ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂറിന്റെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസില്‍ ആരോപണ വിധേയയായ ഒരാളെ വിജയിപ്പിച്ച് ലോക്‌സഭയിലേക്ക് അയയ്ക്കുന്നു എന്നാണ് സ്വര തന്റെ ട്വിറ്ററില്‍ കുറിച്ചത്.

‘ഇന്ത്യയുടെ പുതിയ തുടക്കത്തില്‍ ആഹ്ലാദിക്കുന്നു! ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസില്‍ പ്രതിയായ ഒരാളെ ലോക് സഭയിലേക്ക് അയയ്ക്കുന്നു. ഓഹോ… ഇനി നമ്മളെങ്ങനെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തും?,’ പരിഹസിച്ചു കൊണ്ടായിരുന്നു സ്വരയുടെ ട്വീറ്റ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രഗ്യാ സിങ് ഠാക്കൂറും ആ പട്ടികയിലുണ്ട്. ഭോപ്പാലില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് പ്രഗ്യയുടെ കുതിപ്പ്. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് നന്ദിയെന്ന് പ്രഗ്യ പ്രതികരിച്ചു. ‘എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് ജനങ്ങള്‍ക്ക് നന്ദി. അധര്‍മ്മത്തിന് മേല്‍ ധര്‍മ്മത്തിന്റെ വിജയമാണിത്,’ പ്രഗ്യാ സിങ് പറഞ്ഞു.

Read More: പ്രധാനമന്ത്രി പൊറുത്തില്ല, പക്ഷെ ഇന്ത്യക്കാര്‍ പൊറുത്തു കൊടുത്തു; സ്ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് പാര്‍ലമെന്റിലേക്ക്

1989 മുതല്‍ ഭോപ്പാലില്‍ നിന്നും ബിജെപി ഒരു പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. സ്‌ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട പ്രഗ്യ സിങ് ദേശീയതയെ ഉയര്‍ത്തിയാണ് ഹിന്ദി ഹൃദയഭൂമിയില്‍ വിജയിക്കുന്നത്. മലേഗാവ് സ്‌ഫോടനക്കേസിൽ ഇപ്പോള്‍ പ്രഗ്യാ സിങ് ജാമ്യത്തിലാണ് ഉളളത്.

ഈ ആഴ്ചയില്‍ കേസിലെ പ്രതികളെ ഹാജരാക്കണമെന്ന് എന്‍ഐഎക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇവരുടെ അഭിഭാഷകര്‍ ഹാജരാകുന്നതില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച്ച കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇവരുടെ അപേക്ഷ സ്വീകരിച്ച് കോടതി ഇളവ് നല്‍കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook