ചലച്ചിത്ര താരം ശ്രീദേവിയുടെ വിയോഗം ചലച്ചിത്ര ലോകവും ആരാധകരും ഞെട്ടലോടെയാണ് കേട്ടത്. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ദുബായിലെ ഹോട്ടലിലെ ബാത്ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെളളം കയറിയാണ് നടി മരിച്ചത്. മരണത്തിന് പിന്നാലെ നടിയുടെ ജീവിതരീതിയെ ഇഴകീറി പരിശോധിക്കുന്ന പോസ്റ്റുകളും ഫെയ്സ്ബുക്കില്‍ നിറഞ്ഞിരുന്നു. ചുളിവ് മാറുന്നതിനായി ചെയ്യാറുളള ബോട്ടോക്സ് ഇഞ്ചക്ഷനും മുഖത്ത് ചെയ്യാറുളള ശസ്ത്രക്രിയകളും നടിയുടെ അകാലത്തിലുളള മരണത്തിന് കാരണമായെന്ന് വരെ പ്രചരണമുണ്ടായി.

എന്നാല്‍ ദുബായ് പൊലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് റിപ്പോര്‍ട്ടും പുറത്ത് വിട്ടതോടെ ഊഹാപോഹങ്ങള്‍ക്ക് അറുതിയായി. യാദൃശ്ചികമായുണ്ടായ വീഴ്ചയില്‍ ബാത്ടബ്ബില്‍ മുങ്ങിയാണ് നടി മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സോഷ്യല്‍മീഡിയയില്‍ പിന്നീടുളള അപവാദ പ്രചരണങ്ങള്‍ക്ക് അറുതി വന്നെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത് ആഘോഷമാക്കുകയായിരുന്നു.

എരിവുളള റിപ്പോര്‍ട്ടുകള്‍ കാണാന്‍ പ്രേക്ഷകരുണ്ടാകുമെന്ന തിരിച്ചറിവില്‍ നടിയുടെ മരണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് പൊലീസ് പറയും മുമ്പേ മാധ്യമങ്ങള്‍ അന്വേഷിച്ചിറങ്ങി. ശ്രീദേവിയുടെ അവസാന 15 മിനിറ്റിലെ ബാത്ത്റൂം നിമിഷങ്ങള്‍ തങ്ങള്‍ പുനരാവിഷ്കരിക്കാമെന്നാണ് പ്രേക്ഷകരോട് പറഞ്ഞത്. ശ്രീദേവിയുടെ ചിത്രം ബാത്ത്‍റൂമില്‍ തൂക്കി ഇട്ടിരിക്കുന്ന ദൃശ്യം ഉണ്ടാക്കിയാണ് ആജ്തക് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.

ശ്രീദേവി ബാത്ടബ്ബില്‍ മരിച്ച് കിടക്കുന്ന രീതിയില്‍ ചിത്രം മോര്‍ഫ് ചെയ്താണ് തെലുങ്ക് ടിവി 9 പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ശ്രമിച്ചത്. കൂടാതെ ബോണി കപൂര്‍ മൃതദേഹത്തിന് അടുത്ത് നിന്ന് നോക്കുന്നതായും ഗ്രാഫിക്സില്‍ എഡിറ്റ് ചെയ്തു. ടൈംസ് നൗ അടക്കമുളള ഇംഗ്ലീഷ് ചാനലുകളും നടിയുടെ മരണം അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കുകയായിരുന്നു. റിപ്പബ്ലിക് ടിവിയിൽ അഭിമുഖത്തിന് എത്തിയ ഗസ്റ്റുകള്‍ സുനന്ദ പുഷ്കറിന്റെ മരണത്തോടാണ് ശ്രീദേവിയുടെ മരണത്തെ സാമ്യപ്പെടുത്തിയത്. ശശി തരൂരിനെതിരായ ചര്‍ച്ചകള്‍ ഇതോടെ വീണ്ടും കൊഴുപ്പിക്കുമെന്ന ധ്വനിയാണ് ചര്‍ച്ചയില്‍ നിറഞ്ഞത്.

എന്നാല്‍ മാധ്യമപ്രവര്‍ത്തന ധാര്‍മ്മികതയുടെ മുകളില്‍ കസേരയിട്ടിരുന്നത് തെലുങ്ക് ചാനലായ മഹാ ന്യൂസ് ആണ്. ചാനലിന്റെ ക്രൈം ബ്യൂറോ ചീഫ് ബാത്ത്റൂം അന്വേഷണം തന്നെ സംപ്രേഷണം ചെയ്തു. ‘ബാത്ടബ്ബിലേക്ക് ശ്രീദേവി വഴുതി വീണതാണോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും സംഭവിച്ചതാണോ?’ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം അന്വേഷണം ആരംഭിച്ചത്. മൂന്ന് അടി നീളവും രണ്ടടി വിസ്തീര്‍ണവുമുളള ബാട്തബ്ബില്‍ ഒരാള്‍ മുങ്ങി മരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും ഇദ്ദേഹം പറയുന്നു. കൂടാതെ ബാത്ടബ്ബില്‍ കിടന്ന് ഇദ്ദേഹം ഇതിന്റെ സാധ്യത എത്രത്തോളമാണെന്ന് പരിശോധിക്കുന്നുമുണ്ട്.

‘ആരെങ്കിലും ഇടപെട്ടാണോ ശ്രീദേവി മുങ്ങിമരിച്ചത്?’ എന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. ഇനി ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കില്‍ എപ്രകാരമായിരിക്കാം ശ്രീദേവി കൊല്ലപ്പെട്ടതെന്നും ഇയാള്‍ കാണിക്കുണ്ട്. സോഷ്യല്‍മീഡിയയില്‍ ഇതിനകം തന്നെ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook