ഓര്‍മ്മകള്‍ നിലയ്ക്കുന്നില്ല. ആദരങ്ങളും. ചലച്ചിത്ര താരം ശ്രീദേവി വിടവാങ്ങിയിട്ട് ആഴ്ചകളോളം കഴിഞ്ഞിട്ടും ആരാധകരുടെ മനസ്സൊഴിയുന്നില്ല. ലോകമെമ്പാടുമുള്ള ശ്രീദേവി ആരാധകര്‍ പ്രിയ താരത്തിന് തങ്ങളുടേതായ രീതിയില്‍ ‘ട്രിബ്യൂട്ടുകള്‍’ ഒരുക്കികൊണ്ടിരിക്കുകയാണ്. ഇസ്താംബൂളില്‍ നിന്നുള്ള ഒരു ‘കോഫി ആര്‍ട്ട്‌’ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടുന്നത്. നടന്‍ അനുപം ഖേര്‍ ട്വിറ്ററില്‍ പങ്കു വച്ചതാണിത്.

വാട്ട്‌സാപ്പില്‍ കിട്ടിയ സന്ദേശം എന്ന് കുറിച്ച് അനുപം ഖേര്‍ പങ്കു വച്ച ഈ വീഡിയോ എന്നാല്‍ ശ്രീദേവിയുടേത് അല്ല എന്നും വാര്‍ത്തകളുണ്ട്.

കാപ്പിയുടെ മുകളില്‍ നടത്തുന്ന ചിത്രരചനയ്ക്കാണ് ‘കോഫീ ആര്‍ട്ട്‌’ അല്ലെങ്കില്‍ ‘ലാറ്റെ ആര്‍ട്ട്‌’ എന്ന് പറയുന്നത്. 80കളിലും 90കളിലും അമേരിക്കന്‍ പ്രചാരം നേടിയ ‘ലാറ്റെ ആര്‍ട്ടി’ന്‍റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത് ഡേവിഡ്‌ ഷോമാര്‍ ആണ്. ക്രീം, കാപ്പിക്കുരുവില്‍ നിന്നെടുക്കുന്ന എണ്ണ, എന്നിവയുപയോഗിച്ചാണ് കോഫിയുടെ പ്രതലത്തില്‍ വരയ്ക്കുന്നത്.

കാണാം: മരിച്ചിട്ടും മായാത്ത ശ്രീ, ശ്രീദേവിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍

വിഖ്യാതമായ ‘ലംഹെ’ ഉള്‍പ്പടെ ധാരാളം ചിത്രങ്ങളില്‍ അനുപം ഖേറുമൊത്ത് വേഷമിട്ടിട്ടുണ്ട് ശ്രീദേവി. ഇപ്പോള്‍ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടറും കൂടിയായ ആയ അനുപം ഖേര്‍ മരണം അറിഞ്ഞ് ശ്രീദേവിയുടെ വസതിയില്‍ എത്തിയിരുന്നു. ശ്രീദേവിയുടെ ഓര്‍മ്മയില്‍ ഖേര്‍ ‘ലംഹെ’യില്‍ ശ്രീദേവിയുമായുള്ള ഒരു ചിത്രം പങ്കു വച്ച് ഇങ്ങനെ കുറിച്ചു. “ശ്രീദേവിയെ ഞാന്‍ എന്നും ഇങ്ങനെയായിരിക്കും ഓര്‍ക്കുക, അപൂര്‍വ്വമായ ഒരു സൗന്ദര്യവും സന്തോഷവുമായി, അത്യുജ്ജ്വലമായ ഒരു സാന്നിധ്യമായി…

അനുപം ഖേറും ശ്രീദേവിയും, ചിത്രം. ലംഹെ

വായിക്കാം: ശ്രീദേവിയുടെ അഭിനയജീവിതത്തിലെ വെല്ലുവിളിയായ ‘ലംഹെ’

ഫെബ്രുവരി 24നാണ് ദുബായിലെ നക്ഷത്ര ഹോട്ടലിലെ ബാത്ത് ടബ്ബില്‍ നടി ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവും ആരാധകലോകവും ആ ഷോക്കില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല എന്നാണ് ഈ ‘കോഫി ആര്‍ട്ട്’ ഉള്‍പ്പടെ തെളിയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ