scorecardresearch

Latest News

ഇതൊരു സാധാരണ കല്യാണമല്ല; ഇന്ത്യയിലെ ആദ്യ മെറ്റാവേഴ്സ് വിവാഹാഘോഷത്തിനൊരുങ്ങി തമിഴ്‌നാട് സ്വദേശികൾ

തമിഴ്‌നാട് സ്വദേശികളായ ദിനേശ് എസ് പിയും ജനഗനന്ദിനി രാമസ്വാമിയുമാണ് മെറ്റാവേഴ്‌സിൽ ഹാരിപോട്ടറിലെ ഹൊഗ്‌വാർട്ട്സ് തീമിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി വിവാഹ സൽക്കാരം സംഘടിപ്പിക്കുന്നത്

Metaverse wedding reception, മെറ്റാവേഴ്സ്, Tamil Nadu couple, wedding, virtual wedding, covid, indian express, ie malayalam

കല്യാണങ്ങൾ എത്രത്തോളം വ്യത്യസ്തമാക്കാമെന്നാണ് ഇക്കാലത്ത് വിവാഹിതരാകാൻ പോകുന്ന എല്ലാവരുടെയും ചിന്ത. അത്തരം ചിന്തകളിൽ നിന്ന് വ്യത്യസ്ത രീതിയിലുള്ള പല വിവാഹങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അതിലേക്ക് പുതിയൊരു ആശയവുമായി എത്തുകയാണ് തമിഴ്‌നാട് സ്വദേശികളായ ദിനേശ് എസ് പിയും ജനഗനന്ദിനി രാമസ്വാമിയും. മെറ്റാവേഴ്സിലാണ് ഇവരുടെ വിവാഹാഘോഷം. ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്സ് വിവാഹഘോഷമായിരിക്കുമിത്.

ഫെബ്രുവരിയിലാണ് വിവാഹം. സ്വദേശമായ ശിവലിംഗപുരത്ത് പരമ്പരാഗത രീതിയിൽ നടക്കുന്ന ചടങ്ങുകൾക്ക് ശേഷമാണ് മെറ്റാവേഴ്‌സിൽ ഹാരിപോട്ടറിലെ ഹൊഗ്‌വാർട്ട്സ് തീമിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി വിവാഹ സൽക്കാരം സംഘടിപ്പിക്കുന്നത്.

താൻ തന്നെയാണ് ഈ ആശയം മുന്നോട്ട് വെച്ചതെന്ന് വരൻ ദിനേശ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. “മെറ്റാവേഴ്സിൽ വിവാഹിതരാകുന്ന രാജ്യത്തെ ആദ്യ ദമ്പതികളായിരിക്കും ഞങ്ങൾ. കഴിഞ്ഞ ഒരു വർഷമായി ഞാൻ ബ്ലോക്ക്‌ചെയിനിൽ പ്രവർത്തിക്കുന്നു, അതുകൊണ്ട് തന്നെ ഇതിനെ കുറിച്ചും ക്രിപ്‌റ്റോയെ കുറിച്ചും എനിക്ക് കൂടുതൽ അറിയാം. ബ്ലോക്ക്ചെയിനിൽ പ്രവർത്തിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് മെറ്റാവെർസ്,” അദ്ദേഹം പറഞ്ഞു.

“ഒരു ദിവസം, യൂട്യൂബിൽ ഞാനൊരു മെറ്റാവേഴ്സ് വീഡിയോ കണ്ടു. എന്തുകൊണ്ട് നമുക്ക് മെറ്റാവേഴ്സിൽ ഇങ്ങനെയൊന്ന് ചെയ്തുകൂടാ എന്ന് ഞാൻ ചിന്തിച്ചു? മെറ്റാവേഴ്സിന് വലിയ ഭാവിയുണ്ടെന്ന് എനിക്കറിയാം. ഇപ്പോൾ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികൾ മെറ്റാവേഴ്സിൽ ഒരുപാട് നിക്ഷേപം നടത്തുന്നുണ്ട്. ഇങ്ങനെ ഒന്ന് സംഘടിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ എല്ലാവർക്കും സാങ്കേതികവിദ്യയെക്കുറിച്ച് അറിയാൻ കഴിയുമല്ലോയെന്ന് ഞാൻ കരുതി.അങ്ങനെ ഞങ്ങൾക്ക് ഒരു സ്റ്റാർട്ടപ്പിൽ പ്രവർത്തിക്കാനും അത് വികസിപ്പിക്കാനും കഴിയും,” ഐഐടി മദ്രാസിലെ പ്രോജക്ട് അസോസിയേറ്റ് കൂടിയായ ദിനേശ് കൂട്ടിച്ചേർത്തു.

വധുവിന്റെ പിതാവ് കഴിഞ്ഞ ഏപ്രിലിൽ മരണപ്പെട്ടിരുന്നു. വിവാഹ സൽക്കാരത്തിൽ അദ്ദേഹത്തിന്റെ ഡിജിറ്റൽ അവതാർ ഉണ്ടാക്കി അദ്ദേഹത്തെയും ഉൾപ്പെടുത്താനും ദിനേശ് പദ്ധതിയിടുന്നുണ്ട്. “എന്റെ കാമുകിയുടെ അച്ഛൻ കഴിഞ്ഞ ഏപ്രിലിൽ മരിച്ചു. എനിക്ക് അവളെ അത്ഭുതപ്പെടുത്തണം. അദ്ദേഹത്തെ വെർച്വലായി കൊണ്ടുവന്ന് ചടങ്ങിന്റെ ഭാഗമാക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കാൻ അദ്ദേഹം മെറ്റാവേഴ്സിൽ ഉണ്ടാവും. അതാണ് എനിക്ക് അവൾക്ക് നൽകാൻ കഴിയുന്ന സമ്മാനം,” ദിനേശ് കൂട്ടിച്ചേർത്തു.

ഹാരിപോട്ടർ ആരാധികയായ ജനഗനന്ദിനിയും തങ്ങളുടെ പ്രത്യേക ദിവസം ഹോഗ്‌വാർട്ട്സ് തീമിൽ ആഘോഷിക്കാൻ കഴിയുന്നതിന്റെ ആവേശത്തിലാണ്. “മെറ്റാവേർസ് ഇവന്റിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചപ്പോൾ, ആദ്യ ഘട്ടത്തിൽ എനിക്കത് മനസ്സിലായില്ല. അതെനിക്ക് പുതിയതായിരുന്നു.” ടിസിഎസ്‌ ജീവനക്കാരിയായ വധു ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

“അത് സാധ്യമാകുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എന്തുകൊണ്ടാണ് നമുക്ക് നാട്ടിൽ ഇത് നടത്തിക്കൂടാ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഇത് പരമ്പരാഗതമായ രീതിയിൽ നടത്താനാകുമോ, ആളുകൾ എങ്ങനെ ചേരും, അവരുടെ വസ്ത്രങ്ങൾ എങ്ങനെ, തുടങ്ങിയവയെല്ലാം ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഇതുവരെ, എനിക്ക് ഈ ആശയം പൂർണ്ണമായും മനസ്സിലായിട്ടില്ല. വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” ജനഗനന്ദിനി പറഞ്ഞു.

വിഘ്‌നേഷ് സെൽവരാജിന്റെ നേതൃത്വത്തിലുള്ള ചെന്നൈ ആസ്ഥാനമായുള്ള ട്രഡിവേഴ്‌സ് എന്ന സ്റ്റാർട്ടപ്പാണ് മെറ്റാവേഴ്‌സ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പോളിഗോൺ ടെക്നോളജി ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

“ആളുകൾക്ക് വെബ്‌സൈറ്റിലൂടെ ലോഗിൻ ചെയ്ത് വേണ്ട അവതാർ തിരഞ്ഞെടുക്കാം. ദമ്പതികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അവതാറുകൾ ഇതിനോടകം രൂപകല്പന ചെയ്തിട്ടുണ്ട്. ദമ്പതികളുടെ വീഡിയോ സ്ട്രീമിംഗ് ഉണ്ടാകും, അതിഥികൾക്ക് പരസ്പരം സംസാരിക്കാം. ദമ്പതികളുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കിയാണ് ഹാരിപോട്ടർ തീം തിരഞ്ഞെടുത്തത്. ആരെങ്കിലും ഇന്ത്യൻ തീമിൽ ചടങ്ങ് നടത്താനായി വന്നാൽ ഞങ്ങൾ അതിനും തയ്യറാണ്,” ട്രഡിവേഴ്‌സ് സിഇഒ വിഘ്നേഷ് സെൽവരാജ് പറഞ്ഞു.

“സാങ്കേതിക വൈദഗ്ധ്യം ഇല്ലാത്തവർക്കായി ജനുവരി 25ന് ഒരു ഡെമോ പ്രദർശനം നടത്തും. ഇത് ഉപയോഗിക്കാൻ എളുപ്പമാണ്. ഒരാൾക്ക് ഡെസ്‌ക്‌ടോപ്പ്, ലാപ്‌ടോപ്പ് അല്ലെങ്കിൽ ടാബ്‌ലെറ്റ് വഴി ലോഗിൻ ചെയ്യാം. മെറ്റാവേഴ്‌സ് വിവാഹ സൽക്കാരത്തിന്റെ വീഡിയോ വൈറലായതിന് ശേഷം ഞങ്ങൾക്ക് ധാരാളം പ്രൊപ്പോസലുകൾ ലഭിക്കുന്നുണ്ട്. വരാനിരിക്കുന്ന വാലന്റൈൻസ് ദിനത്തിൽ ഒരു പരിപാടി നടത്താൻ ഞങ്ങൾ പദ്ധതിയിടുന്നുണ്ട്,” സെൽവരാജ് കൂട്ടിച്ചേർത്തു.

ആളുകൾ, സ്ഥലങ്ങൾ, വസ്തുക്കൾ എന്നിവയെല്ലാം ഡിജിറ്റലായി ഒത്തുകൂടുന്ന ഒരു ഡിജിറ്റൽ ഇടമാണ് മെറ്റാവേഴ്സ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഡിജിറ്റൽ രീതിയിൽ യഥാർത്ഥ ആളുകളുള്ള ഒരു “ഡിജിറ്റൽ ലോകം” ആണിത്.

Also Read: തീപ്പെട്ടിക്കൂടില്‍ ഒതുക്കാം ഈ 5.5 മീറ്റര്‍ സാരി; നെയ്ത്തുകാരനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

ഫ്ലോറിഡയിലെ ദമ്പതികളായ ട്രാസിയും ഡേവ് ഗാഗ്നനുമാണ് ലോകത്ത് ആദ്യമായി മെറ്റാവേഴ്സിൽ വിവാഹം നടത്തിയ ദമ്പതികൾ. അവരുടെ സ്വന്തം ചിത്രങ്ങളും വസ്ത്രങ്ങളും ഉപയോഗിച്ചാണ് അവർ വിവാഹത്തിനുള്ള ഡിജിറ്റൽ അവതാർ സൃഷ്ടിച്ചെടുത്തത്. ക്‌ളൗഡിലൂടെയാണ് ട്രാസിയും ഡേവ് ഗാഗ്നനും ആദ്യമായി കണ്ടുമുട്ടിയത് അതുകൊണ്ട് തന്നെയാണ് വിവാഹത്തിന് അവർ മെറ്റാവേഴ്സ് എന്ന ആശയം തിരഞ്ഞെടുത്തത്. തൊഴിലാളി ദിനത്തിന്റെ വാരാന്ത്യത്തിൽ, ജോലി, പഠനം, ആഘോഷങ്ങൾ എന്നിവയ്ക്കായി വെർച്വൽ ലോകം നിർമ്മിക്കുന്ന കമ്പനിയായ വിർബെലയിലൂടെയായിരുന്നു അവരുടെ വിവാഹ ചടങ്ങ്.

ന്യൂ ഹാംഷെയറിലെ അറ്റ്കിൻസൻ റിസോർട്ട് & കൺട്രി ക്ലബ്ബിൽ വെച്ച് സെപ്തംബർ നാലിനാണ് ഇരുവരുടെയും യഥാർത്ഥ വിവാഹചടങ്ങ് നടന്നത്. അതിനൊപ്പം തന്നെയായിരുന്നു വിർബെലയിലൂടെയുള്ള വെർച്വൽ ചടങ്ങും. ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവരാണ് മെറ്റാവേഴ്സിലൂടെ പങ്കെടുത്തത്. അതിനായി നിർമ്മിച്ച സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്ത് കമ്പ്യൂട്ടറിന്റെ സഹായത്തോടെ സ്വന്തം അവതാറുകൾ സൃഷ്‌ടിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്.

മെറ്റാവേഴ്സിലൂടെ ഒരു പരിപാടി സംഘടിപ്പിക്കുന്നതിന്റെ ചെലവ് ‘നിങ്ങൾക്ക് എന്താണ് വേണ്ടത്’ എന്നതിനെ ആശ്രയിച്ചു ഇരിക്കുമെന്നാണ് ഇവരുടെ വിവാഹ ചടങ്ങ് മെറ്റാവേഴ്സിൽ നടത്തിയ വിർബെലയുടെ ഇവന്റ് സെയിൽസ് ആൻഡ് പാർട്ണർഷിപ്പ് ഡയറക്ടർ പാട്രിക് പെറി പറയുന്നത്. “ഒരു എഞ്ചിനീയർ ഒരു എംജിഎം ബോൾറൂം അല്ലെങ്കിൽ അത്തരത്തിലുള്ള എന്തെങ്കിലും നിർമ്മിക്കുകയാണെങ്കിൽ, ചിലവ് കൂടുന്നു, അത് ആയിരം ഡോളർ മുതൽ 10,000 ഡോളർ വരെ ആവാം.”

എന്നാൽ ഒരു വീഡിയോ ഗെയിമിനുള്ളിലെ ഒരു ചടങ്ങ് പോലെ, മെറ്റാവേസിൽ മാത്രം നടക്കുന്ന വിവാഹങ്ങൾ നിലവിൽ നിയമപരമല്ല. എന്നാൽ മെറ്റാവേർസ് ഈ വെർച്വൽ ആഘോഷങ്ങളെ വളരെയധികം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് ​​വിദഗ്ധർ അഭിപ്രയപ്പെടുന്നത്. വിവാഹ ആഘോഷങ്ങൾക്ക് പുതിയൊരു അനുഭവം നൽകാൻ മെറ്റാവേഴ്‌സുകൾക്കാവും.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Tamil nadu couple to host wedding reception in metaverse