ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളിലുള്ള പോരായ്മ തുറന്നുപറഞ്ഞുകൊണ്ട് മുന്നോട്ടുവന്ന ജഡ്ജിമാരുമായി ഐക്യപ്പെട്ടുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്. ട്വിറ്റര്‍ വഴിയുള്ള പ്രതികരണത്തില്‍ കേന്ദ്ര സര്‍ക്കാരിന് നേരെരെയും ഒളിയമ്പെയ്യുന്നുണ്ട് പ്രകാശ് രാജ് .

“ജസ്റ്റിസ് ലോയയുടേത് മുതല്‍ ആധാര്‍ വരെയുള്ള കേസുകളില്‍ ഒന്നില്‍ പോലും തങ്ങളുടെ ആത്മാവ് വിലക്കില്ല എന്ന കൃത്യമായ സന്ദേശമാണ് ഈ ബഹുമാന്യരായ സുപ്രീംകോടതി ജഡ്ജിമാര്‍ തരുന്നത്. അവര്‍ക്ക് മുന്നില്‍ ഞാന്‍ വണങ്ങുന്നു…” എന്നായിരുന്നു പ്രകാശ് രാജ് പറഞ്ഞത്. കാര്യങ്ങള്‍ കൈപിടിയിലൊതുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കേസുകൾ വിവിധ ബെഞ്ചുകൾക്ക് അനുവദിക്കുന്നതിൽ ചീഫ് ജസ്റ്റിസ് അധികാരപരിധി ലംഘിക്കുന്നുവെന്ന് ആരോപണമുയർത്തിയാണ് സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്ത് വന്നത്. ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ നേതൃത്വത്തിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് മദൻ ലോകൂർ എന്നിവരാണ് വിമതരായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ