വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥി എസ്.സുരേഷിന് വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപിക്ക് ഞെട്ടിക്കുന്ന മറുപടി നൽകുന്ന വീട്ടമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. സാറ് മത്സരിക്കുകയാണെങ്കില്‍ വോട്ടിടാമെന്നും അല്ലാതെ സിപിഎം സ്ഥാനാർഥിയല്ലാത്ത മറ്റൊരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നുമാണ് സുരേഷ് ഗോപിയോട് വീട്ടമ്മ പറഞ്ഞത്.

“ഞാന്‍ എന്റെ വോട്ട് സാറിനിടും. അല്ലാതെ സാറ് എന്നോട് ഒന്നും പറയരുത്. സാറ് സ്ഥാനാർഥിയായി നിന്നാല്‍ ഞാന്‍ വോട്ടിടും” വീട്ടമ്മ പറയുന്നത് വീഡിയോയിൽ കേൾക്കാം.

ഞാന്‍ മത്സരിക്കുന്നതിന് തുല്യമാണ് സുരേഷ് മത്സരിക്കുന്നതെന്നും അദ്ദേഹത്തെ കൊണ്ട് ജോലിയെടുപ്പിക്കുന്നത് താനാണെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാൽ അതൊന്നും സാറ് പറയരുതെന്നും സാറ് സിനിമയില്‍ ആയതുകൊണ്ടും സാറിന്റെ സിനിമകള്‍ ഇഷ്ടമായതുകൊണ്ടും ഞാന്‍ സാറിന് വോട്ട് ചെയ്യാമെന്നും അല്ലാതെ വേറെ ഒരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നും വീട്ടമ്മ ആവര്‍ത്തിച്ചു.

“സാറ് സിനിമയില്‍ സിപിഎമ്മുകാരനായി അഭിനയിച്ചിട്ടുണ്ടോ, ഇല്ലല്ലോ ഞാന്‍ കഴിഞ്ഞ 45 വര്‍ഷമായി സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പറ്റൂല സാറേ.. ആ ചോരയും ഈ ചോരയും ഒന്നായതുകൊണ്ട്… പക്ഷേ സാറ് നിക്ക് ഞാന്‍ ഇടും,” എന്നാണ് വീട്ടമ്മ പറഞ്ഞത്.

വീട്ടമ്മയുടെ വാക്കുകൾ കേട്ട സുരേഷ് ഗോപി ‘ഞാന്‍ അത് ബഹുമാനിക്കുന്നു’ എന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook