കത്തുവയില്‍ എട്ടു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമായികൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടിയ്‌ക്കെതിരെ നടന്ന അതിക്രമത്തില്‍ രാജ്യം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കത്തുവ സംഭവത്തെ പേരെടുത്ത് പറയാതെ തന്നെ പറഞ്ഞു കൊണ്ടാണ് സണ്ണിയുടെ പ്രതികരണം. തന്റെ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് സണ്ണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

” എന്റെ ഹൃദയത്തിന്റെ, ആത്മാവിന്റെ, ശരീരത്തിന്റെ ഓരോ അണുവിനാലും ഈ ലോകത്തെ എല്ലാ ദുഷ്ടശക്തികളില്‍ നിന്നും ഞാന്‍ നിന്നെ സംരക്ഷിക്കും. നിന്റെ സുരക്ഷയ്ക്കു വേണ്ടി ഇനിയെന്റെ ജീവന്‍ പകുത്തു നല്‍കേണ്ടി വന്നാലും ഞാനത് ചെയ്യും. ലോകത്തെ എല്ലാ കുട്ടികളും ദുഷ്ടരില്‍ നിന്നും സുരക്ഷിതരായിരിക്കണം. നമുക്ക് നമ്മുടെ കുട്ടികളെ കൂടുതല്‍ ചേര്‍ത്ത് പിടിക്കാം, അവരെ എന്തുവില കൊടുത്തും സംരക്ഷിക്കാം,” എന്നായിരുന്നു സണ്ണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ വര്‍ഷമായിരുന്നു സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പെണ്‍കുട്ടിയെ ദത്തെടുക്കുന്നത്. നിഷ എന്നാണ് കുട്ടിയുടെ പേര്. നിഷ ജീവിതത്തിലേക്ക് വന്നതോടെ ജീവിതം ആകെ മാറിയെന്നാണ് സണ്ണി പറയുന്നത്. തന്റെ ജീവിതം കൂടുതല്‍ മനോഹരമായെന്നും മകള്‍ക്കൊപ്പമുള്ള ഓരോ സെക്കന്റും ഞാന്‍ ആസ്വദിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ