വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥകൾ നമ്മൾ കണ്ടും കേട്ടും അനുഭവിച്ചുമൊക്കെ അറിഞ്ഞിട്ടുണ്ടാകും. അത്തരത്തിലൊരു ബന്ധത്തിന്റെ നേർക്കാഴ്ച്ച റീൽസ് രൂപത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കരുനാഗപ്പിള്ളി പോളിടെക്ക്റ്റിക്ക് കോളേജിലെ അധ്യാപികയായ നിഷ ടീച്ചറുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുട്ടികൾ. ടീച്ചർക്ക് പിറന്നാൾ സമ്മാനമായി അവർ നൽകിയത് ഒരു സ്വർണ്ണ മോതിരമാണ്.
വിദ്യാർത്ഥികൾ തങ്ങൾ പിരിച്ചെടുത്ത കാശുമായി ജ്വല്ലറിയിൽ പോകുന്നത് വീഡിയോയിൽ കാണാം. ശേഷം ടീച്ചർക്കു സർപ്രൈസ് നൽകുകയാണ് വിദ്യാർത്ഥികൾ. കേക്കു മുറിച്ചും സമ്മാനങ്ങൾ നൽകിയും ടീച്ചറുടെ പിറന്നാൾ ആഘോഷിക്കുകയാണവർ. കുട്ടികളുടെ സ്നേഹം കണ്ട് ടീച്ചറുടെ കണ്ണുനിറയുന്നതും കാണാം. മാർച്ച 29 ന് പങ്കുവച്ച വീഡിയോ ഒരു മില്യണിലധികം ലൈക്ക് നേടി കഴിഞ്ഞു.
“ഒരു ടീച്ചർ എന്ന നിലയിൽ അവരുടെ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷമായിരിക്കുമിത്. ജീവിതത്തിൽ അവർ വിജയിച്ചു കഴിഞ്ഞു” എന്നാണ് പോസ്റ്റിനു താഴെ നിറയുന്ന കമന്റ്. താരം പേളി മാണിയും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ‘ഞാൻ കരയുന്നില്ല , നിങ്ങളോ’ എന്നാണ് പേളി കുറിച്ചത്. കർക്കശകാരായ അധ്യാപകർ എന്ന സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്നതാണ് ഇത്തരം കാഴ്ച്ചകൾ. നിഷ ടീച്ചറെയും കുട്ടികളെയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.