കൊച്ചി: ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചതറിഞ്ഞാൽ എങ്ങനെയായിരിക്കും നിങ്ങളുടെ പ്രതികരണം? അങ്ങനെയൊരു രസകരമായ സംഭവമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.
സംസ്ഥാന സർക്കാരിന്റെ 2018 മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചപ്പോഴാണ് സംഭവം. അവാർഡ് പ്രഖ്യാപിച്ച സമയത്ത് മാതൃഭൂമി ന്യൂസ് ചാനലിൽ വാർത്ത വായിച്ചിരുന്നത് ശ്രീജ ശ്യാം ആയിരുന്നു. അവാർഡ് പ്രഖ്യാപന വാർത്ത വായിക്കാൻ ആരംഭിച്ചതും അവതാരകയായ ശ്രീജ ഞെട്ടി! ഒരു നിമിഷത്തേക്ക് സ്‌തബ്‌ധയായി നിന്നു… കാരണം വേറൊന്നുമല്ല മികച്ച വാർത്താ അവതാരകയ്‌ക്കുള്ള ആ വർഷത്തെ സംസ്ഥാന അവാർഡ് തനിക്കാണെന്ന് വാർത്ത വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് അറിയുന്നത്.
Read More: ‘ഇത് വലിയ കഷ്ടമാണ്’; എൽപിജി വില വർധനവിന് പിന്നാലെ ശോഭാ സുരേന്ദ്രന് ട്രോൾ
‘മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം മാതൃഭൂമി ചീഫ് സബ് എഡിറ്റർ ശ്രീജയ്‌ക്ക് ലഭിച്ചു’ എന്ന് ഒരുവിധത്തിലാണ് വായിച്ചു തീർക്കുന്നത്. വായിക്കുന്നതിനിടയിൽ ചിരിക്കുന്നതും കേൾക്കാം. അവാർഡ് വാർത്ത വായിച്ചു തീർത്തശേഷം ചിരിയടക്കാൻ പാടുപെടുന്ന അവതാരകയെ വീഡിയോയിൽ കാണാം. പക്വവും ശാന്തവും വാർത്തയുടെ മർമ്മം അറിഞ്ഞുള്ളതുമായ അവതരണമാണ് ശ്രീജയെ അവാർഡിനർഹയാക്കുന്നതെന്ന് ജൂറി വിലയിരുത്തി.
വാർത്ത വായിക്കുന്നതിനിടെ തനിക്ക് ചമ്മൽ തോന്നിയതാണെന്ന് ശ്രീജ പിന്നീട് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. തന്നെ കുറിച്ചുള്ള വാർത്ത ലെെവായി വായിക്കേണ്ടി വരുമ്പോഴുള്ള ചമ്മലായിരുന്നു. ഞാനത് വായിക്കുന്നതിനിടെ ന്യൂസ് ഡെസ്‌കിൽ ഉള്ളവർ അതുകേട്ട് ചിരിക്കുക കൂടി ചെയ്‌തപ്പോൾ എനിക്കും ചിരിവന്നു. അതുകൊണ്ടാണ് വായിക്കുന്നതിനിടെ ചിരിച്ചുപോയത്. അവാർഡ് നേട്ടത്തിൽ വലിയ സന്തോഷമുണ്ടെന്നും ശ്രീജ പറഞ്ഞു. വളരെ സൗമ്യമായി വാർത്ത അവതരിപ്പിക്കാനും ചർച്ച നടത്താനുമാണ് താൽപര്യം. ചർച്ചയ്‌ക്ക് എത്തുന്നവരെ എതിരാളിയായി കണ്ട് ആക്രമിക്കണമെന്ന മനോഭാവം തനിക്കില്ലെന്നും ശ്രീജ കൂട്ടിച്ചേർത്തു.
അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോൻമുഖ റിപ്പോർട്ടിങ്, കാർട്ടൂൺ, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, ടിവി അഭിമുഖം, ടിവി ക്യാമറ, ടിവി എഡിറ്റിങ്, ന്യൂസ് റീഡിങ് എന്നിവയ്‌ക്കുള്ള അവാർഡുകളാണ് ഇന്ന് പ്രഖ്യാപിച്ചത്.
അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്ങിൽ കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി.വിമൽകുമാറിന്റെ ‘അവയവദാനത്തിന് എന്ത് സംഭവിച്ചു’ എന്ന പരമ്പരയ്ക്കാണ് അവാർഡ്. ദേശാഭിമാനി ന്യൂസ് എഡിറ്റർ ലെനി ജോസഫിന് വികസനോൻമുഖ റിപ്പോർട്ടിങ്ങിനുള്ള അവാർഡ് നേടികൊടുത്തത് പുഴകൾ പുനർജനിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടാണ്. ആദ്യ നിപ വെെറസ് ബാധയുടെ സമയത്തെടുത്ത ചിത്രത്തിന് മാതൃഭൂമിയിലെ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ സാജൻ വി.നമ്പ്യാർക്ക് പുരസ്‌കാരം ലഭിച്ചു. 2018ലെ പ്രളയവുമായി ബന്ധപ്പെട്ട ചിത്രത്തിന് മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ റിജോ ജോസഫിന് ന്യൂസ് ഫോട്ടോഗ്രഫി പ്രത്യേക ജൂറി പുരസ്‌കാരത്തിനർഹനായി. മാധ്യമത്തിലെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് വി.ആർ.രാഗേഷിനാണ് കാർട്ടൂൺ പുരസ്‌കാരം. ‘ഗാന്ധി @ 150 എന്ന കാർട്ടൂണിനാണ് അവാർഡ്.
ടിവി ന്യൂസ് റിപ്പോർട്ടിംഗിൽ ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോർട്ടർ കെ.അരുൺകുമാറിനാണ് അവാർഡ്. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള കേന്ദ്രസർക്കാർ സ്‌കോളർപ്പിഷ് തുക സൈബർ തട്ടിപ്പിലൂടെ ചിലർ കൈക്കലാക്കുന്നുവെന്ന റിപ്പോർട്ടിനാണ് അവാർഡ്. മീഡിയ വണിലെ റിപ്പോർട്ടർ ഷിദ ജഗത്തിനും ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യനും സ്‌പെഷ്യൽ ജൂറി പുരസ്‌കാരമുണ്ട്. കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ഭിന്നശേഷിക്കാരി നൂർ ജലീലയെക്കുറിച്ചുള്ള വാർത്തയ്ക്കാണ് ഷിദ ജഗത്തിന് പുരസ്‌കാരം. ആൾക്കൂട്ടാക്രമണ കേസുകളെയും അതിലെ ഇരകളുടെ ഇന്നത്തെ ജീവിതാവസ്ഥയെയും പിന്തുടർന്ന് ചെയ്ത വാർത്തയാണ് ജോഷി കുര്യനെ പുരസ്‌കാരത്തിനർഹനാക്കിയത്.
Read Also: ആ സീൻ കഴിഞ്ഞപ്പോൾ എല്ലാവരും ചോദിച്ചു എങ്ങനെയാ രാജുവേട്ടന്റെ മുഖത്തുനോക്കി ചീത്ത വിളിച്ചതെന്ന്
ടിവി അഭിമുഖത്തിനുള്ള അവാർഡിന് കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷും ഏഷ്യാനെറ്റ് ന്യൂസിലെ കോ ഓർഡിനേറ്റിങ് എഡിറ്റർ ജിമ്മി ജെയിംസും അർഹരായി. ട്രാൻസ്‌ജെൻഡർ ദമ്പതികളായ ഇഷാൻ-സൂര്യ എന്നിവരുമായി കൗമുദി ചാനലിനായി നടത്തിയ അഭിമുഖത്തിനാണ് വി.എസ്.രാജേഷിന് പുരസ്‌കാരം. ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയുമായി നടത്തിയ അഭിമുഖത്തിനാണ് ജിമ്മി ജെയിംസിന് അവാർഡ്.
ഏഷ്യാനെറ്റ് ന്യൂസിലെ ക്യാമറാമാൻ വിജേഷ് ജി.കെ.പിയ്ക്കാണ് ടിവി ന്യൂസ് ക്യാമറയ്ക്കുള്ള അവാർഡ്. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ ഗോവിന്ദന്റെ ജീവിതം ചിത്രീകരിച്ചതിനാണ് അവാർഡ്. മാതൃഭൂമി ന്യൂസിലെ ക്യാമറാമാൻ വേണു പി. എസിന് ടിവി ന്യൂസ് ക്യാമറയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.
Read Also: റേഞ്ച് റോവറിന്റെ പുതിയ പതിപ്പ് സ്വന്തമാക്കി മമ്മൂട്ടിയും ദുല്‍ഖറും; ചിത്രങ്ങൾ
മനോരമ ന്യൂസിലെ ചീഫ് വീഡിയോ എഡിറ്റർ അശോകൻ പി.ടിയ്ക്കാണ് ടിവി ന്യൂസ് എഡിറ്റിംഗിനുള്ള അവാർഡ്. പടയണിക്കോലങ്ങളുടെ നിർമാണവും പടയണിയുടെ സൗന്ദര്യാത്മകതയും അന്വേഷിക്കുന്ന ദൃശ്യങ്ങൾ ഫലപ്രദമായി സന്നിവേശിപ്പിച്ചതിനാണ് അവാർഡ്.
ബൈജു ചന്ദ്രൻ, എസ്.ആർ.സഞ്ജീവ്, നീന പ്രസാദ് എന്നിവരടങ്ങിയ ജൂറിയാണ് ദൃശ്യമാധ്യമ അവാർഡുകൾ നിർണയിച്ചത്. പി.വി.മുരുകൻ, കെ.ആർ.ബീന, കെ.രവികുമാർ, അഡ്വ.എം.എം.മോനായി, കാസിം ഇരിക്കൂർ, ലാലു ജോസഫ് എന്നിവരടങ്ങുന്ന ജൂറിയാണ് അച്ചടി മാധ്യമ അവാർഡുകൾ നിർണയിച്ചത്.
പുരസ്‌കാരങ്ങൾ ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.