റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 40 വർഷം പൂർത്തിയാക്കിയത് ഗംഭീരമായി തന്നെ അംബാനി കുടുംബം ആഘോഷിച്ചു. ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി അടങ്ങിയ അംബാനി കുടുംബത്തിലെ അടുത്ത തലമുറക്കാർ ആയിരുന്നു ആഘോഷ പരിപാടിയിൽ ശ്രദ്ധേയരായത്.

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബമാണ് മുകേഷ് അംബാനിയുടേത്. ലോകത്തിലെ സമ്പന്നരിലൊരാൾ കൂടിയാണ് മുകേഷ് അംബാനി. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് റിലയൻസ് മൂലമാണെന്ന് മുകേഷ് അംബാനി ചടങ്ങിൽ പറഞ്ഞു. മാത്രമല്ല റിലയൻസ് ഗ്രൂപ്പിന്രെ വിജയം തന്റെ അച്ഛന് അദ്ദേഹം സമർപ്പിക്കുകയും ചെയ്തു. ഷാരൂഖ് ഖാൻ, രൺബീർ കപൂർ അടക്കമുളള ബോളിവുഡ് താരങ്ങളും ആഘോഷ പരിപാടിയിൽ പങ്കെടുത്തു. മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും അടുത്ത സുഹൃത്ത് കൂടിയാണ് ഷാരൂഖ്.

ഷാരൂഖ് ഖാൻ ആയിരുന്നു പരിപാടിയുടെ അവതാരകൻ. അംബാനിയുടെ മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവർക്കൊപ്പം ഷാരൂഖ് സ്റ്റേജിൽ നർമ സംഭാഷണം നടത്തുകയും ചെയ്തു. അംബാനി കുടുംബത്തിലെ അടുത്ത തലമുറയോടുളള തന്റെ സ്നേഹവും ഷാരൂഖ് പ്രകടിപ്പിച്ചു. അതിൽതന്നെ അംബാനി കുടുംബത്തിലെ ജൂനിയറായ അനന്ത് അംബാനിയുമായുളള ഷാരൂഖിന്റെ നർമ സല്ലാപമാണ് കാണികളെ കൂടുതൽ ആകർഷിച്ചത്.

ഷാരൂഖിന്റെ ഓരോ ചോദ്യത്തിനും അനന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകി. ഷോയിൽ അനന്തിന് ആദ്യം ലഭിച്ച ശമ്പളം എത്രയാണെന്ന് ഷാരൂഖ് ചോദിച്ചു. ഇതിന് വളരെ സമർഥനായ അനന്ത് നൽകിയ മറുപടി കേട്ട് ഷാരൂഖ് ചിരിച്ചുപോയി.

”എന്റെ ആദ്യ ശമ്പളം 50 രൂപയായിരുന്നു. അനന്തിന്റെ ആദ്യ ശമ്പളം എത്ര”? ഇതായിരുന്നു ഷാരൂഖിന്റെ ചോദ്യം. ഇതിന് അനന്തിന്റെ മറുപടി ഇങ്ങനെ: ”വിട്ടേക്കൂ. ഞാൻ അത് പറഞ്ഞാൽ നിങ്ങൾ വിഷമിക്കും”.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ