മതസൗഹാർദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ഫ് എക്സല്‍ പരസ്യത്തിനെതിരെ സംഘപരിവാറിന്റെ ആക്രമണം നടക്കുമ്പോള്‍, സര്‍ഫ് എക്സലാണെന്ന് തെറ്റിദ്ധരിച്ച് മൈക്രോസോഫ്റ്റ് എക്സലിന്റെ പേജില്‍ വിരോധം തീര്‍ക്കുകയാണ് ഒരു കൂട്ടര്. ‘സര്‍ഫ് എക്സല്‍ നിരോധിക്കുക, ഹിന്ദു വിരോധമാണ്. പാക്കിസ്ഥാനില്‍ പോയി ബിസിനസ് നടത്തൂ,’ എന്നൊക്കെ പറഞ്ഞുകൊണ്ടാണ് കമന്റുകള്‍.
ഹോളിയുടെ പശ്ചാത്തലത്തില്‍ മതസൗഹാർദത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം ദിവസങ്ങള്‍ക്കു മുമ്പാണ് സര്‍ഫ് എക്സല്‍ പുറത്തു വിട്ടത്. ഹോളി ആഘോഷത്തിനിടെ ഒരു പെണ്‍കുട്ടി തന്റെ മുസ്ലിം സുഹൃത്തിനെ അവന്റെ വെളുത്ത വസ്ത്രത്തില്‍ നിറം പറ്റാതെ വെള്ളിയാഴ്ച പള്ളിയില്‍ നമസ്കാരത്തിന് കൊണ്ടുപോകുന്നതാണ് പരസ്യം.
When you are confused between #SurfExcel and Microsoft Excel, shit happens. pic.twitter.com/vxJaVfLzcw
— Aparna (@chhuti_is) March 11, 2019
ഹോളിയായതിനാല്‍ ബക്കറ്റില്‍ ചായം നിറച്ചും കളര്‍ വെള്ളം നിറച്ച ബലൂണുകളുമായും കാത്തിരിക്കുന്നവര്‍ക്ക് മുമ്പില്‍ ആ പെണ്‍കുട്ടി പോയി നില്‍ക്കുകയും അവരെ പ്രകോപിപ്പിച്ച് കൈവശമുണ്ടായിരുന്ന ബലൂണുകൾ തന്റെ ദേഹത്തേക്ക് കൊളളിപ്പിക്കുന്നു. ബലൂണുകൾ തീര്‍ന്നെന്ന് ഉറപ്പു വരുത്തിയതിന് ശേഷം അവള് തന്നെ സുഹൃത്തിനെ വിളിച്ച് സൈക്കിളില്‍ പള്ളിയിലേക്ക് കൊണ്ടു പോകുന്നു. പോകും വഴി ചായമെറിഞ്ഞവരില് ഒരു കുട്ടി തന്റെ കൈവശം ബാക്കിയുണ്ടായിരുന്ന ബലൂണ്‍ എറിയാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു കുട്ടി അവനെ തടയുന്നു.
പള്ളിക്കുമുമ്പില്‍ സുഹൃത്തിനെ ഇറക്കി വിടുമ്പോള്‍ ‘ഞാന്‍ നമസ്കരിച്ചിട്ടു വരാം’ എന്നു പറഞ്ഞ് അവന് പടികള്‍ കയറുകയും, ‘വന്നതിന് ശേഷം നമുക്ക് ഹോളി കളിക്കാം’ എന്ന് പെണ്‍കുട്ടി മറുപടി പറയുകയുമാണ്.
ഈ പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ സര്‍ഫ് എക്സല്‍ ബഹിഷ്കരിക്കുമെന്നാണ് ഭീഷണി.