/indian-express-malayalam/media/media_files/uploads/2022/09/kasargod.jpg)
വര്‍ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണു കേരളം. ഈ വര്‍ഷം ഇതുവരെ 21 പേര്‍ നായയുടെ കടിയേറ്റു മരിച്ചു. കടിയേല്‍ക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുമ്പോഴും പ്രശ്‌നത്തിനു ശാശ്വതപരിഹാരമായിട്ടില്ല. സ്വന്തം തടി ഓരോരുത്തരും നോക്കുകയെന്നതു മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെയ്യാനുള്ളൂ. അത്തരമൊരു കാഴ്ചയാണു കാസര്‍ഗോഡ് ഇന്നു പുറത്തുവന്നിരിക്കുന്നത്.
മദ്രസയിലേക്കു പോകുന്ന കുഞ്ഞുമക്കളെ നായ്ക്കളില്‍നിന്നു രക്ഷിക്കാന്‍ തോക്കേന്തി മുന്നില്‍ നടക്കുകയാണു ബേക്കല്‍ ഹദ്ദാദ് നഗര്‍ നിവാസിയായ സമീര്‍. തന്റെ ഒന്‍പതു വയസുള്ള മകന്‍ ഉള്‍പ്പടെ ആ വാര്‍ഡിലെ 15 കുട്ടികള്‍ക്കാണു സമീര്‍ സുരക്ഷയൊരുക്കുന്നത്.
പ്രദേശത്തെ ഒരു ബാലികയെ തെരുവുനായ ആക്രമിച്ച സാഹചര്യത്തില്‍ പുറത്തേക്കുപോകാന്‍ കുട്ടികള്‍ ഭയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണു വാടാ മക്കളേ എന്നു പറഞ്ഞുകൊണ്ട് സമീര്‍ തോക്കുമായി ഇറങ്ങുന്നത്. ഈ കാഴ്ച ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തിലാണു താന്‍ തോക്കുമായി ഇറങ്ങിയതെന്നാണു സമീര്‍ പറയുന്നത്. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്ണാണു തന്റെ പക്കലുള്ളതെന്നും വേണ്ടിവന്നാല്‍ സ്വയം രക്ഷയ്ക്കായി തെരുവുനായ്ക്കള്‍ക്കു നേരെ വെടിയുതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
''തെരുവുനായ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് താന്‍ തോക്കെടുത്തത്. എയര്‍ ഗണ്‍ കൊണ്ട് വെടിവച്ചാല്‍ നായ്ക്കള്‍ക്കു പരുക്കേല്‍ക്കുക മാത്രമേയുള്ളു. അല്ലാതെ ചാവില്ല. ഇതുവരെ തെരുവുനായ്ക്കളെ അപായപ്പെടുത്താത്ത സാഹചര്യത്തില്‍ നിയമനടപടികളെ ഭയക്കുന്നില്ല,''സമീര്‍ പറഞ്ഞു.
കുട്ടികള്‍ക്കൊപ്പം തോക്കുമായി നീങ്ങുന്ന സമീറിന്റെ ദൃശ്യം മകനാണു പകര്‍ത്തിയത്. സമൂഹമാധ്യങ്ങളിലൂടെ വീഡിയോ വൈറലായതോടെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണുണ്ടായിരിക്കുന്നത്. നിരവധിപേര്‍ തന്റെ പ്രവൃത്തിയെ അഭിനന്ദിച്ചെന്നും എത്രയും പെട്ടെന്ന് അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സമീര്‍ പറഞ്ഞു.
സമീറിനു പൂര്‍ണ പിന്തുണയെന്നും സര്‍ക്കാരില്‍നിന്നോ പൊലീസില്‍നിന്നോ കോടതിയില്‍നിന്നോ ഒരു നീതിയും കിട്ടാത്തതിനാല്‍ തോക്ക് എടുത്തില്ലെങ്കിലേ അതിശയമുള്ളൂവെന്നാണു വീഡിയോയ്ക്കു താഴെ പലരും കുറിച്ചിരിക്കുന്നത്.
തെരുവുനായ്ക്കളെ കൊല്ലാന്‍ നിലവില്‍ നിയമം അനുവദിക്കുന്നില്ല. അക്രമകാരികളായ തെരുവുനായ്ക്കളെ വെടിവെച്ചു കൊല്ലുവാന്‍ വേണ്ടി ചുമതലപ്പെടുത്തിയ വിജിലന്റ് ഗ്രൂപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കിടയില്‍ എയര്‍ഗണ്‍ വിതരണം പ്രോത്സാഹിപ്പിക്കാനുമായി സുപ്രീം കോടതി 2016 ല്‍ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us