ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്ത ചിത്രം ട്വിറ്ററില്‍ പ്രചരിപ്പിച്ച വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. ഹിന്ദു സന്ന്യാസിക്ക് ഒരു മുസ്ലിം മൗലവി മദ്യം ഒഴിച്ച് കൊടുക്കുന്ന ചിത്രമാണ് തസ്ലിമ ട്വീറ്റ് ചെയ്തത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തൊപ്പി ഇട്ട് താടി വളര്‍ത്തിയയാള്‍ ഒഴിച്ച് കൊടുക്കുന്നത് വെളളമാണ്. ഇത് എഡിറ്റ് ചെയ്താണ് മദ്യക്കുപ്പി നല്‍കിയിരിക്കുന്നത്.
കുപ്പിയില്‍ മദ്യവും ഗ്ലാസില്‍ വെളളവും ആണെന്ന് ചിത്രത്തില്‍ വളരെ വ്യക്തമായിട്ടും ഇത് തിരിച്ചറിയാതെയാണ് തസ്ലിമ വ്യാജ ഫോട്ടോ ഷെയര്‍ ചെയ്തത്. വ്യാജ ചിത്രങ്ങള്‍ കണ്ടെത്തിയ നിരവധി വെബ്സൈറ്റുകള്‍ ഇത് ചൂണ്ടിക്കാട്ടിയതോടെ തസ്ലിമയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ആക്രമണം കടുത്തു. ഇതിന് പിന്നാലെ ഇത് വ്യാജ ചിത്രമാണെന്ന് അറിയാതെ പോസ്റ്റ് ചെയ്തതാണെന്ന് എഴുത്തുകാരി കുറിച്ചു. എന്നാല്‍ ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ ഇവര്‍ തയ്യാറായില്ല.
— taslima nasreen (@taslimanasreen) December 6, 2017
വ്യാജ ഫോട്ടോകള്‍ തിരിച്ചറിയാറുളള സോഷ്യല്‍മീഡിയാ ഹോക്സ് സ്ലെയര്‍ എന്ന സൈറ്റാണ് ഇത് ആദ്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. യഥാര്‍ത്ഥ ചിത്രവും വെബ്സൈറ്റ് പങ്കുവെച്ചു. ഇത് ആദ്യമായല്ല തസ്ലിമ ട്വീറ്റിലൂടെ വിവാദം സൃഷ്ടിക്കുന്നത്. അമേരിക്കയിലെ സംഗീത പരിപാടിയിലെ വെടിവെപ്പിന് പിന്നാലെ തസ്ലി പോസ്റ്റ് ചെയ്ത ട്വീറ്റും വിവാദമായിരുന്നു.
‘ഐസിസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു മുസ്ലിം ഭീകരനായിരിക്കും അക്രമണം നടത്തിയിട്ടുണ്ടാവുക. അത്കൊണ്ടാണ് ജനങ്ങല്‍ മുസ്ലിംങ്ങളെ വെറുക്കുന്നത്’ എന്നായിരുന്നു അന്ന് തസ്ലിമ ട്വീറ്റ് ചെയ്തത്. ട്വീറ്റ് വിവാദമായതോടെ ഇവര്‍ പിന്‍വലിക്കുകയായിരുന്നു.