തിരുവനന്തപുരം: ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ സർക്കാരിന് സമർപ്പിച്ച സോളാർ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ പ്രതിരോധത്തിലായ കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി എം.എം.മണി. ഫെയ്‌സ്ബുക്കിലെ ഔദ്യോഗിക പേജിലാണ് മന്ത്രി രൂക്ഷമായി പ്രതിപക്ഷ നേതാക്കളെ പരിഹസിച്ചത്.

“കുറച്ച് ദിവസത്തേക്ക് പത്രം വായിക്കുന്നതിൽ നിന്നും ടിവിയിൽ വാർത്ത കാണുന്നതിൽ നിന്നും എന്റെ കൊച്ചുമക്കളെ ഞാൻ വിലക്കി”യെന്നാണ് മന്ത്രി ആദ്യം പോസ്റ്റ് ചെയ്തത്. നിങ്ങളോ? എന്നൊരു ചോദ്യവും ഇതോടൊപ്പം മന്ത്രി കുറിച്ചു.

എന്നിട്ടും മതിവരാതെ യുഡിഎഫിനെയാകെ പരിഹസിച്ച് വീണ്ടും മന്ത്രി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. “ഐക്യമുന്നണി ഇനി അശ്ലീലമുന്നണി” എന്നാണ് രണ്ടാമത്തെ പോസ്റ്റിൽ മന്ത്രി മണി കുറിച്ചത്.

പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും പിന്തുണക്കുന്ന സൈബർ ഇടത്തെ നിരവധി പേരാണ് മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മന്ത്രിയെയും സർക്കാരിനെയും പ്രതിപക്ഷ അനുഭാവികൾ വിമർശിച്ചപ്പോൾ സോളാർ കേസ് തന്നെ ആയുധമാക്കിയാണ് ഭരണപക്ഷ അനുകൂലികളുടെ കമന്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ