രമണന്‍, മണവാളന്‍, ദശലമൂലം ദാമു ഈ മൂന്നുപേരുമാണ് മലയാളി ട്രോളന്‍മാരുടെ ഹീറോസ്. ഷാഫി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രം ചട്ടമ്പിനാട്ടില്‍ മറ്റേരെക്കാള്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ദശമൂലം ദാമു തന്നെയായിരുന്നു. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദാമുവിനെ ഇപ്പോള്‍ റസലിങ് റിങില്‍ ഇറക്കിയിരിക്കുകയാണ് പാലക്കാട്ടുകാരന്‍ ശ്രീരാജ്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായിട്ടുണ്ട്. ഈ വിഡിയോ സൂരാജ് വെഞ്ഞാറമൂട് തന്നെ ഷെയര്‍ ചെയ്യുകയും ചെയ്തു. ‘ഹൊ നമിച്ചു എഡിറ്റിംഗ്’ എന്ന് പറഞ്ഞു കൊണ്ടാണ് സുരാജ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

റെസിലിംഗ് റിംഗിലെ ദാമുവിന്റെ പ്രകടനമാണ് വീഡിയോ ആയി ശ്രീരാജ് എഡിറ്റ് ചെയ്തിരിക്കുന്നത്. ദാമുവിന്റെ പ്രകടനത്തെയും ശ്രീരാജിന്റെ എഡിറ്റിംഗിനെയും പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി 2009ല്‍ പുറത്തിറങ്ങിയ ചട്ടമ്പിനാടിലെ എന്ന ചിത്രത്തിലെ ”പേരെടുത്ത ഗുണ്ടയായാണ്” ദാമു എത്തുന്നത്. തിയേറ്ററുകളില്‍ ചിരിപടര്‍ത്തിയ സുരാജ് വെഞ്ഞാറമൂട് കഥാപാത്രം പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും ട്രോള്‍ ലോകത്ത് ആധിപത്യം തുടരുകയാണ്. ദാമുവിന്റെ മീമില്‍ നിരവധി ട്രോളുകളാണ് ദിവസംതോറും ചിരിയുണര്‍ത്തുന്നത്.

വീഡിയോയ്ക്ക് താഴെ കമന്റുകളുടെ ബഹളമാണ്. ‘സുരാജേട്ടാ നിങ്ങൾക്ക് ഇങ്ങനെയൊരു മുഖമുണ്ടെന്ന് കരുതിയില്ല’, ‘ഇത് കണ്ടാൽ മമ്മൂക്ക പോലും അസൂയപ്പെട്ടു പോകും’ തുടങ്ങി നിരവധി കമന്റുകൾ വരുന്നുണ്ട്. വീഡിയോ എഡിറ്റ് ചെയ്ത ശ്രീരാജും സുരാജിന്റെ പോസ്റ്റിന് താഴെ നന്ദി പറഞ്ഞെത്തി. ഇതിനെക്കാൾ വലിയ ഒരു അംഗീകാരം തനിക്ക് ലഭിക്കാനില്ലെന്നാണ് ശ്രീരാജ് പറഞ്ഞിരിക്കുന്നത്.

കോമഡി കഥാപാത്രങ്ങളും, സീരിയസ് കഥാപാത്രങ്ങളും അനായാസം ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ള മലയാള സിനിമയിലെ അപൂർവ്വം ചില അഭിനേതാക്കളിൽ ഒരാളാണ് സുരാജ് വെഞ്ഞാറമൂട്. 230ലധികം സിനിമകളിൽ ഇതോടകം സുരാജ് വേഷമിട്ടു. മികച്ച ഹാസ്യ നടനുള്ള കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്ന് തവണ സ്വന്തമാക്കിയ സുരാജ്, ഒരു തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. പേരറിയാത്തവർ എന്ന ചിത്രത്തിനായിരുന്നു ആ പുരസ്കാര നേട്ടം.

തിരുവനന്തപുരം ഭാഷയുടെ പ്രത്യേകതകൾ സിനിമാ മേഖലയിൽ ഏറ്റവുമധികം ജനപ്രിയമാക്കിക്കൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്. അൻവർ റഷീദ് സം‌വിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook