സോഷ്യൽ മീഡിയയിൽ ട്രോളന്മാർക്ക് അവരുടെ പ്രിയപ്പെട്ട ഹീറോമാരിൽ ഒരാൾ ദശമൂലം ദാമുവാണ് എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകില്ല. ഷാഫി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം ചട്ടമ്പിനാട്ടില്‍ മറ്റേരെക്കാള്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ദശമൂലം ദാമു തന്നെയായിരുന്നു. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കി നിരവധി ട്രോളുകളാണ് ദിവസം തോറും സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. വീഡിയോ ട്രോളുകൾക്കും പഞ്ഞമില്ല.

ഏറ്റവും ഒടുവിൽ ദാമുവിന്റെ തേപ്പുകഥയുമായാണ് ട്രോളന്മാരെത്തിയിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായിട്ടുണ്ട്. ട്രോൾ റിപബ്ലിക് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് ദാമുവിന്റെ തേപ്പുകഥ സാദിക് മൊയോട്ടിൽ എന്നയാൾ ഷെയർ ചെയ്തിരിക്കുന്നത്. കഥയെയും എഡിറ്റിങ്ങിനെയും കൈയ്യടിച്ച് തന്നെ സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി 2009ല്‍ പുറത്തിറങ്ങിയ ചട്ടമ്പിനാടിലെ എന്ന ചിത്രത്തിലെ ”പേരെടുത്ത ഗുണ്ടയായാണ്” ദാമു എത്തുന്നത്. തിയേറ്ററുകളില്‍ ചിരിപടര്‍ത്തിയ സുരാജ് വെഞ്ഞാറമൂട് കഥാപാത്രം പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും ട്രോള്‍ ലോകത്ത് ആധിപത്യം തുടരുകയാണ്. ദാമുവിന്റെ മീമില്‍ നിരവധി ട്രോളുകളാണ് ദിവസംതോറും ചിരിയുണര്‍ത്തുന്നത്.

Also Read: ഹൊ നമിച്ചു! റസലിങ് റിങ്ങില്‍ എതിരാളിയെ ഇടിച്ചിടുന്ന ദശമൂലം ദാമുവിനെ കണ്ട് ഞെട്ടി സുരാജ്

ദാമുവിനൊപ്പം നസ്രിയയും ഫഹദ് ഫാസിലുമാണ് കേന്ദ്ര കഥാപാത്രങ്ങളായി ട്രോൾ വീഡിയോയിൽ എത്തുന്നത്. വിവിധ ചിത്രങ്ങളിൽ വിവിധ സീനുകൾ കോർത്തിണക്കി ഒരു പുതിയ കഥ സൃഷ്ടിച്ചിരിക്കുകയാണ് ട്രോളൻ. വീഡിയോയിക്ക് താഴേവരുന്ന കമന്റുകൾ മുഴുവൻ ട്രോളന്റെ കഴിവിനെ പ്രശംസിച്ചുള്ളതാണ്.

കോമഡി കഥാപാത്രങ്ങളും, സീരിയസ് കഥാപാത്രങ്ങളും അനായാസം ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ള മലയാള സിനിമയിലെ അപൂർവ്വം ചില അഭിനേതാക്കളിൽ ഒരാളാണ് സുരാജ് വെഞ്ഞാറമൂട്. 230ലധികം സിനിമകളിൽ ഇതോടകം സുരാജ് വേഷമിട്ടു. മികച്ച ഹാസ്യ നടനുള്ള കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്ന് തവണ സ്വന്തമാക്കിയ സുരാജ്, ഒരു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. പേരറിയാത്തവർ എന്ന ചിത്രത്തിനായിരുന്നു ആ പുരസ്കാര നേട്ടം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook