അങ്ങനെ ഇന്ത്യയിലെ ആദ്യ മെറ്റാവേഴ്സ് വിവാഹ റിസപ്‌ഷൻ നടന്നു. തമിഴ്‌നാട് സ്വദേശികളായ ദിനേശ് എസ് പിയും ജനഗനന്ദിനി രാമസ്വാമിയുമാണ് ഫെബ്രുവരി 06ന് ഹാരിപോട്ടറിലെ ഹൊഗ്‌വാർട്ട്സ് തീമിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി വിവാഹ സൽക്കാരം സംഘടിപ്പിച്ചത്.
സ്വദേശമായ ശിവലിംഗപുരത്ത് നടന്ന പരമ്പരാഗത രീതിയിലുള്ള വിവാഹത്തിന് ശേഷമാണു ലോകമെമ്പാടുമുള്ള 6,000 പേർക്ക് വേണ്ടി മെറ്റാവേഴ്സിൽ വിവാഹ റിസപ്‌ഷൻ സംഘടിപ്പിച്ചത്. ഏഷ്യയിലെ ആദ്യത്തെ മെറ്റാവേർസ് വിവാഹ സൽക്കാരമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മരണപ്പെട്ട വധുവിന്റെ പിതാവിനെയും ഉൾപ്പെടുത്തി കൊണ്ടായിരുന്നു വെർച്വൽ പരിപാടി.
ഫോണിൽ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ച ദിനേശ്, എല്ലാം നന്നായി നടന്നുവെന്നും ആളുകൾ സന്തോഷത്തിലാണെന്നും പറഞ്ഞു. ദിനേശിന്റെയും ജഗനന്ദിനിയുടെയും വെർച്വൽ അവതാറുകൾ പരമ്പരാഗത വസ്ത്രങ്ങളിലാണ് പങ്കെടുത്തത്.
“ഞങ്ങൾ ഹിൽ സ്റ്റേഷനിൽ ആയിരുന്നതിനാൽ, ശരിയായ നെറ്റ്‌വർക്ക് കണക്ഷൻ ഇല്ലായിരുന്നു, അത് കാരണം അൽപം ബുദ്ധിമുട്ടി. എന്നാലും, സംഭവം നന്നായി നടന്നു. ജർമ്മനി, ഓസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സ്വീകരണത്തിൽ പങ്കെടുത്തു. ചെന്നൈയിൽ നിന്നുള്ള കാറ്ററിങ് കമ്പനി ഞങ്ങളുടെ അതിഥികളുടെ വീടുകളിൽ ഭക്ഷണം വിതരണം ചെയ്തു. കോയിൻസ്വിച് കമ്പനിയാണ് പരിപാടി സ്പോൺസർ ചെയ്തത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഏപ്രിലിൽ വധുവിന്റെ പിതാവ് മരണപ്പെട്ടു, അതുകൊണ്ട് റിസപ്ഷനിൽ അദ്ദേഹത്തിന്റെ ഡിജിറ്റൽ അവതാറും വേണമെന്ന് ദിനേശ് പദ്ധതിയിട്ടിരുന്നു. “ജഗനന്ദിനിയുടെ പരേതനായ പിതാവിന്റെ അവതാർ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും പരിപാടിയെ സവിശേഷമാക്കുകയും ചെയ്തു,” ഐഐടി-മദ്രാസിലെ പ്രോജക്ട് അസോസിയേറ്റ് കൂടിയായ ദിനേശ് കൂട്ടിച്ചേർത്തു.
പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

Also Read: ഇതൊരു സാധാരണ കല്യാണമല്ല; ഇന്ത്യയിലെ ആദ്യ മെറ്റാവേഴ്സ് വിവാഹാഘോഷത്തിനൊരുങ്ങി തമിഴ്‌നാട് സ്വദേശികൾ
മെറ്റാവേഴ്സ് വിവാഹം നടത്തുന്നതിനെ കുരുക്ക് ദിനേശ് നേരത്തെ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ചിരുന്നു. “ഒരു ദിവസം, യൂട്യൂബിൽ ഞാനൊരു മെറ്റാവേഴ്സ് വീഡിയോ കണ്ടു. എന്തുകൊണ്ട് നമുക്ക് മെറ്റാവേഴ്സിൽ ഇങ്ങനെയൊന്ന് ചെയ്തുകൂടാ എന്ന് ഞാൻ ചിന്തിച്ചു? മെറ്റാവേഴ്സിന് വലിയ ഭാവിയുണ്ടെന്ന് എനിക്കറിയാം. ഇപ്പോൾ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികൾ മെറ്റാവേഴ്സിൽ ഒരുപാട് നിക്ഷേപം നടത്തുന്നുണ്ട്. ഇങ്ങനെ ഒന്ന് സംഘടിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ എല്ലാവർക്കും സാങ്കേതികവിദ്യയെക്കുറിച്ച് അറിയാൻ കഴിയുമല്ലോയെന്ന് ഞാൻ കരുതി.അങ്ങനെ ഞങ്ങൾക്ക് ഒരു സ്റ്റാർട്ടപ്പിൽ പ്രവർത്തിക്കാനും അത് വികസിപ്പിക്കാനും കഴിയും,” ദിനേശ് അന്ന് പറഞ്ഞു.