കൊച്ചി: എഴുത്തുകാരെ പരസ്യമായി ഭീഷണിപ്പെടുത്തി രംഗത്തെത്തിയ ഹിന്ദുഐക്യ വേദി വിവാദ നേതാവ് കെ.പി.ശശികലയെ പരോക്ഷമായി വിമര്‍ശിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. “വാവ സുരേഷിനെ വിളിക്കൂ പറവൂരിനെ (കേരളത്തെ) രക്ഷിക്കൂ” എന്നാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്.

‘ആയുസ്സിന് വേണ്ടി എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കുന്നതാണ് നല്ലത്’ എന്നായിരുന്നു ശശികലയുടെ പരാമര്‍ശം. എന്നാല്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും ആര്‍എസ്എസ് എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്ന സംഘടന അല്ലെന്നും ശശികല പിന്നീട് പ്രതികരിച്ചു. പറവൂരില്‍ ഹിന്ദു ഐക്യവേദി നടത്തിയ പരിപാടിക്കിടെയായിരുന്നു ശശികലയുടെ പരാമര്‍ശം.

“ഇവിടത്തെ മതേതര എഴുത്തുകാര്‍ ആയുസ്സിന് വേണ്ടി മൃത്യുജ്ഞയ ഹോമം കഴിപ്പിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍‍ എപ്പഴാണ് എന്താണ് വരുന്നതെന്ന് പറയാന്‍ പറ്റില്ല. ഓര്‍ത്ത് വെക്കാന്‍ പറയുന്നതാണ്. അടുത്തുളള ക്ഷേത്രത്തില്‍ പോയി മൃത്യുജ്ഞയ ഹോമം കഴിപ്പിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെട്ടേക്കാം”, ശശികല മുന്നറിയിപ്പ് നല്‍കി.

നേരത്തേയും ഇത്തരം വിവാദ പരാമര്‍ശങ്ങളുമായി ശശികല രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ​വിവാദങ്ങളെ  തുടർന്ന് ശശികല പഠിപ്പിച്ചിരുന്ന  സ്കൂളിലെ കുട്ടികള്‍ പോലും അധ്യാപിക കൂടിയായ ശശികലയ്ക്കെതിരെ  രംഗത്ത് വന്നിരുന്നു. നാട്ടുകാരും കുട്ടികൾക്കൊപ്പം പിന്തുണയേകി സമരത്തിനെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ