സിനിമയുടെ പ്രമോഷനില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ട്രെയിലര്‍. തങ്ങളുടെ ഇഷ്ടതാരത്തിന്റെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വരുമ്പോള്‍ ആരാധകര്‍ ആഘോഷിക്കുന്നതും പതിവാണ്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഒരു ട്രെയിലര്‍ ട്രെന്റാകുന്നത് കേട്ടു പരിചയമുള്ളതല്ല.

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം സീറോയുടെ ട്രെയിലറാണ് ട്രെന്റാകുന്നത്. യൂട്യൂബില്‍ ട്രെയിലര്‍ വീണ്ടും വൈറലായിരിക്കുകയാണ്. കമന്റുകളുടെ ഏണ്ണവും കൂടിയിട്ടുണ്ട്. ചിത്രം റിലീസായി ഏതാണ്ട് ഒരു വര്‍ഷം അടുക്കുമ്പോഴാണ് ഇതെന്നതാണ് രസകരമായ വസ്തുത. കഴിഞ്ഞ ഡിസംബറിലാണ് സീറോ റിലീസ് ചെയ്തത്.

ഇതിന് പിന്നിലെ കാരണം ഇതിലും രസകരമാണ്. സീറോയുടെ ട്രെയിലര്‍ വീണ്ടും ട്രെന്റാകാന്‍ കാരണം തമിഴ് സൂപ്പര്‍ താരം വിജയിയുടെ പുതിയ ചിത്രമായ ബിഗിലാണ്. കഴിഞ്ഞ ദിവസമാണ് ബിഗിലിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ആരാധകര്‍ ആഘോഷമാക്കിയതോടെ യൂട്യൂബില്‍ ട്രെയിലറിന് ലൈക്കുകളുടെ മഴയായി മാറി.

Read More: റൗഡി കോച്ചായി വിജയ്; ബിഗിൽ ട്രെയിലർ
ഇതോടെ 1.9 മില്യണ്‍ ലൈക്കുകളാണ് ബിഗില്‍ ട്രെയിലര്‍ നേടിയത്. ലൈക്കുകളുടെ എണ്ണത്തില്‍ മുന്നിലുള്ളത് നിലവില്‍ സീറോയാണ്. ഈ റെക്കോര്‍ഡ് ബിഗില്‍ നേടുന്നതിനെതിരെ അജിത്ത് ആരാധകരാണ് ഇപ്പോള്‍ സീറോയെ വീണ്ടും ട്രെന്റാക്കിയിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ടാണ് ബിഗില്‍ ട്രെയിലര്‍ 1.9 ലൈക്ക് നേടിയത്.

തമിഴകത്തെ സൂപ്പര്‍ താരങ്ങളായ അജിത്തിന്റേയും വിജയിയുടേയും ആരാധകര്‍ തമ്മിലുള്ള പോരിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ കാണുന്നത്. വിജയ് ഫാന്‍സ് ബിഗിലിന്റെ ട്രെയിലര്‍ ആഘോഷമാക്കുമ്പോള്‍ അത് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അജിത് ആരാധകര്‍ സീറോയ്ക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook