ഒരു കട്ടൻ ചായക്ക് എത്ര രൂപയാകും? ഏഴ് രൂപ… കൂടിയാൽ പത്ത്. എന്നാൽ കൊച്ചിയിൽ നിന്ന് ഒരു കട്ടൻ ചായ കുടിച്ചതിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല പ്രശസ്ത സംവിധായകനും ക്യാമറാമാനുമായ സുജിത് വാസുദേവിന്. നൂറ് രൂപയുടെ ബിൽ ആണ് സുജിത്തിന് ലഭിച്ചത്. ഫിൽട്ടർ കോഫീ എന്ന് ഓമനപ്പേരിട്ടായിരുന്നു കട്ടൻചായക്ക് 100 രൂപയുടെ കണ്ണ് തള്ളിക്കുന്ന ബിൽ വാങ്ങിച്ചത്.

കൊച്ചിയിലെ ഒബ്റോൺ മാൾ പിവിആറിലെ ഫുഡ് കൗണ്ടറിലാണ് ഒരു കട്ടൻചായ ഓർഡർ ചെയ്ത സുജിത് വാസുദേവിന് 100 രൂപയുടെ ബിൽ കൊടുത്തത്. ബിൽ നമ്പർ 14666. ഫിൽട്ടർ കോഫി എന്നാണ് ബിൽ ചെയ്തിരിക്കുന്നത്. ബില്ലിൽ മലയാളത്തിൽ കട്ടൻചായ എന്ന് എഴുതിവച്ചിട്ടുണ്ട്.

95 രൂപ 24 പൈസയാണ് ഫിൽട്ടർ കോഫി അഥവാ കട്ടൻചായയയുടെ ബിൽ. അഞ്ച് ശതമാനം ജിഎസ്ടി. അത് 4.76 രൂപ. ആകെ നൂറ് രൂപയുടെ ബില്ലാണ് സുജിത് വാസുദേവിന് കിട്ടിയത്. ഇങ്ങനെ നമ്മളെ പറ്റിക്കാൻ ഇവരെ അനുവദിക്കരുത് എന്ന് പറഞ്ഞുകൊണ്ട് സുജിത് വാസുദേവ് ബിൽ സഹിതം ഈ പോസ്റ്റ് ഫെയ്സ്ബുക്കിൽ ഇട്ടു.

മൾട്ടിപ്ലക്സുകളിലെ ഫുഡ് കോർട്ടിലെ കൊള്ള പലർക്കും അനുഭവം ഉള്ളത് കൊണ്ടും പോസ്റ്റിട്ടത് സുജിത് വാസുദേവിനെ പോലെ ഒരു സെലിബ്രിറ്റി ആയതുകൊണ്ടും സംഭവം പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേരാണ് സുജിത് വാസുദേവിന്റെ പോസ്റ്റ് ഷെയർ ചെയ്തത്. തങ്ങൾക്കുണ്ടായ സമാനമായ അനുഭവങ്ങൾ പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുമുണ്ട്.

2010ൽ ചേകവരിലൂടെ സിനിമയിലെത്തിയ സുജിത്, ദൃശ്യം, സെവൻത് ഡേ, മെമ്മറീസ്, അനാർക്കലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായി. പൃഥ്വിരാജ് നായകനായ ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രം സംവിധാനം ചെയ്തു. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്. നടി മഞ്ജു പിള്ളയാണ് ഭാര്യ.

തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ട് പഫ്‌സും കട്ടന്‍ചായയും കുടിച്ചപ്പോള്‍ കിട്ടിയ ബില്ല് അനുശ്രീ ഫെയ്സ്ബുക്കില്‍ ഇട്ടതും നേരത്തെ വൈറലായിരുന്നു. 680 രൂപയുടെ ബില്ലാണ് താരത്തിന് കിട്ടിയത്. അനുശ്രീയുടെ പരാതിയിൽ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ലഘുഭക്ഷണ ശാലയ്ക്കെതിരെ കേസെടുത്തിരുന്നു. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെയാണ് കേസുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ