ചില അധ്യാപകരോട് വിദ്യർഥികൾക്കുള്ള സ്നേഹം കണ്ടാൽ ആർക്കായാലും അസൂയ തോന്നും. കരിങ്കുന്നം ഗവൺമെന്റ് എല്‍പി സ്‌കൂളിലെ താത്കാലിക അധ്യാപികയായ അമൃത സ്കൂളിന്റെ പടിയിറങ്ങുമ്പോൾ പോകല്ലേ ടീച്ചറേ എന്ന് കരഞ്ഞു വിളിക്കുന്ന കുട്ടികളെ കണ്ടാൽ അറിയാം, അമൃത അവർക്ക് അധ്യാപിക മാത്രമായിരുന്നില്ല എന്ന്.
അമൃത കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ചില രക്ഷിതാക്കൾ രംഗത്ത് വന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കം. അമൃതയ്ക്ക് പുറമെ മറ്റൊരു താത്കാലിക അധ്യാപികയായ ജനിലക്കെതിരെയും പരാതിയുണ്ട്. ഇരുവരേയും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് വാങ്ങി പൊട്ടിക്കരഞ്ഞുകൊണ്ട് പടിയിറങ്ങുകയായിരുന്നു അമൃത.
Read More: കല്യാണം തീരുമാനിച്ചത് മാമാങ്കത്തിന്റെ റിലീസ് ദിവസം; പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞ് യുവാവ്
എന്നാൽ അമൃത കാറിൽ കയറിയപ്പോഴേക്കും കുട്ടികളെല്ലാവരും കൂടി ഗേറ്റിനടുത്തെത്തി പൊട്ടിക്കരയുകയായിരുന്നു. ടീച്ചറേ പോകല്ലേ എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത്. ഒരിക്കൽ പോലും ടീച്ചർ തല്ലിയിട്ടില്ലെന്നു കുട്ടികൾ ചുറ്റും കൂടി നിന്ന മാധ്യമ പ്രവർത്തകർ അടക്കമുള്ളവരോട് പറഞ്ഞു.
സീനിയർ അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് പരാതി നൽകിയിരുന്നെന്നും, ഇതിൽ പ്രകോപിതരായി തനിക്കെതിരെ പക പോക്കാനാണ് കള്ളപ്പരാതി ഉണ്ടാക്കിയതെന്നും അമൃത ആരോപിച്ചു.