വിവിധ തരത്തില്‍ നാം ജന്മദിനങ്ങള് ആഘോഷിക്കാറുണ്ട്. ചിലര്‍ മറ്റുള്ളവര്‍ക്ക് വലിയ സന്തോഷം നല്‍കിയായിരുന്നു സ്വന്തം ജന്മദിനം ആഘോഷിക്കുക. അത്തരമൊരു പിറന്നാളാഘോഷമാണ് ഇപ്പോള്‍ നെറ്റിസണ്‍സിന്റെ ഹൃദയം കീഴടക്കിയിരിക്കുന്നത്. മലയാളിയായ വിഹായസ് എന്ന വിദ്യാര്‍ഥിയാണ് താനെന്നും കൊളജില്‍ പോകുന്ന വഴി കാണുന്ന ഭിന്നശേഷിക്കാരനായ യുവാവിനൊപ്പം തന്റെ 20-ാം ജന്മദിനം ആഘോഷിച്ചത്.
വഴിയിലൂടെ പോകുന്ന വിഹായസിനേയും സുഹൃത്തായ മൃദുലയേയും ബാല്ക്കണിയിലിരുന്നു നോക്കി ചിരിക്കുന്നത് പവന്റെ (ചിണ്ടു) ശീലമായിരുന്നു. ഇരുവരേയും കാണുമ്പോള്‍ ചിണ്ടുവിന് എന്തെന്നില്ലാത്ത സന്തോഷവുമായിരുന്നു. മൃദുലയായിരുന്നു തന്റെ സുഹൃത്തിന്റെ ജന്മദിനം ഈ ചെറുപ്പക്കാരനൊപ്പം ആഘോഷിക്കാമെന്ന പദ്ധതിയിട്ടത്. എത്രത്തോളം സന്തോഷം വിഹായസിനും ചിണ്ടുവിനുമുണ്ടായെന്ന് വീഡിയോ കാണുമ്പോള്‍ ആര്‍ക്കും മനസിലാകും.
ഒരു കുട്ടിക്കേക്കും കയ്യിലേന്തി വിഹായസും മൃദുലയും ചിണ്ടുവിന്റെ വീട്ടിലേക്കെത്തിയത്. ഏത് വീടാണെന്ന് കൃത്യമറിയാത്തതിനാല് ഒന്നിലധികം വാതിലുകള്‍ മുട്ടേണ്ടി വന്നു ഇരുവര്‍ക്കും. തങ്ങളെ ചിണ്ടു തിരിച്ചറിയുമൊ എന്നു പോലും ഉറപ്പില്ലായിരുന്നു മൃദുലയ്ക്കും വിഹായസിനും. എന്നാല്‍ ഇരുവരേയും കണ്ടതോടെ ചിണ്ടു തുള്ളിച്ചാടി. സന്തോഷം കൊണ്ട് മതിമറക്കുന്ന ചിണ്ടുവിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
“ഞങ്ങളെ കണ്ടത് അവന് ഒരുപാട് സന്തോഷമായി. അവന് സംസാരിക്കാന്‍ കഴിയില്ലെങ്കിലും ഞങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതിന് അതൊരു ഘടകമായിരുന്നില്ല. ഞങ്ങളെ കാണുമ്പോള്‍ അണ്ണനും (ചേട്ടന്) അക്കയു മാണെന്ന് (ചേച്ചി) പറയുമെന്ന് അവന്റെ അമ്മ പറഞ്ഞപ്പോള്‍ മനസ് നിറഞ്ഞു,” വിഹായസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചിണ്ടു തന്റെതായ രീതിയില്‍ വിഹായസിനെ ജന്മദിനാശംസകള് നേരുന്നതും മാതാവിന്റെ സഹായത്തോടെ കേക്ക് നല്കുന്നതുമെല്ലാ വീഡിയോയില്‍ കാണാം.
കൊളജിലേക്ക് പോകുമ്പോള്‍ ചിണ്ടുവിനെ കൈവീശിക്കാണിക്കുന്നത് ഒരു ശീലമായി മാറിയെന്ന് വിഹായസ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. “ചിണ്ടുവിനെ കൈവീശിക്കാണിക്കുന്നത് എനിക്കും മൃദുലയ്ക്കും ഒരുപാട് സന്തോഷം നല്കുന്ന ഒന്നായി മാറി. ജന്മദിനത്തിന്റെ അന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് ചിണ്ടുവിന്റെ ഒപ്പം ആഘോഷിക്കാമെന്ന് മൃദുല പറഞ്ഞത്. അപ്പോള്‍ ഞങ്ങള്‍ക്കവന്റെ പേര് പൊലും അറിയില്ലായിരുന്നു,” വിഹായസ് കൂട്ടിച്ചേര്‍ത്തു.
Also Read: ഇതാ മലയാളത്തിന്റെ ‘പസൂരി’ മാജിക്; തരംഗമായി ‘റാസിക്ക് സഹോദരങ്ങള്‍’