ആവശ്യമുള്ള സാധാനങ്ങള്‍ കൊണ്ടുപോകാന്‍ ചെറിയ ബാഗുകള്‍ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും, പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍. ബാഗില്ലാതെ വിദ്യാര്‍ഥികളെ സങ്കല്‍പ്പിക്കുക പോലും അസാധ്യമെന്ന് പറയാം. അപ്പോള്‍ ബാഗില്ലാതെ ഒരു ദിവസം കോളജിലേക്ക് വരാന്‍ നിര്‍ദേശിച്ചാല്‍ എന്ത് ചെയ്യും?
അങ്ങനെ ബാഗില്ലാതെ ഒരു ദിവസം (no bag day) ആഘോഷിച്ചിരിക്കുകയാണ് ചെന്നൈയിലെ വിമണ്‍സ് ക്രിസ്റ്റ്യന്‍ കോളജ്. ബാഗിന് പകരം വിദ്യാര്‍ഥികള്‍ ഉപയോഗിച്ച വസ്തുക്കള്‍ ആരിലും ചിരിപടര്‍ത്തുമെന്ന് ഉറപ്പാണ്.
പ്രെഷര്‍ കുക്കര്‍, ബാസ്കറ്റ്, ടവല്‍, ബക്കറ്റ്, കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍, പില്ലൊ കവര്‍, സ്യൂട്ട് കേസ്, ട്രോളി ബാഗ്, ഗിറ്റാര്‍ ബാഗ്, മഗ് എന്നിങ്ങനെയുള്ള വസ്തുക്കളില്‍ പുസ്തകങ്ങള്‍ വച്ചാണ് വിദ്യാര്‍ഥികള്‍ കോളജിലെത്തിയത്.
‘vaazhka_dude’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മാര്‍ച്ച് 20-ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 1.7 മില്യണ്‍ കാഴ്ചക്കാരെയാണ് ഇതുവരെ ലഭിച്ചത്.
വിദ്യാര്‍ഥികളുടെ രസകരമായ വീഡിയോ നെറ്റിസണ്‍സിനിടയില്‍ ചിരിപടര്‍ത്തുകയാണ്. വളരെ ക്രിയാത്മകതയുള്ള വിദ്യാര്‍ഥികള്‍, ഇത്തരം നൂതനമായ ആശയങ്ങള്‍ വളരെ ക്യൂട്ടാണ്, ഒരാള്‍ കമന്റ് ചെയ്തു. പൊതുസ്ഥലത്തുകൂടി വരുന്ന വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ ഇതെല്ലാം എടുത്ത് വരാന്‍ സാധിക്കുന്നെന്നാണ് മറ്റൊരാളുടെ ചോദ്യം.