ഏറ്റവും കൂടുതൽ കാലം കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമായുള്ള രാഷ്ട്രീയ നേതാവാണ് ഇ.കെ.നായനാർ. രാഷ്ട്രീയ എതിരാളികളോട് പോലും സരസമായി സംസാരിക്കുന്ന രാഷ്ട്രീയ നേതാവാണ് നായനാർ. സംവാദ പരിപാടികളിൽ അടക്കം നായനാർ പുലർത്തുന്ന സമീപനം മറ്റ് രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും ഏറെ വ്യത്യസ്തമാണ്. നായനാരുടെ പഴയൊരു ടിവി പരിപാടി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. ‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു’ എന്ന തലക്കെട്ടോടെയാണ് വർഷങ്ങൾക്കു മുൻപുള്ള ഒരു വീഡിയോ സുരേഷ് ഗോപി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മിനിറ്റുകൾക്കകം വീഡിയോ വൈറലായി.
Read Also: ധോണിയും കോഹ്ലിയുമുൾപ്പടെ പലരും യുവരാജിനെ പിന്നിൽ നിന്ന് കുത്തി: യോഗ്രാജ് സിങ്
വീഡിയോ പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ:
ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു…..
എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലതെ ഞങ്ങളെ വിട്ട് പോയത്.
ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്.
സഖാവ് E.K Nayanar
ബിജെപി നേതാവായ സുരേഷ് ഗോപി ഇ.കെ.നായനാരെ പോലൊരു കമ്യൂണിസ്റ്റ് നേതാവിനെ കുറിച്ച് എഴുതിയ വരികൾ ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. നിരവധി പേരാണ് സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
മൂന്ന് തവണയായി 11 വര്‍ഷത്തോളം മുഖ്യമന്ത്രി കസേരയിലിരുന്ന ഇ.കെ.നായനാര്‍ ഏറെ ജനകീയനായ മുഖ്യമന്ത്രിയായിരുന്നു. ഏകദേശം ഇത്ര വര്‍ഷത്തോളം തന്നെ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനവും വഹിച്ചു. അഞ്ച് വർഷം കാലാവധി തികച്ച ആദ്യ ഇടതുപക്ഷ സർക്കാരിനെ നയിച്ച നേതാവ് കൂടിയാണ് ഇ.കെ.നായനാർ.
ഏറമ്പാല കൃഷ്ണൻ നായനാർ എന്നായിരുന്നു ഇ.കെ.നായനാരുടെ മുഴുവൻ പേര്. 1919 ഡിസംബർ ഒൻപതിന് കല്യാശേരിയിലാണ് ഇ.കെ.നായനാർ ജനിച്ചത്. കോൺഗ്രസ് പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാവായി മാറി. 1980 ലും 1987 ലും 1996 ലുമായി 3991 ദിവസം മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചു. രണ്ട് തവണ പ്രതിപക്ഷ നേതാവായി. 23 വര്‍ഷം നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. 2004 മേയ് 19 നാണ് നായനാർ ഓർമയായത്.