സിഡ്‌നി: മുതലകളുടെ തോഴന്‍ എന്നറിയപ്പെടുന്ന സ്റ്റീവ് ഇര്‍വിന്‍ അത്ര പെട്ടെന്നൊന്നും മൃഗസ്‌നേഹികളുടെ മനസില്‍ നിന്നും ഇറങ്ങിപ്പോകില്ല. ‘ദി ക്രൊക്കഡൈല്‍ ഹണ്ടര്‍” ടെലിവിഷന്‍ പരമ്പരയിലൂടെ ലോകപ്രശസ്‍തനായ അന്തരിച്ച ഓസ്ട്രേലിയന്‍ വന്യജീവി സംരക്ഷകന്‍ സ്റ്റീവ്‍ ഇര്‍വിന്‍ എന്നും ജനങ്ങളുടെ മനസില്‍ ഒരു വിങ്ങലായുണ്ട്. അദ്ദേഹം മരിച്ച് 13 വര്‍ഷത്തിനിപ്പുറം ഇര്‍വിന്റെ ഓർമകള്‍ക്ക് മനോഹരമായ നിറങ്ങള്‍ നല്‍കുകയാണ് മകന്‍ റോബര്‍ട്ട് ക്ലാറന്‍സ് ഇര്‍വിനും.

റോബര്‍ട്ട് ഇര്‍വിന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ സോഷ്യൽ ലോകം. അച്ഛന്റെ അതേ പാതയാണ് താനും പിന്തുടരുന്നതെന്ന് പ്രഖ്യാപിക്കുകയാണ് ചിത്രത്തിലൂടെ റോബര്‍ട്ട് ഇര്‍വിന്‍. ‘മുതലയെ തീറ്റിക്കുന്ന ഞാനും അച്ഛനും. അതേ സ്ഥലം, അതേ മുതല, രണ്ട് ചിത്രങ്ങളും തമ്മില്‍ 15 വര്‍ഷത്തിന്റെ വ്യത്യാസം,’ റോബര്‍ട്ട് ഇര്‍വിന്‍ ട്വീറ്റ് ചെയ്തു. പിതാവിനോട് വളരെയധികം സാമ്യമാണ് മകനുളളത്. കാല് പോലും പിതാവിന്റെ അതേപടിയാണെന്ന് ചിലര്‍ കമന്റ് ചെയ്തു. സ്റ്റീവ് ഇർവിനെ ഓര്‍ത്ത് വൈകാരികമായ പ്രതികരണങ്ങളാണ് പലരും നടത്തിയത്.

Read More: 500 കി.ഗ്രാം ഭാരമുളള നരഭോജിയായ മുതലയെ കെണിവെച്ച് പിടികൂടി

1962ല്‍ ആണ് സ്റ്റീവ് ഇര്‍വിന്‍ ജനിച്ചത്. വളരെ ചെറുപ്പത്തിലെ വന്യജീവികളുമായുള്ള സഹവാസം സ്റ്റീവിനെ കൂടുതല്‍ ജീവികളോട് അടുക്കുന്നതില്‍ സഹായിച്ചു. ആറാം പിറന്നാളിന് കിട്ടിയ 11 അടിനീളമുള്ള പെരുമ്പാമ്പ് ആയിരുന്നു സ്റ്റീവിന് ലഭിച്ച ആദ്യത്തെ സമ്മാനം. 1970ല്‍ ഓസ്ട്രേലിയയിലെ ക്വീന്‍സ്‍ലന്‍ഡിലേക്ക് കുടുംബം താമസം മാറി. അവിടെ മുതലകള്‍ക്ക് വേണ്ടി ഒരു ആവാസവ്യവസ്ഥ സൃഷ്‍ടിച്ചു. അവിടെ നിന്നാണ് സ്റ്റീവ് ഇര്‍വിന്‍ ലോകം അറിയുന്ന വന്യജീവി സംരക്ഷകന്‍ ആയത്.

ഒമ്പതാം വയസ് മുതല്‍ മുതലകളെ കൈകാര്യം ചെയ്യുന്ന സ്റ്റീവ്, ഓസ്ട്രേലിയയിലെ ഉപ്പുവെള്ളത്തില്‍ വളരുന്ന പ്രത്യേകയിനം മുതലകളെ സംരക്ഷിക്കുന്നതിന് വോളണ്ടിയര്‍ ആയി മാറി. ലോകത്തിലെ ഏറ്റവും വലിയ ഉരഗമാണ് ഉപ്പുവെള്ളത്തില്‍ കാണപ്പെടുന്ന മുതലകള്‍.

ഭാര്യ ടെറിയുമൊത്തുള്ള മധുവിധു മുതലകളെ പിടിക്കുന്നതിനാണ് സ്റ്റീവ് ചെലവഴിച്ചത്. ഇത് വീഡിയോ ആക്കിയതോടെ ദി ക്രൊക്കഡൈല്‍ ഹണ്ടര്‍ എന്ന ടെലിവിഷന്‍ പരിപാടിക്ക് തുടക്കമായി. നൂറോളം രാജ്യങ്ങളിലായി 50 കോടിയോളം ആളുകള്‍ പ്രേക്ഷകരായി ചേര്‍ന്നു. അനിമല്‍ പ്ലാനറ്റ് അടക്കമുള്ള വന്യജീവി സംരക്ഷണ ടിവി ചാനലുകളുടെ മുഖമായി സ്റ്റീവ് മാറി.

സെപ്റ്റംബര്‍ 4, 2006ന് ആണ് ഇര്‍വിന്‍ ഒരു അപകടത്തില്‍ മരിക്കുന്നത്. ഓഷ്യന്‍സ്‍ ഡെഡ്‍ലിയെസ്റ്റ്‍ എന്ന പേരിലുള്ള ഒരു ഡോക്യുമെന്‍ററി ചിത്രീകരണത്തിന് ഇടയില്‍ കടലിന് അടിയില്‍വച്ച് ഒരു തിരണ്ടിയുടെ കുത്തേറ്റ് ചോരവാര്‍ന്നായിരുന്നു മരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook