പ്രശസ്ത ജാപ്പനീസ് ഗുസ്തി താരം ഹന്ന കിമുറ അന്തരിച്ചു. നെറ്റ്ഫ്ലിക്സിലെ ടെറസ് ഹൗസ് റിയാലിറ്റി ഷോയുടെ പുതിയ പതിപ്പിലെ ആറ് മത്സരാർത്ഥികളിൽ ഒരാളായിരുന്നു കിമുറ.

22 കാരിയായ ഹന്നയുടെ മരണം ആരാധകരിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്. ഹന്നയുടെ മരണ കാരണം വ്യക്തമല്ല. എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിയും വിദ്വേഷ പ്രചാരണങ്ങളും കിമുറയ്ക്കെതിരേ ഉയർന്നിരുന്നു. ഇത് അവരെ ആത്മഹത്യയിൽ കൊണ്ടെത്തിച്ചിരിക്കാമെന്ന് ആരാധകർ സംശയം പ്രകടിപ്പിച്ചു.

കിമുറ അംഗമായ പ്രൊഫഷനൽ റെസ്‌ലിങ് അസോസിയേഷനായ സ്റ്റാർഡം റെസ്‌ലിങ് മരണവാർത്ത സ്ഥിരീകരിച്ചു. ‘ഹന്ന കിമുറ അന്തരിച്ചുവെന്ന വാർത്ത ഞങ്ങൾ ഖേദത്തോടെ പങ്കുവയ്ക്കുന്നു’ വെന്ന് സ്റ്റാർഡം റെസ്‌ലിങ് ട്വീറ്റ് ചെയ്തു. സ്റ്റാർഡം റെസ്‌ലിങ്ങിന്റെ ട്വീറ്റിൽ മരണകാരണം അവ്യക്തമാണെന്ന് പറയുന്നു.

 

View this post on Instagram

 

A post shared by 木村花(HANA) (@hanadayo0903) on

ഹന്ന കിമുറയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റിൽ അവർ തന്റെ പൂച്ചയോടൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരുന്നു. ഗുഡ്ബൈ എന്നും ഞാൻ നിന്നെ സ്നേഹിക്കുന്നു, ജീവിക്കുക, സന്തോഷത്തോടെ ദീർഘകാലം എന്ന് ചിത്രത്തോടൊപ്പം കുറിക്കുകയും ചെയ്തിരുന്നു അവർ.

ടെറസ് ഹൗസ് റിയാലിറ്റി ഷോയിൽ കിമുറയ്ക്ക് നിരവധി ആരാധകരുണ്ടായിരുന്നു. സ്ത്രീകളും പുരുഷൻമാരുമടക്കമുള്ള ആറ് മത്സരാർഥികളാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നത്. ബിഗ്ബോസ് റിയാലിറ്റി ഷോയിലേതിന് സമാനമായി ഇവരെ ഒരു വീട്ടിൽ താമസിപ്പിക്കുകയും പ്രേക്ഷക പിന്തുണയടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഗെയിം ഷോയാണ് ടെറസ് ഹൗസ്.

Read More: “ഉയരെ പറക്കുക”: ആ വിമാന യാത്രയ്ക്ക് മുൻപ് സാറ ആബിദ് കുറിച്ച വാക്കുകൾ

കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് ഷോ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഗെയിം ഷോയിൽ ജയസാധ്യത കൽപിച്ചിരുന്ന മത്സരാർത്ഥിയാണ് കിമുറ.

ഹന്ന കിമുറയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ടെറസ് ഹൗസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത ശേഷം ഹന്നയ്ക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ ബുള്ളിയിങ്ങ് നടന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook