കോഴിക്കോട് വെള്ളയിൽ ഹാർബറിൽ കടലിൽ രൂപപ്പെട്ട നീർച്ചുഴി സ്തംഭത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പടരുകകയാണ്. ശക്തമായ കാറ്റ് നാല് ബോട്ടുകൾ തകർത്താണു കടന്നുപോയത്.
ഇന്ന് രാവിലെ പത്തരയോടെ ഉണ്ടായ പ്രതിഭാസം ഏതാനും നിമിഷങ്ങൾ മാത്രമാണ് നീണ്ടുനിന്നത്. കടലിൽ വട്ടം കറങ്ങി നിന്ന നിര്‍ച്ചുഴി സ്തംഭം കരയിൽ കയറി അവസാനിക്കുകയായിരുന്നു.
ഹാർബറിൽ നിർത്തിയിട്ടിരുന്ന ബോട്ടുകൾക്കാണു സാരമായ കേടുപാട് സംഭവിച്ചത്. ബോട്ടിൽ ആരും ഉണ്ടാവാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
ശക്തമായ കാറ്റിലും തുടർന്നുണ്ടായ തിരമാലയിലുമാണു ബോട്ടുകൾ തകർന്നത്. കാറ്റിൽ ബോട്ടുകൾ കൂട്ടിയിടിച്ചു, ബോട്ടുകളുടെ മേൽക്കൂര പറന്നു പോയി.
കടലിൽ നീര്‍ച്ചുഴി സ്തംഭം ഉണ്ടാകുന്നതും ബോട്ടുകളുടെ മേൽക്കൂര പറന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. കടലിലേക്ക് ചെറുവഞ്ചിയിൽ പോകാൻ ശ്രമിക്കുന്ന മത്സ്യത്തൊഴിലാളികളെ മറ്റുളവർ തിരികെ വിളിക്കുന്നതും വിഡിയോയിൽ കാണാം.
കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ മേഖലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശുന്നുണ്ട്. പലയിടങ്ങളിലും മരങ്ങൾ കടപുഴകി നാശനഷ്ടമുണ്ടായി. തീരപ്രദേശങ്ങളിൽ കടലാക്രമണവും ശക്തമാണ്.