയ ചലഞ്ച്. കനേഡിയന്‍ റാപ്പറായ ഡ്രൈക്സിന്റെ ഏറ്റവും പുതിയ ആല്‍ബമായ ‘സ്കോര്‍പിയന്റെ’ ചുവടുപിടിച്ചാണ് പുതിയ ചലഞ്ച് പ്രചരിച്ചത്. സാമ്പത്തികമായി വിജയം നേടിയ ആല്‍ബത്തിലെ ‘ഇന്‍ മൈ ഫീലിങ്’ എന്ന ഗാനം ഇന്റര്‍നെറ്റില്‍ ജനപ്രിയമായി മാറിയതോടെ ഇതിന് ഡാന്‍സ് ചെയ്ത് ചലഞ്ചും ആരംഭിച്ചു. #InMyFeelings എന്നും #KekeChallenge എന്നും പേരിലാണ് ചലഞ്ച് വീഡിയോകള്‍ വൈറലായി മാറിയത്. യുവതി യുവാക്കള്‍ പരസ്പരം വെല്ലുവിളികളുമായി ഡാന്‍സ് ചെയ്തു. ‘ദ ഷിഗ്ഗി ഷോ’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ആദ്യം ചലഞ്ച് പ്രചരിച്ചത്.
നൃത്തച്ചുവടുകള്‍ വൈറലായി മാറിയതോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇതിന് പിന്നാലെയായി. എന്നാല്‍ ആവേശം മൂത്ത ചില കൗമാരക്കാരാണ് ഈ ചലഞ്ചിന് മറ്റൊരു തലം നല്‍കിയത്. ‘ഡ്രൈക്സിന്റെ പാട്ടിന് നൃത്തം ചെയ്ത് ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങണം. നൃത്തം അവസാനിപ്പിക്കാതെ കാറില്‍ തന്നെ തിരികെ കയറണം’. ‘ഷിഗ്ഗി’ എന്നായിരുന്നു ഇതിന് പേരിട്ടിരുന്നത്. എന്നാല്‍ ഷിഗ്ഗി ചെയ്യാനിറങ്ങിയ പലരും മൂക്കും കുത്തി റോഡില്‍ വീണു. മറ്റു ചിലരെ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. ഈ വീഡിയോകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇന്ത്യയിലും നിരവധി പേരാണ് ചലഞ്ച് ചെയ്ത് രംഗത്തെത്തിയത്. സംഗതി അപകടമാണെന്ന് കണ്ട് പൊലീസും മുന്നറിയിപ്പുമായി രംഗത്തെത്തി.
ഇതിനിടയിലാണ് സുരക്ഷയ്ക്ക് വിട്ടുവീഴ്ച്ച നല്‍കാതെ പ്രകൃതിസൗഹൃദമായ രീതിയിലുളള കികി ചലഞ്ച് വൈറലായി മാറിയത്. തെലങ്കാനയില്‍ നിന്നുളള രണ്ട് സഹോദരങ്ങളാണ് വ്യത്യസ്ഥമായ രീതിയില്‍ ചലഞ്ച് ചെയ്തത്. ഇവരെ കീകി ചലഞ്ച് വിജയികളായി സോഷ്യല്‍മീഡിയ തിരഞ്ഞെടുത്തു. 24കാരനായ ഗീല അനില്‍ കുമാര്‍, സഹോദരന്‍ 28കാരനായ പിള്ളി തിരുപതി എന്നിവര്‍ നിലം ഉഴുന്ന കാളകളുടെ കൂടെയാണ് കീകി ചലഞ്ച് ചെയ്തത്.
കാളകള്‍ ചളിയിലൂടെ നീങ്ങുമ്പോള്‍ കൂടെ നടന്ന് ഡാന്‍സ് ചെയ്യുകയാണ് സഹോദരങ്ങള്‍. ഇതിന്റെ വീഡിയോ വ്യാപകമായ രീതിയിലാണ് പ്രചരിച്ചത്. ദക്ഷിണാഫ്രിക്കന്‍ കൊമേഡിയനും അവതാരകനുമായ ട്രെവര്‍ നോഹും വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘കീകി ചലഞ്ചില്‍ ഇവരാണ് വിജയികള്‍’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. കരീംനഗറിലെ ലംബാഡിപ്പള്ളി ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലാണ് രണ്ട് പോരും ജനിച്ചത്. ഇവരുടെ വീഡിയോ ഇന്റര്‍നെറ്റില്‍ കീകിചലഞ്ചിലെ രാജാക്കന്‍മാരെന്ന അടിക്കുറിപ്പോടെയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.