നടനും എംപിയുമായ സുരേഷ് ഗോപിയുടെ വിഷുകൈനീട്ടം വിവാദമാകുന്നു. തൃശൂരിൽ വഴിയരികിൽ തന്റെ ആഡംബര വാഹനത്തിലിരുന്ന് സ്ത്രീകൾ ഉൾപ്പെടെ ഒരുകൂട്ടം ആളുകൾക്ക് വിഷുകൈനീട്ടം നൽകുന്ന വീഡിയോയാണ് വിവാദമായിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധിപേരാണ് നടനെ വിമർശിച്ച് രംഗത്തെത്തുന്നത്.
റോഡ് സൈഡിൽ നിർത്തിയിട്ട കാറിന്റെ ഡോർ തുറന്ന് അതിനുള്ളിൽ ഇരുന്ന് സുരേഷ് ഗോപി ആളുകൾക്ക് പണം നൽകുന്നതും ഓരോരുത്തർ വരി വരിയായി നിന്ന് നടനിൽ നിന്ന് പണം വാങ്ങി പോകുന്നതുമാണ് വീഡിയോയിൽ. ചിലർ സുരേഷ് ഗോപിയുടെ കാൽ തൊട്ട് തൊഴുതാണ് പോകുന്നത്. അവസാനം കൈനീട്ടം വാങ്ങിയ എല്ലാവരെയും കാറിന് മുന്നിൽ നിർത്തി ഫൊട്ടോയെടുക്കുന്നതും വീഡിയോയിൽ കാണാം.
ഇന്ത്യടുഡേ ഓൺലൈന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. പഴയ സവർണ മാടമ്പികളുടെ രീതിയിലാണ് സുരേഷ് ഗോപി പെരുമാറുന്നത്. പഴയ കാലഘട്ടത്തിലേക്ക് നമ്മൾ തിരിച്ചു പോവുകയാണ് എന്നിങ്ങനെയൊക്കെയാണ് സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾ.
കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുദിവസം കൈനീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമായിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകൾ സുരേഷ് ഗോപി നൽകിയതാണ് വിവാദമായത്. ഇതിനു പിന്നാലെ മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നത് വിലക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും സുരേഷ് ഗോപി ഇത്തരത്തിൽ പണം നൽകിയതായാണ് വിവരം.
കഴിഞ്ഞ ഞായറാഴ്ച മുതൽ കൈനീട്ട പരിപാടിയുമായി സുരേഷ് ഗോപി രംഗത്തുണ്ട്. റിസർവ് ബാങ്കിൽ നിന്നെടുത്ത പുത്തൻ ഒരു രൂപ നോട്ടുകളാണ് ക്ഷേത്രങ്ങളിൽ വിതരണം ചെയ്തത്. കാറിൽ ഇരുന്ന് നൽകിയതും ഇത് തന്നെയാണോ എന്ന് വ്യക്തമല്ല. ഈ മാസം രാജ്യസഭാംഗത്വ കാലാവധി അവസാനിക്കാനിരിക്കെ അടുത്ത തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ കൈനീട്ട പരിപാടിയെന്നാണ് പരക്കെ ആക്ഷേപം.
Also Read: പാർലമെന്റിലും ഒരു ‘ചാമ്പിക്കോ’ മൊമന്റ്; ചിത്രങ്ങൾ