ചൈനീസ് പ്രസിഡന്‌റ് ഷി ചിന്‍ പിങ്ങുമായുള്ള അനൗപചാരിക ഉച്ചകോടിയ്ക്കായി മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ദിനം ആരംഭിച്ചത് സ്വച്ഛ് ഭാരതിനും ഫിറ്റ്‌നസ്സ് ഇന്ത്യയ്ക്കും ഒപ്പമായിരുന്നു. രാവിലെ വ്യായാമത്തിനായി ബീച്ചിലിറങ്ങിയ പ്രധാനമന്ത്രി ചപ്പുചവറുകള്‍ വാരി കവറിലാക്കി താൻ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരനായ ജയരാജിനെ ഏല്‍പ്പിച്ചു.

കടല്‍ തീരത്തുള്ള പ്ലാസ്റ്റിക് കവറുകള്‍, ബോട്ടിലുകള്‍ തുടങ്ങിയവയെല്ലാം അദ്ദേഹം നടത്തത്തിനിടെ പെറുക്കിയെടുത്തു. നമ്മുടെ പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ പ്രത്യേക ഉറപ്പും ശ്രദ്ധയും നല്‍കണമെന്നും സ്വന്തം ശരീരത്തിന്‌റെ ആരോഗ്യത്തിലും ഫിറ്റ്‌നസിലും ശ്രദ്ധിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. ഒപ്പം ദൃശ്യങ്ങളും പങ്കുവച്ചു.

പ്രധാനമന്ത്രി തന്നെ തുടങ്ങിവച്ച പദ്ധതികളാണ് സ്വച്ഛ് ഭാരതും ഫിറ്റ്നസ്സ് ഇന്ത്യയും. വൃത്തിയുള്ളതും ആരോഗ്യമുള്ളതുമായ രാജ്യം എന്നതാണ് ഇതിലൂടെ താൻ ലക്ഷ്യമിടുന്നതെന്ന് നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിൽ വുഹാനിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന, ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിയുടെ ഒന്നാം ദിവസം വെള്ളിയാഴ്ച മഹാബലിപുരത്ത് നടന്നു. മഹാബലിപുരം ഉച്ചകോടിയുടെ സമാപന ദിവസമായ ഇന്ന് ടാംഗോ ഹാളിൽ വച്ച് ഇരുനേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തും.

ഒറ്റത്തവണ കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യയും ചൈനയും ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള പ്രതിനിധി തലത്തിലുള്ള ചര്‍ച്ചകള്‍ നടത്തും. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഷി ചിന്‍ പിങും തമ്മിലുള്ള ദ്വിദിന അനൗപചാരിക ഉച്ചകോടിയുടെ ഫലത്തെക്കുറിച്ച് ഇരുപക്ഷവും പ്രത്യേക പ്രസ്താവനകള്‍ പുറപ്പെടുവിക്കും. പ്രധാനമന്ത്രി മോദി ആതിഥേയത്വം വഹിച്ചുകൊണ്ട് ഉച്ചകോടി സമാപിക്കും.

ഷി ആവശ്യപ്പെടുകയാണെങ്കിൽ മാത്രം ജമ്മു കശ്മീരിലെ സമീപകാല സംഭവ വികാസങ്ങളെ കുറിച്ച് പ്രധാനമന്ത്രി ചർച്ച നടത്തുമെന്ന് അടുത്തവൃത്തങ്ങൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. കശ്മീരിൽ കേന്ദ്രം അത്തരത്തിലൊരു തീരുമാനമെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചേക്കും. ഈ തീരുമാനത്തോട് ചൈന കൂടുതൽ സെൻസിറ്റീവ് ആകണമെന്ന് അദ്ദേഹം ആവശ്യപ്പെടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook