തൃശൂര്‍: പാട്ടുപാടി കയ്യടി നേടി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലും സുരേഷ് ഗോപി പാട്ടുപാടി തകര്‍ത്തപ്പോള്‍ സദസില്‍ കയ്യടിമേളമുയര്‍ന്നു.

വിഷു ആഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ വടക്കുനാഥ ക്ഷേത്ര മൈതാനത്ത് ബോലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘വിഷു സന്ധ്യ’ ആഘോഷ പരിപാടിയിലാണ് സുരേഷ് ഗോപി ഗായകനായത്. ഗാനമേളക്കിടെ വേദിയിലെത്തിയ സുരേഷ് ഗോപി മറ്റ് ഗായകര്‍ക്കൊപ്പം പാട്ടുപാടാന്‍ ആരംഭിച്ചു. വിഷു തലേന്നായ ശനിയാഴ്ച രാത്രിയായിരുന്നു പരിപാടി. നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. പാട്ടുപാടാന്‍ സുരേഷ് ഗോപി കൂടി എത്തിയതോടെ വടക്കുനാഥ ക്ഷേത്ര മൈതാനത്ത് ആളുകള്‍ നിറഞ്ഞു.

താന്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘സമ്മര്‍ ഇന്‍ ബത്‌ലഹേമി’ലെ ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന ഗാനമാണ് സുരേഷ് ഗോപി ആലപിച്ചത്. മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ.രാജഗോപാലും പരിപാടിയില്‍ പങ്കെടുത്തു.

തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിലാണ് സുരേഷ് ഗോപി വിഷുക്കണി കണ്ടത്. വീട്ടില്‍ നിന്ന് കണ്ണടച്ചുകൊണ്ട് തന്നെ കുളിയും മറ്റ് പ്രഭാത കൃത്യങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് തിരുവമ്പാടി ക്ഷേത്രത്തില്‍ പോയതെന്നും വിഷുക്കണി കണ്ടതെന്നും സുരേഷ് ഗോപി പങ്കുവച്ചു. വീട്ടിലായിരിക്കുമ്പോള്‍ ഉറക്കം എഴുന്നേറ്റ് കണ്ണ് തുറക്കാതെ താഴെ പൂജാമുറിയില്‍ പോയി കണി കാണുന്നതിന് തുല്യമായിരുന്നു തൃശൂരിലെ കണി കാണലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനുവേണ്ടി താൻ തന്‍റെ ‘ഹൃദയക്കണ്ണ്’ സമർപ്പിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Read More: ‘അമ്പലം വരെ കണ്ണടച്ച് പോയി, കുളിക്കുമ്പോഴും കണ്ണ് തുറന്നില്ല’: സുരേഷ് ഗോപി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook