കുളിമുറിയില്‍ വീണ് പരുക്കേല്‍ക്കുകയും ചില കേസുകളില്‍ മരണം സംഭവിക്കുകയും ചെയ്ത നിരവധി വാര്‍ത്തകള്‍ നമുക്കു മുന്നില്‍ പലതവണ വന്നുപോയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വരെയുണ്ട്.
കുളിമുറിയില്‍ വീണു പക്ഷാഘാതം വരുന്നതിനു കാരണം തെറ്റായ കുളിരീതിയാണെന്ന തരത്തിലുള്ള ഒരു സന്ദേശം നമ്മളില്‍ മിക്കവരുടെയും ഫോണില്‍ വാട്‌സാപ്പ് വഴി അടുത്തിടെ ലഭിച്ചിട്ടുണ്ടാവും. കുളിക്കുമ്പോള്‍ തല ആദ്യം കഴുകരുതെന്നും കാലുമുതൽ ശരീരഭാഗങ്ങള്‍ നനച്ചുതുടങ്ങുകയാണു വേണ്ടതെന്നാണ് സന്ദേശം പറയുന്നത്. ഒരു ജീവിതശൈലി കോഴ്സില്‍ പങ്കെടുത്തപ്പോള്‍ നാഷണല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രൊഫസര്‍ ഉപദേശിച്ച കാര്യങ്ങള്‍ എന്ന നിലയ്ക്കാണു ഇത് പ്രചരിക്കുന്നത്.
സന്ദേശത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടോ? ഒട്ടുമില്ല. വാട്‌സാപ്പ് യൂണിവേഴ്‌സികള്‍ പടച്ചുവിടുന്ന അനേകം ‘വ്യാജ അറിവുകളില്‍’ ഒന്നു മാത്രമാണിത്. 2018 മുതല്‍ ഈ വ്യാജസന്ദേശം വാട്‌സാപ്പ് വഴിയും ഫെയ്‌സ്ബുക്ക് വഴിയും പ്രചരിക്കുന്നുണ്ട്.
ഈ അവകാശവാദങ്ങള്‍ക്കു യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നാണ് പക്ഷാഘാത വിദഗ്ധര്‍ പറയുന്നത്. വാദത്തിന് തെളിവുകളൊന്നുമില്ലെന്നു മോനാഷ് ഹെല്‍ത്തിലെ ന്യൂറോ സയന്‍സ് റിസര്‍ച്ച് മേധാവി തന്‍ ഫാന്‍ ഇമെയില്‍ വഴി തങ്ങളുടെ ഫാക്ട് ചെക്ക് ടീമിനെ അറിയിച്ചതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.
തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണു പക്ഷാഘാതം സംഭവിക്കുന്നത്. ഈ തടസം ഹൃദയത്തില്‍ നിന്നോ വലിയ രക്തക്കുഴലുകളില്‍ നിന്നോ (കരോട്ടിഡ് ധമനികള്‍ പോലെയുള്ളവ) വരുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു. അല്ലാതെ പക്ഷാഘാതവും കുളിരീതിയും തമ്മിൽ വിദൂരബന്ധം പോലുമില്ല. അതായത് പക്ഷാഘാതം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.
ഇനി, മറ്റൊരു കാര്യം ആലോചിച്ചു നോക്കൂ. കുളത്തിലും പുഴയിലും ചാടി കുളിക്കുന്ന ഒരുപാട് പേര്‍ നമുക്കിടയിലുണ്ട്. തലയും കാലും ദേഹമൊക്കെ ഒരേസമയം നനയുന്ന ഈ കുളിയില്‍ എന്തുകൊണ്ടാണ് പക്ഷാഘാതം സംഭവിക്കാത്തത്. അപ്പോള്‍ കുളി രീതിയിലെ പ്രശ്‌നമല്ല പക്ഷാഘാതത്തിനു കാരണമെന്ന് എളുപ്പത്തില്‍ മനസിലാക്കമല്ലോ. ആരോഗ്യപരമായ കാര്യങ്ങളില്‍ വാട്‌സാപ്പ് സന്ദേശങ്ങളെയല്ല, വിദഗ്ധരെയാണ് നാം ആശ്രയിക്കേണ്ടത്.
അതീവ ഗുരുതരമായ രോഗാവസ്ഥയാണു പക്ഷാഘാതം. ഓരോ വർഷവും 1.8 ദശലക്ഷത്തോളം ആളുകൾക്ക് പക്ഷാഘാതം സംഭവിക്കുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടു മസ്തിഷ്‌ക കോശങ്ങളിലേക്കുള്ള ഓക്‌സിജന്റെ കുറവിലേക്കു നയിക്കുകയും ഓര്‍മക്കുറവിനും പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുമാകുന്നതിനും കാരണമാകുകയും ചെയ്യാം. അതുകൊണ്ട് പക്ഷാതാഘാതം വന്ന ആളുകളിൽ മസ്തിഷ്ക ക്ഷതവും മറ്റ് സങ്കീർണതകളും വരാതിരിക്കാൻ സമയബന്ധിതമായി (ഗോൾഡൻ അവർ) മെഡിക്കൽ സഹായം നേടേണ്ടത് നിർണായകമാണ്.