സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് പലപ്പോഴും വിമര്‍ശന വിധേയമാകാറുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരിപ്പിക്കപ്പെട്ട ഒരു വീഡിയോ സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ മോശം അവസ്ഥയെ വീണ്ടും എടുത്തുകാണിക്കുന്നു.
വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ നിലത്ത് തിങ്ങിനിറഞ്ഞിരിക്കുന്ന ക്ലാസ് മുറിയില്‍ രണ്ട് അധ്യാപകര്‍ ഹിന്ദിയും ഉറുദുവും ഒരേ സമയം ഒരേ ബ്ലാക്ക്‌ബോര്‍ഡില്‍ എഴുതി പഠിപ്പിക്കുന്നതാണു വീഡിയോയിലുള്ളത്. കതിഹാറിലെ മണിഹാരി ബ്ലോക്കിലുള്ള ആദര്‍ശ് മിഡില്‍ സ്‌കൂളില്‍നിന്നുള്ള വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണു പങ്കിട്ടിരിക്കുന്നത്.
സ്‌കൂളില്‍ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലേക്ക് മൂന്ന് അധ്യാപകര്‍ മാത്രമാണുള്ളതെന്നു ജനസത്ത റിപ്പോര്‍ട്ട് ചെയ്തു. രണ്ട് അധ്യാപകര്‍ ബോര്‍ഡില്‍ എഴുതി പാഠങ്ങള്‍ പഠിപ്പിക്കുമ്പോള്‍ മറ്റൊരു അധ്യാപിക കുട്ടികളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. പഠിപ്പിക്കുന്ന അധ്യാപകര്‍ക്കു മുന്നില്‍ കുട്ടികള്‍ക്കു അഭിമുഖമായി കസേരയില്‍ ഇരുന്ന് വടി ഉപയോഗിച്ച് മേശയില്‍ പതിയെ അടിച്ചുകൊണ്ടാണ് നിയന്ത്രിക്കാനുള്ള മുതിര്‍ന്ന അധ്യാപികയുടെ ശ്രമം. എന്നാല്‍ കുട്ടികള്‍ നിലത്തിരുന്നുകൊണ്ട് കുസൃതി കാണിക്കുന്നതു വീഡിയോയില്‍ പ്രകടമാണ്.
”ഒരേ ബ്ലാക്ക് ബോര്‍ഡിന്റെ പകുതിയില്‍ ഹിന്ദിയും മറുവശത്ത് മറ്റൊരു അധ്യാപകന്‍ ഉറുദുവും പഠിപ്പിക്കുന്നു. സ്‌കൂളില്‍ ആവശ്യത്തിനു ക്ലാസ് മുറികളില്ല. ഇതാണ് ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ ഒരൊറ്റ മുറിയില്‍ പഠിപ്പിക്കാന്‍ കാരണം,” അസിസ്റ്റന്റ് ടീച്ചര്‍ കുമാരി പ്രിയങ്ക എഎന്‍ഐയോട് പറഞ്ഞു. ഒരു ഉറുദു പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ 2017ല്‍ വിദ്യാഭ്യാസ വകുപ്പ് തങ്ങളുടെ സ്‌കൂളിലേക്കു മാറ്റിയതായും അവര്‍ പറഞ്ഞു.
”ആദര്‍ശ് മിഡില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം കുറവാണെങ്കില്‍, ഉറുദു പ്രൈമറി സ്‌കൂളിന് ഒരു ക്ലാസ് മുറി നല്‍കും. വ്യത്യസ്ത ക്ലാസുകളിലെ കുട്ടികളെ ഒരേ മുറിയില്‍ ഒരേ ബ്ലാക്ക്‌ബോര്‍ഡില്‍ പഠിപ്പിക്കുന്നത് നല്ലതല്ല,” വിഷയം സോഷ്യല്‍ മീഡിയയില്‍ തരംഗമായതിനു പിന്നാലെ കതിഹാറിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കാമേശ്വര് ഗുപ്ത എഎന്‍ഐയോട് പറഞ്ഞു.