scorecardresearch

സ്വിമ്മിങ് പൂൾ, ഹെലിപാഡ്; ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറിന്റെ അകക്കാഴ്ചകൾ

ആഡംബര സൗകര്യങ്ങക്കെ ഉണ്ടെങ്കിലും അതിന്റെ നീളം കാരണം റോഡുകളിൽ പാർക്ക് ചെയ്യുന്നതിനും ഡ്രൈവ് ചെയ്യുന്നതിനും ബുദ്ധിമുട്ടാണ്

The American Dream, car, ie malayalam

36 വർഷത്തിനുശേഷം, പഴയ പ്രതാപം വീണ്ടെടുത്ത് പുതിയ ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് ‘ദി അമേരിക്കൻ ഡ്രീം’ എന്ന കാർ. പഴയ റെക്കോർഡ് മറികടന്ന് 2022 മാർച്ച് ഒന്നിന് ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ എന്ന നേട്ടമാണ് കൈവരിച്ചത്. 1986 ൽ പ്രമുഖ കാർ നിർമ്മാതാക്കളായ ജയ് ഓർബർഗാണ് ‘ദി അമേരിക്കൻ ഡ്രീം’ എന്ന കാർ ആദ്യം നിർമ്മിച്ചത്. 100 അടിയായിരുന്നു നീളം. 2022 ൽ 1.5 ഇഞ്ച് നീളം കൂട്ടി. സാധാരണ കാറിന്റെ നീളം 12 മുതൽ 16 അടിയാണ്.

ബാത്ത് ടബ്, വാട്ടർബെഡ്, മിനി ഗോൾഫ് കോഴ്‌സ്, നിരവധി ടെലിവിഷനുകൾ, കൂടാതെ അയ്യായിരം പൗണ്ട് ഭാരം വഹിക്കാൻ കഴിയുന്ന ഒരു ഹെലിപാഡ് എന്നിങ്ങനെ ആഡംബര സൗകര്യങ്ങൾ ഈ കാറിലുണ്ട്. ഇതൊക്കെയാണെങ്കിലും അതിന്റെ നീളം കാരണം റോഡുകളിൽ പാർക്ക് ചെയ്യുന്നതിനും ഡ്രൈവ് ചെയ്യുന്നതിനും ബുദ്ധിമുട്ടാണ്.

ഇത്രയും സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും, കാർ ഒരിക്കൽ ഒരു വെയർഹൗസിൽ ഉപേക്ഷിക്കപ്പെട്ടു. ഭാഗ്യവശാൽ, വാഹന പ്രേമിയായ മൈക്കൽ മാനിങ്ങിന്റെ കണ്ണിൽപ്പെട്ടു. ഗിന്നസ് വേൾഡ് റെക്കോർഡ്സ് റിപ്പോർട്ട് ചെയ്തതുപോലെ, മാനിങ്ങിന് ഈ കാർ വാങ്ങാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോസിയം എന്ന തന്റെ ഓട്ടോമോട്ടീവ് ടീച്ചിങ് മ്യൂസിയത്തിൽ പുനഃസ്ഥാപിക്കുന്നതിനായി ന്യൂയോർക്കിലേക്ക് കൊണ്ടുവരാൻ അനുവദിക്കണമെന്ന് കാർ വിൽക്കുന്ന കോർപ്പറേഷനോട് അദ്ദേഹം ആവശ്യപ്പെട്ടു.

പുനരുദ്ധാരണ പദ്ധതിക്കായി സംഭാവനകൾ സ്വീകരിക്കാൻ മാനിങ് പദ്ധതിയിട്ടിരുന്നുവെങ്കിലും മതിയായ ഫണ്ട് ശേഖരിക്കുന്നതിൽ പരാജയപ്പെട്ടു. 2019-ൽ ഡെസർലാൻഡ് പാർക്ക് കാർ മ്യൂസിയത്തിന്റെ ഉടമ മൈക്കൽ ഡെസർ കാർ കണ്ടെത്തി കൊണ്ടുവന്നു. മാനിങ്ങിനൊപ്പം ചേർന്ന് അദ്ദേഹം കാറിന്റെ പുനരുദ്ധാരണ ജോലികൾ തുടങ്ങി. ഇതിനു ഏകദേശം 2,50,000 ഡോളർ (1.9 കോടി) വേണ്ടിവന്നു. ഇപ്പോൾ ഈ കാറിനെ യുഎസിലെ ഫ്ലോറിഡയിലുള്ള ഡെസർലാൻഡ് പാർക്ക് കാർ മ്യൂസിയത്തിൽ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്.

Read More: പൂച്ചയെ രക്ഷിക്കാനായിരുന്നു ശ്രമം; പക്ഷെ ചെറുതായി ഒന്ന് കുടുങ്ങിപ്പോയി; വീഡിയോ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Swimming pool helipad the worlds longest car has it all